വെള്ളക്കെട്ട്: മഴ വരുമ്പോൾ കർഷകർക്ക് നെഞ്ചിടിപ്പ്
text_fieldsതിരുനാവായ: പാടശേഖരത്തിൽ നിലമൊരുക്കി നടാനായി കാത്തിരിക്കുന്ന കർഷകർക്ക് മഴ വരുന്നെന്ന് കേൾക്കുമ്പോൾ നെഞ്ചിടിപ്പ്. ഇത്തവണ പതിവിനു വിപരീതമായി വൃശ്ചികം പിറന്നിട്ടും മഴ മാറിനിൽക്കാത്തതാണ് കർഷകരെ വിഷമത്തിലാക്കുന്നത്. വാലില്ലാപുഴയിൽ വെള്ളം ഒഴിഞ്ഞുപോകാത്തതിനെത്തുടർന്ന് പാടശേഖരത്തിലുണ്ടായ വെള്ളക്കെട്ട് മൂലമാണ് കർഷകർ നിലമൊരുക്കാൻ വൈകിയത്.
പാടശേഖരത്തിലെ വെള്ളക്കെട്ട് ഒരു ശാപം പോലെ വർഷങ്ങളായി പരിഹാരമാകാതെ തുടരുകയാണ്. ഇതിനിടയിലെത്തിയ ന്യൂനമർദങ്ങളും കർഷകർക്ക് വിനയായി. എല്ലാം കഴിഞ്ഞെന്ന് കരുതി നിലമൊരുക്കി നടാനായി കാത്തിരിക്കുമ്പോഴാണ് കാലാവസ്ഥ നിരീക്ഷകരുടെ പുതിയ മഴ മുന്നറിയിപ്പ്. ഈ നില തുടർന്നാൽ വരും വർഷങ്ങളിൽ തിരുനാവായ, വാവൂർ, എടക്കുളം പാടശേഖരങ്ങളിൽ കൃഷിയിറക്കുന്ന കാര്യം പുനരാലോചിക്കേണ്ടി വരുമെന്ന് ലക്ഷങ്ങൾ ചെലവഴിച്ച കർഷകർ പറയുന്നു.