Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightകാർഷിക പാരമ്പര്യത്തെ...

കാർഷിക പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന ഈത്തപ്പഴ വിളവെടുപ്പുത്സവങ്ങൾ

text_fields
bookmark_border
കാർഷിക പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന ഈത്തപ്പഴ വിളവെടുപ്പുത്സവങ്ങൾ
cancel

മസ്കത്ത്: കാർഷിക പാരമ്പര്യങ്ങളുടെയും സാമൂഹിക കെട്ടുറപ്പിന്റെയും സമ്പന്നമായ പൈതൃകത്തിന്റേയുമെല്ലാം തുറന്ന പ്രദർശനമാണ് ഒമാനിലെ ഈത്തപ്പഴ വിളവെടുപ്പുത്സവങ്ങൾ. വിളവെടുപ്പിന്റെ ഓരോ ഘട്ടങ്ങളെയും കഠിനാധ്വാനികളായ ഒമാനികൾ ആഘോഷപൂർണമാക്കുന്നു. പ്രാദേശികമായി അൽ ഖൈദ് എന്നറിയപ്പെടുന്ന സീസൺ മേയ് അവസാനത്തോടെ ആരംഭിച്ച് ആഗസ്റ്റ് അവസാനം വരെ നീണ്ടുനിൽക്കും. ഈത്തപ്പഴങ്ങൾക്ക് ഈ കാലയളവിൽ നിരന്തരമായ പരിചരണം ആവശ്യമുള്ളതിനാൽ ഭൂരിഭാഗം കുടുംബങ്ങളും ഗ്രാമങ്ങളിൽനിന്ന് വിട്ടുനിൽക്കാറില്ല.






വിളവെടുപ്പ് അടുത്താൽ ഈന്തപ്പനയിലെ ഉണങ്ങിയ ഓലകളും മറ്റും ആദ്യം മുറിച്ചുമാറ്റും. അൽ ഹിദാർ എന്നറിയപ്പെടുന്ന ഈ പ്രക്രിയ കീടബാധയുടെ സാധ്യത കുറക്കാനുള്ളതാണ്. പിന്നീട് താഴെയുള്ള ഇലകൾ കയറുപയോഗിച്ച് ഈന്തപ്പനയുടെ തണ്ടിനോട് ചേർത്ത് കെട്ടും. ഫലത്തിന് ഭാരമേറുമ്പോൾ അവയെ സുരക്ഷിതമായി നിലനിർത്തുന്ന ഈ രീതിയെ അൽ തഹ്ദീർ എന്നാണ് വിളിക്കുന്നത്. കൃത്യമായ ഇടവേളകളിൽ ഈന്തപ്പനയിൽ കയറി പഴങ്ങൾ പറിച്ചെടുക്കുന്ന പ്രക്രിയയാണ് അൽ ഖെറാഫ്. കയറുപയോഗിച്ച് പനയിൽനിന്ന് വെട്ടിയിറക്കുന്ന രീതിയാണിത്. ഒരു ഇനം ഈന്തപ്പനയുടെ വിളവെടുപ്പ് പൂർത്തിയാക്കാൻ നാല് ആഴ്ചയിലധികം സമയം ആവശ്യമായി വരുമെന്നാണ് കണക്കുകൂട്ടൽ. 'അൽ ജദാദ്' എന്ന ഘട്ടത്തിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഒരുമിച്ച് വിളവെടുപ്പിൽ പങ്കുചേരും. കഠിനമായ ജോലിയുടെ ക്ഷീണം കുറക്കാൻ കർഷകർ നാടൻ പാട്ടുകളിൽ മുഴുകുന്നതും പതിവാണ്. സാമൂഹിക ഐക്യത്തെയാണ് അൽ ജദാദ് വെളിപ്പെടുത്തുന്നത്.



വിളവെടുപ്പിന് ശേഷം ഈത്തപ്പഴങ്ങൾ ഫാമുകൾക്ക് സമീപമുള്ള തുറസ്സായ പ്രദേശങ്ങളിലേക്ക് കൊണ്ടുപോകും. കളിമണ്ണിൽ തേച്ച് നിർമിച്ച അടുപ്പിന് മുകളിൽ വലിയ പാത്രത്തിൽ ഈന്തപ്പഴമിട്ട് വിറക് ഉപയോഗിച്ച് കത്തിക്കും. അര മണിക്കൂർ ഈന്തപ്പഴം പുഴുങ്ങിയെടുക്കും. തുടർന്ന് ഇത് നാലോ അഞ്ചോ ദിവസം വലിയ പായകളിൽ നിരത്തി സൂര്യപ്രകാശത്തിൽ ഉണക്കും. ഈ ഘട്ടത്തെയാണ് 'അൽ തസ്തീഹ്' എന്ന് വിളിക്കുന്നത്. കേടായ ഈത്തപ്പഴങ്ങൾ വേർതിരിച്ച് മൃഗങ്ങൾക്ക് നൽകാറുമുണ്ട്.

