കറിവേപ്പ് വളർത്താം ഇങ്ങനെ...
text_fieldsഭക്ഷണം കഴിക്കുമ്പോൾ ഒഴിവാക്കുമെങ്കിലും അടുക്കളത്തോട്ടത്തിൽനിന്ന് മാറ്റിനിർത്താൻ കഴിയില്ല കറിവേപ്പിലയെ. കറികളുടെയും മറ്റ് ഭക്ഷ്യവിഭവങ്ങളുടെയും രുചിക്കും മണത്തിനും കറിവേപ്പിലകൾക്ക് പകരംവെക്കാൻ മറ്റൊന്നില്ല. അൽപം ശ്രദ്ധിച്ചാൽ നമുക്കാവശ്യമുള്ള കറിവേപ്പില വീട്ടിൽ കൃഷി ചെയ്യാം.
നടീൽ
വിത്ത് മുളപ്പിച്ചും വേരിൽനിന്ന് കിളിർക്കുന്ന തൈകൾ നട്ടും കൃഷി ചെയ്യാം. ധാരാളം ഇലകളുള്ളതും നല്ല മണമുള്ളതുമാവണം തായ്ച്ചെടി. അവയിൽനിന്നുള്ള വിത്ത് മുളപ്പിച്ചോ തൈകളോ നടാം. രോഗമില്ലാത്ത ചെടികളാണെന്ന് ഉറപ്പാക്കണം.
നീർവാർച്ചയുള്ള മണ്ണും ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലവുമാണ് ചെടി നടാൻ നല്ലത്. മണ്ണിൽ ജൈവവളവും ചകിരിച്ചോറും ചേർക്കണം. മിതമായ അളവിലേ വെള്ളം വേണ്ടൂ. വീട്ടാവശ്യത്തിനാണെങ്കിൽ ഗ്രോ ബാഗുകളിൽ നട്ടാലും മതി.
ഇലയാണ് വിളയെന്നതിനാൽ കൃത്യമായ ഇടവേളകളിൽ കൊമ്പുകോതൽ നടത്തണം. കീടബാധ കണ്ടാൽ വേപ്പിൻകുരു സത്ത് നേർപ്പിച്ച് തളിക്കാം. വേരുചീയൽ ഒഴിവാക്കാൻ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം.
ശ്രദ്ധിക്കാം
തൈകൾക്ക് ഒരു വർഷമെങ്കിലും പ്രായമെത്തിയാൽ മാത്രമേ വിളവെടുക്കാവൂ. ഇലകൾക്ക് പകരം ചെറിയ കൊമ്പ് പൊട്ടിച്ചെടുക്കുന്നതാണ് നല്ലത്. കൂടുതൽ തളിരുകൾ വരാനും വിളവ് കൂടാനും ഇത് ഉപകരിക്കും. ജീവകങ്ങളും ധാതുക്കളും നാരുകളും ധാരാളമായി അടങ്ങിയതിനാൽ ഇവയുടെ ഉപയോഗം ദഹനത്തിനും മുടിയുടെയും ചർമത്തിന്‍റെയും ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

