വീണ്ടും കാത്തിരിപ്പ്; നെൽകർഷകർക്ക് ലഭിക്കാനുള്ളത് 6.78 കോടി
text_fieldsകോട്ടയം: ജില്ലയിലെ നെൽകർഷകർക്ക് ലഭിക്കാനുള്ളത് 6.78 കോടി. സപ്ലൈകോക്ക് നെല്ല് നൽകിയ കർഷകരാണ് പണത്തിനായി കാത്തിരിക്കുന്നത്.
ഈ സീസണില്‍ നെല്ല് സംഭരിച്ച വകയില്‍ ഒരു രൂപപോലും സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല. 8724 കർഷകരാണ് പണത്തിനായി കാത്തിരിക്കുന്നത്. കുടിശ്ശികയെന്ന് നല്‍കുമെന്ന കാര്യത്തില്‍ കൃത്യമായ മറുപടി അധികൃതർ നൽകുന്നില്ലെന്ന് കർഷകർ പറയുന്നു.
ഇതുവരെ ജില്ലയില്‍നിന്ന് 24,06,867 കിലോ നെല്ലാണ് സംഭരിച്ചത്. പകുതിയോളം സ്ഥലത്തെ സംഭരണം പൂര്‍ത്തിയാക്കിയതായാണ് കണക്ക്. തുലാമഴയടക്കം ഏറെ പ്രതിസന്ധികളിലൂടെയാണ് കർഷകർ കടന്നുപോയത്. കാത്തിരിപ്പിനൊടുവിൽ മില്ലുടമകൾ സമരം അവസാനിപ്പിച്ചതോടെ നെല്ല് സംഭരണം വേഗത്തിലായിരുന്നു. ഇത് കർഷകർക്ക് ആശ്വാസം പകരുകയും ചെയ്തു. ഈ കടമ്പ പിന്നിട്ടതോടെയാണ് പുതിയ പ്രതിസന്ധി.
പി.ആര്.എസ് നല്‍കിയാലുടന്‍ പണം അക്കൗണ്ടില്‍ എത്തുന്നതായിരുന്നു രീതി. സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ വില വായ്പ എന്ന നിലയിലാണ് ബാങ്കുകള്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നൽകിയിരുന്നത്.
കര്ഷകന് വായ്പക്കാരനെന്ന രീതിയില്‍ നടപ്പാക്കുന്ന ഈ രീതി പല പ്രശ്നങ്ങള്‍ക്കും കാരണമായതോടെയാണ് ബാങ്കുകളുടെ കണ്‍സോർട്യം രൂപവത്കരിച്ച് സപ്ലൈകോ 2500 കോടി വായ്പയെടുത്തു കര്‍ഷകര്‍ക്ക് നല്കാന് തീരുമാനിച്ചത്. വായ്പ രീതിയിലല്ലാതെ നെല്ലിന്റെ വില എന്ന രീതിയില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്.
ബാങ്കുകളില്‍നിന്ന് പണം ലഭിച്ചെങ്കിലും ധനവകുപ്പില്‍നിന്നുള്ള നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ പണവിതരണത്തില്‍ കാലതാമസം നേരിടുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ഈ പണം സപ്ലൈകോയുടെ മുൻ കുടിശ്ശികയിലേക്ക് വകയിരുത്തിയതായും പറയപ്പെടുന്നു.
ഇപ്പോൾ കേരള ബാങ്കിൽനിന്ന് പണം കണ്ടെത്താനുള്ള ചർച്ചകളിലാണ് സപ്ലൈകോയെങ്കിലും ഇതുവരെ തുക ലഭ്യമായിട്ടില്ല. ഏറ്റവും വേഗത്തിൽ കർഷകർക്ക് തുക ലഭ്യമാക്കാനുള്ള ശ്രമം തുടരുകയാണെന്ന് സപ്ലൈകോ അധികൃതർ പറയുന്നു.
ഭൂരിഭാഗം കർഷകരും വായ്പയെടുത്താണ് കൃഷിയിറക്കുന്നത്. പണം വൈകുന്നത് ഇത്തരക്കാർക്ക് വലിയ തിരിച്ചടിയാണ്. പണ വിതരണത്തിലെ കാലതാമസം വര്‍ഷത്തില്‍ രണ്ടു തവണ കൃഷിയിറക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഈ സീസണില്‍നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് അടുത്ത കൃഷി ഇറക്കാന്‍ കാത്തിരുന്നവര്‍ ഇപ്പോള്‍ പണം കടമെടുക്കാനുള്ള നെട്ടോട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