വൃത്തിയാക്കി തെരഞ്ഞെടുത്ത ഈത്തപ്പഴങ്ങൾ ഈന്തപ്പനയുടെ ഇലകൾ കൊണ്ടുള്ള പാത്രങ്ങളിലോ മൺപാത്രങ്ങളിലോ പ്ലാസ്റ്റിക് പാത്രങ്ങളിലോ അടുക്കിവെക്കുന്നതാണ് അടുത്ത ഘട്ടം. ഈ അവസാന ഘട്ടമാണ് അൽ കെനാസ്. മുൻകാലങ്ങളിൽ ഈത്തപ്പഴങ്ങൾ ഈന്തപ്പനയുടെ ഇലകൾ കൊണ്ട് നിർമ്മിച്ച പാത്രങ്ങളിൽ നിറച്ച് ഇരുണ്ട മുറികളിൽ സൂക്ഷിക്കാറുണ്ടായിരുന്നു. അവയിൽനിന്നും ഊർന്നൊലിക്കുന്ന മധുരമുള്ള ഈത്തപ്പഴ നീര് ശേഖരിക്കും. അൽ ദിബ്സ എന്നാണ് ഇതിനെ വിളിക്കുന്നത്. ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ വ്യാപകമായി പിന്തുടരുന്ന ഈ പരമ്പരാഗത രീതി, രാജ്യത്തിന്റെ കാർഷിക പൈതൃകത്തിന്റെയും ജീവിതരീതിയുടെയും അടയാളപ്പെടുത്തലാണ്.



ഇന്ത്യയിൽ ജനപ്രീതിയുള്ള ഈത്തപ്പഴം

ഒമാനി ഈത്തപ്പഴങ്ങൾക്ക് ഇന്ത്യയിൽ വലിയ ജനപ്രീതിയും വിപണിയുമുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ ഈത്തപ്പഴം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിലേക്ക് ഒമാൻ ദശലക്ഷക്കണക്കിന് ഡോളറിന്റെ ഈത്തപ്പഴമാണ് വർഷം തോറും കയറ്റി അയക്കുന്നത്. ഒമാന്റെ ഏറ്റവും പ്രധാനപ്പെട്ട ഈത്തപ്പഴ കയറ്റുമതി വിപണി കൂടിയാണ് ഇന്ത്യ. രാജ്യമൊട്ടാകെയുള്ള ഡ്രൈ ഫ്രൂട്ട്‌സ് മാർക്കറ്റുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഒമാനി ഈത്തപ്പഴങ്ങൾക്ക് പ്രത്യേകം ആവശ്യക്കാരുണ്ട്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒമാനി ഇനമാണ് ഫർദ്. ഇതിന്റെ കടും തവിട്ടുനിറവും, അധികം മധുരമില്ലാത്ത സ്വാദും, ചവച്ചരച്ച് കഴിക്കാൻ പാകത്തിലുള്ള ഘടനയും ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കാരമൽ പോലെയുള്ള മധുരം കാരണം ഒമാനി 'ഖലാസും' ഇന്ത്യൻ വിപണികൾ കീഴടക്കിയിട്ടുണ്ട്. സൗദി അറേബ്യയിൽ നിന്നുള്ള 'അജ്‍വ', ജോർഡനിൽ നിന്നുള്ള 'മെദ്ജൂൽ' തുടങ്ങിയ പ്രീമിയം ഈത്തപ്പഴങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒമാനി ഫർദ്, ഖലാസ് ഈത്തപ്പഴങ്ങൾക്ക് വില വളരെ കുറവാണ്. മികച്ച ഗുണനിലവാരവും മിതമായ വിലയും ഒത്തുചേരുന്നതിനാൽ സാധാരണക്കാർക്ക് ദിവസേന കഴിക്കാൻ ഇവ വളരെ അനുയോജ്യമാണ്. ഇന്ത്യയിൽ റമദാൻ കാലത്ത് ഒമാനി ഈത്തപ്പഴങ്ങൾക്ക് വലിയ ഡിമാൻഡ് ഉണ്ടാകാറുണ്ട്. കൂടാതെ, ദീപാവലി പോലുള്ള ഉത്സവങ്ങളിൽ സമ്മാനങ്ങൾ നൽകാനും, പൂജകൾക്കും, ആരോഗ്യകരമായ ലഘുഭക്ഷണമായും ഇവയെ ഉൾപ്പെടുത്തുന്നു. ഇന്ത്യയും ഒമാനും തമ്മിൽ നിലവിൽ വന്ന സ്വതന്ത്ര വ്യാപാര കരാർ ഒമാനി ഈത്തപ്പഴങ്ങളുടെ ജനപ്രീതി ഇനിയും വർധിപ്പിക്കും. ഈ കരാർ പ്രകാരം 2,000 ടൺ വരെയുള്ള ഒമാനി ഈത്തപ്പഴങ്ങൾക്ക് വർഷത്തിൽ ഇന്ത്യ ചുമത്തിയിരുന്ന 30 ശതമാനം ഇറക്കുമതി തീരുവ ഒഴിവാക്കിയിട്ടുണ്ട്. ഇത് ഇന്ത്യൻ വിപണിയിൽ ഒമാനി ഈത്തപ്പഴങ്ങൾ കൂടുതൽ വിലക്കുറവിൽ ലഭ്യമാക്കാൻ സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dates harvestgulfnewsOmanagriculturegulfnewsmalayalam
News Summary - Date palm harvesting festivals that mark agricultural tradition
Next Story