മൂത്രം വളമായി ഉപയോഗിക്കുന്ന യു.എസിലെ കർഷകർ
text_fieldsപുരാതന റോമിലും ചൈനയിലും കൃഷിക്ക് വളമായി മൂത്രം ഉപയോഗിച്ചിരുന്നെന്ന് ചരിത്രം പറയുന്നു. പിന്നീട് പലയിടത്തും ഈ രീതി അവസാനിച്ചു. എന്നാൽ, മൂത്രം വളമായി ഉപയോഗിക്കുന്ന രീതി ഇന്നും സജീവമായി തുടരുന്ന ഒരു സ്ഥലമുണ്ട്. യു.എസ് സംസ്ഥാനമായ വെർമോണ്ടിലാണ് കർഷകർ മൂത്രം കൃഷികൾക്ക് നൽകുന്നത്. ഏറെ ഫലപ്രദമാണ് മൂത്രപ്രയോഗമെന്നാണ് ഇവിടുത്തെ കർഷകർ പറയുന്നത്.
കഴിഞ്ഞ 12 വർഷമായി വെർമോണ്ടിലെ കർഷകർ മൂത്രം പ്രയോഗിക്കുന്നുണ്ട്. മൂത്രത്തിലൂടെ ഒരുപാട് പോഷകഘടകങ്ങളും പുറന്തള്ളുന്നുണ്ടെന്നും ഇത് കൃഷിക്ക് നല്ലതാണെന്നുമാണ് ഇവരുടെ വാദം. റിച്ച് എർത്ത് ഇൻസ്റ്റിറ്റ്യൂട്ട് (REI) എന്ന എൻ.ജി.ഒയുടെ കീഴിൽ മൂത്രത്തിലെ പോഷകം വീണ്ടെടുക്കൽ പരിപാടി (UNRP) എന്നൊരു പദ്ധതി തന്നെ നടപ്പാക്കുന്നുണ്ട് ഇവിടെ. ഇവരാണ് കൃഷിയിലെ മൂത്രപ്രയോഗത്തിന് ആവശ്യമായ മാർനിർദേശങ്ങൾ നൽകുന്നത്.
വെർമോണ്ടിലെ വിന്ധം കൗണ്ടിയിലെ കർഷകയായ ബെസ്റ്റി വില്യംസ് മൂത്രം കൃഷിക്കായി ഉപയോഗിക്കാറുണ്ട്. ഇവരും സമീപത്തെ 250ഓളം വരുന്ന കർഷകകൂട്ടായ്മയും ചേർന്ന് 45,400 ലിറ്റർ മൂത്രമാണ് യു.എൻ.ആർ.പിക്ക് നൽകിയത്. ടാങ്കുകളിൽ ശേഖരിക്കുന്ന മൂത്രം ലോറികളിലാക്കി പ്ലാന്‍റിലേക്ക് കൊണ്ടുപോകും. ഇത് പാസ്ചുറൈസേഷന് വിധേയമാക്കിയാണ് കർഷകർക്ക് ലഭ്യമാക്കുന്നത്. ഇത് നേരിട്ട് കൃഷിയിടത്തിൽ തളിക്കുകയാണ് ചെയ്യുക.
മൂത്രത്തിൽ അടങ്ങിയിരിക്കുന്ന നൈട്രജനും ഫോസ്ഫറസുമാണ് വളത്തിന്‍റെ ഗുണം നൽകുന്നത്. സിന്തറ്റിക് വളങ്ങളിലും ഉപയോഗിക്കുന്നത് ഇതേ ഘടകങ്ങളാണ്. സിന്തറ്റിക് വളങ്ങൾക്കായി നൈട്രജനും ഫോസ്ഫറസും ഉൽപ്പാദിപ്പിക്കുന്നത് ചെലവേറിയതും വിഷപദാർഥങ്ങൾ പുറന്തള്ളുന്നതുമായ പ്രവർത്തനമാണെന്നും, അതിനാൽ ഇതിന് പകരമായി മൂത്രം ഉപയോഗിക്കുന്നത് പരിസ്ഥിതി സൗഹൃദമാണെന്നും ബെസ്റ്റി വില്യംസ് പറയുന്നു.
മിഷിഗൺ സർവകലാശാലയിലെ സിവിൽ ആൻഡ് എൻവയോൺമെന്റൽ എഞ്ചിനീയറിങ് പ്രഫസർ നാൻസി ലവ് റിച്ച് എർത്ത് ഇൻസ്റ്റിറ്റ്യൂട്ട് ടീമുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. സാധാരണ സിന്തറ്റിക് വളത്തിന് പകരം മൂത്രം ഉപയോഗിക്കുന്നത് ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കുന്നുവെന്ന് ഇവർ പറയുന്നു. മൂത്രം കൃഷിക്കായി ശേഖരിക്കുന്നതിനാൽ കർഷകർക്ക് ടോയ്‍ലെറ്റ് ഫ്ലഷ് ചെയ്യേണ്ടിവരുന്നില്ല. ഇതുവഴി 2012 മുതൽ 10.2 ദശലക്ഷം ലിറ്റർ വെള്ളത്തിന്‍റെ ഉപയോഗം കുറക്കാനായെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
മൂത്രം കൃഷിക്ക് ഉപയോഗിക്കുന്നതിലൂടെ ഒരുപാട് പരിസ്ഥിതി നേട്ടങ്ങളുണ്ടെന്ന് റിച്ച് എർത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജമിന പുഷ്പാക് പറയുന്നു. മൂത്രം സാധാരണഗതിയിൽ മാലിന്യ പ്ലാന്‍റുകളിൽ ശുദ്ധീകരിച്ച് വെള്ളം പുറത്തേക്ക് കളയുമ്പോൾ ഇതിലെ നൈട്രജൻ, ഫോസ്ഫറസ് അംശം നിലനിൽക്കുന്നു. ഇത് ജലാശയങ്ങളിലെത്തി അവിടെ ആൽഗകളും മറ്റ് ജലസസ്യങ്ങളും വൻതോതിൽ വളർന്ന് ആവാസവ്യവസ്ഥയെ തകരാറിലാക്കുന്നു. എന്നാൽ, മൂത്രം കൃഷിയിടത്തിലെ മണ്ണിൽ ഉപയോഗിക്കുമ്പോൾ കൃഷി ഉൽപ്പാദനം വർധിക്കുന്നു. മറ്റ് പരിസ്ഥിതി പ്രശ്നങ്ങളൊന്നുമുണ്ടാകുന്നുമില്ല -ഇവർ പറയുന്നു.
സസ്യങ്ങളുടെ വളർച്ചയുടെ പ്രത്യേക ഘട്ടത്തിലാണ് മൂത്രം വളമായി പ്രയോഗിക്കുന്നത്. ചെടിക്ക് പോഷകങ്ങൾ ഏറ്റവും കൂടുതൽ ആഗിരണം ചെയ്യാൻ കഴിയുന്ന വളർച്ചാ ഘട്ടത്തിലാണ് മൂത്രം സ്പ്രേ ചെയ്യുക. മണ്ണിലെ ഈർപ്പവും കൃത്യമായി പരിശോധിക്കും.
യു.എസിൽ മാത്രമല്ല, ഫ്രാൻസിലും സ്വീഡനിലും ദക്ഷിണാഫ്രിക്കയിലും നേപ്പാളിലും നൈജറിലും ഇത്തരത്തിൽ മൂത്രം വളമായി പ്രയോഗിക്കുന്ന രീതി തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

