‘പിടക്കുന്ന മത്സ്യം’ ലഭ്യമാക്കാൻ ബയോഫ്ലോക് പദ്ധതിയുമായി മുക്കം നഗരസഭ
text_fieldsമുക്കം: നഗരസഭയിലെ 30 കർഷകരുടെ നേതൃത്വത്തിൽ ഇസ്രായേൽ സാങ്കേതികവിദ്യയായ ബയോഫ്ലോക്കിലൂടെ മത്സ്യകൃഷിയിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് മുക്കം നഗരസഭ. മത്സ്യങ്ങളെയും സൂക്ഷ്മാണുക്കളെയും ഒരുമിച്ച് വളർത്തി ഉയർന്ന വിളവെടുപ്പ് ലഭിക്കുന്ന പദ്ധതിയാണിത്. ശുദ്ധമായ ‘പിടക്കുന്ന മത്സ്യം’ എതുസമയത്തും ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ഭൂ നിരപ്പിൽ നിന്ന് ഒരു മീറ്റർ ഉയരത്തിൽ ഇരുമ്പ് ഫ്രെയിമൊരുക്കി നൈലോൺ ഷീറ്റിട്ടാണ് ടാങ്ക് നിർമിക്കുന്നത്. ആവശ്യമെങ്കിൽ അഴിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ കഴിയും വിധമാണ് ടാങ്കിെൻറ രൂപഘടന. കാൽ സെൻറ് സ്ഥലത്ത് 1,200 മത്സ്യങ്ങളെ വരെ വളർത്താമെന്നതാണ് മുഖ്യസവിശേഷത. മത്സ്യതീറ്റയുടെ ബാക്കിയും, കാഷ്ടത്തിലെ ഖര മാലിന്യവും ഭക്ഷണമാക്കുന്ന ലാക്ടോ ബാസിലസ് എന്ന ഇനം ബാക്റ്റീരിയയെ ടാങ്കിൽ മത്സ്യങ്ങൾക്കൊപ്പം വളർത്തുകയാണ് ബയോഫ്ലോകിെൻറ രീതി. വെള്ളം ശുദ്ധമായി സൂക്ഷിക്കുന്ന ഈ ബാക്റ്റീരിയ മൽസ്യങ്ങളുടെ ഇഷ്ടപെട്ട ഭക്ഷമാണ്. അതിനാൽ തീറ്റയിനത്തിൽ മുപ്പതു ശതമാനം വരെ ലാഭം കർഷകന് ലഭിക്കുന്നു.

‘ഗിഫ്റ്റ് തിലാപിയ’ വർഗത്തിലെ മത്സ്യങ്ങളാണ് പ്രധാനമായും കൃഷിചെയ്യുന്നത്. മുത്ത്, ചിപ്പി കർഷകരും ഇത്തരമൊരു രീതിയാണ് അവലംബിക്കുന്നത്. വനാമി ചെമ്മീൻ, മലേഷ്യൻ വാള, ആനബസ്, നട്ടർ, കാരി, രോഹു മുതലായ മത്സ്യങ്ങളും ഇതിൽ കൃഷി ചെയ്യാം. മത്സ്യങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ഉറപ്പാക്കാനുള്ള ഏയിറേറ്റഡ് മോട്ടോറും ഇത് മുടങ്ങാതെ പ്രവർത്തിക്കാൻ ചെറിയ ഇൻവെർട്ടർ യൂനിറ്റും സ്ഥാപിക്കേണ്ടതുണ്ട്.
ഒരു കിലോ മത്സ്യം ഉത്പാദിപ്പിക്കാനുള്ള തീറ്റ ചിലവും മത്സ്യ കുഞ്ഞിെൻറ വിലയും വൈദ്യുതി ചാർജും പരിപാലനവുമടക്കം 70-80 രൂപ ചെലവ് വരും. ഒരു ടാങ്കിൽ നിന്ന് 350 മുതൽ 450 കിലോ വരെ ഉത്പാദനം ലഭിക്കും. മത്സ്യങ്ങളെ ജീവനോടെ കൃഷിയിടത്തിൽ നിന്നും വിൽക്കുമ്പോൾ കിലോക്ക് കുറഞ്ഞത് 250 രൂപ ലഭിക്കും. ചുരുക്കത്തിൽ നല്ല പരിപാലനം നൽകിയാൽ ആദ്യ വിളവ് കൊണ്ട് തന്നെ മുടക്കു മുതലിെൻറ 90 ശതമാനവും തിരികെ പിടിക്കാനാകും.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് മുക്കം നഗരസഭ ബയോഫ്ലോക് വിദ്യ നടപ്പാക്കുന്നത്. ഒരു യൂനിറ്റ് ആരംഭിക്കാൻ 1,38000 രൂപയാണ് ചിലവ് കണക്കാക്കുന്നത്. ഇതിൽ 55,200 രൂപ നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്ന് സബ്സിഡിയായി നൽകും. കർഷകർക്കുള്ള പരീശിലനവും സാങ്കതിക സഹായവും ഫിഷറീസ് വകുപ്പ് നൽകും. ബയോഫ്ലോക്കിനു പുറമേ വീട്ടുവളപ്പിലെ മൽസ്യകൃഷി പ്രോൽസാഹിപ്പിക്കുന്നതിനും മുക്കം നഗരസഭക്ക് പദ്ധതിയുണ്ട്. ആകെ 1,31,00000 രൂപയാണ് ഈ പദ്ധതികൾക്കായി നഗരസഭയുടെ നീക്കിയിരിപ്പ്.
നഗരസഭയിലെ ആദ്യ ബയോഫ്ലോക് നിർമിക്കുന്ന അഗസ്ത്യമുഴിയിലെ ജെയിംസ് കോണിക്കലിെൻറ ഫാമിെൻറ നിർമാണ പുരോഗതി നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ, വികസനകാര്യ ചെയർമാൻ കെ.ടി ശ്രീധരൻ നഗരസഭാ സെക്രട്ടറി എൻ. കെ ഹരീഷ് എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
