കുറ്റ്യാടി തെങ്ങ് വികസനത്തിന് സമഗ്ര പദ്ധതി
text_fieldsകുറ്റ്യാടി തെങ്ങ്
കുറ്റ്യാടി: നാളികേര ഉൽപാദനം കുറയുന്നതും വെളിച്ചെണ്ണ വില കുതിച്ചുയരുന്നതും പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ, കുറ്റ്യാടി തെങ്ങിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കുന്നുമ്മൽ ബ്ലോക്കിൽ നടപ്പാക്കാൻ സമഗ്ര തെങ്ങു വികസന പരിപാടിക്ക് സർക്കാർ രൂപം നൽകിയതായി കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ അറിയിച്ചു.
കാലാവസ്ഥ വ്യതിയാനം, ഭൂവിനിയോഗ മാറ്റം, രോഗ കീടബാധകൾ, അശാസ്ത്രീയമായ കൃഷിരീതി, കൃഷി ചെലവ് വർധന തുടങ്ങിയവയാണ് ഉൽപാദന മാന്ദ്യത്തിന് കാരണമായി കണ്ടെത്തിയത്. ഉയർന്ന ഗുണമേന്മയും ഉൽപാദനക്ഷമതയുമുള്ളതാണ് കുറ്റ്യാടി തെങ്ങ്.
പ്രാദേശിക ഭരണകൂടം, ദേശീയ-സംസ്ഥാന സർക്കാർ വകുപ്പുകൾ, കർഷകർ, വനിത കൂട്ടായ്മകൾ എന്നിവരുടെ പിന്തുണയോടെ നടപ്പിലാക്കുന്ന പദ്ധതി നാളീകേര മേഖലക്ക് പുത്തനുണർവ് നൽകുമെന്നും കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്ന പദ്ധതി കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മത് കുട്ടി, നാദാപുരം എം.എൽ.എ ഇ.കെ. വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് ആവിഷ്കരിച്ചത്. മുഖ്യമന്ത്രിയുടെ ഭൂവിനിയോഗ വകുപ്പിനാണ് പദ്ധതിയുടെ ഏകോപന ചുമതല.
ആദ്യഘട്ടമായാണ് ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കർഷക കൂട്ടായ്മകളുടെയും ഏകോപനം ഉറപ്പാക്കി കുറ്റ്യാടി കേരസമൃദ്ധി മിഷൻ നടപ്പാക്കുന്നത്. കൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങൾ കണ്ടെത്തൽ, തരിശുഭൂമികളുടെ മാപ്പിങ്, കേരകൃഷി വ്യാപനം, വിഭവ ആസൂത്രണം എന്നിവക്കൊപ്പം കുറ്റ്യാടി തെങ്ങിന്റെ നിലവിലെ കൃഷി വിസ്തൃതി കണ്ടെത്തൽ, നാളികേര കർഷക ഡേറ്റ ബേസ് നിർമാണം, പങ്കാളിത്ത ഏജൻസികളുടെ ഏകോപനം എന്നിവയും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്.
കൃഷിവകുപ്പ്, ദേശീയ ഹോർട്ടികൾച്ചർ മിഷൻ, സംസ്ഥാന കൾച്ചർ മിഷൻ, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, നാളികേര വികസന ബോർഡ്, കുടുംബശ്രീ മിഷൻ, കർഷക ഉൽപാദക സംഘടനകൾ, പ്രാദേശിക ഭരണകൂടങ്ങൾ എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക.
സംസ്ഥാന കൃഷി വകുപ്പ് കുറ്റ്യാടി മലയോരത്തുനിന്നാണ്വർഷന്തോറും വിത്തുനാളീകേരം സംഭരിക്കുന്നത്. ആഗസ്റ്റ് രണ്ടാംവാരം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

