രാസവളം കിട്ടാനില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍
text_fieldsപാലക്കാട്: രാസവളം കിട്ടാക്കനിയായതോടെ ജില്ലയിലെ കർഷകർ പ്രതിസന്ധിയിൽ. നെല്ലിന് ചിനപ്പ് പൊട്ടാനും മഞ്ഞളിപ്പ് മാറി തഴച്ച് വളരാനും യൂറിയ ഇടേണ്ട സമയമാണിത്. എന്നാൽ യൂറിയ, പൊട്ടാഷ്, ഫാക്ടംഫോസ് തുടങ്ങിയ രാസവളങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്.
ആറുമാസമായി സ്ഥിതി രൂക്ഷമാണെന്നാണ് കൃഷിക്കാരും ചില്ലറ വില്‍പ്പനക്കാരും പറയുന്നത്. പലയിടത്തും വളപ്രയോഗം മുടങ്ങിയ അവസ്ഥയിലാണ്. ക്ഷാമം പരിഹരിച്ചില്ലെങ്കിൽ രണ്ടാംവിള നെല്ല് ഉൽപാദനത്തെയും ബാധിക്കും. അടിവളമായി ആദ്യ വളപ്രയോഗം നടത്തുമ്പോൾ കൂട്ടുവളം മാത്രമാണ് ഉപയോഗിക്കുക. രണ്ടാമത് നടത്തുന്ന വളപ്രയോഗത്തിന് കൂട്ടുവളത്തിനൊപ്പം യൂറിയയും ഇടണം. മൂന്നാമത് വളപ്രയോഗത്തിന് പൊട്ടാഷും കൂട്ടുവളവുമാണ് വേണ്ടത്.
യൂറിയ ഇട്ടില്ലെങ്കിൽ നെൽച്ചെടിയുടെ വളർച്ചയേയും വിളവിനെയും ബാധിക്കും. 45 കിലോ ചാക്കിന് 266 രൂപ മാത്രം വിലയുള്ള യൂറിയ കിട്ടണമെങ്കിൽ, 952 രൂപ വിലവരുന്ന 25 കിലോഗ്രാമിന്റെ പോളിഹേലിയേറ്റ്, മൾട്ടി ന്യൂട്രീയെന്റ് തുടങ്ങിയ പുതുതലമുറ വളങ്ങൾ വാങ്ങണം. അല്ലെങ്കിൽ വിൽപന കുറവുള്ള മറ്റ് ചില കൂട്ടുവളങ്ങൾ വാങ്ങണം. ഒരു ലോഡ് യൂറിയ 9,000 കിലോഗ്രാമാണ്. ഇതിന് 53,190 രൂപ വിലവരും.
പുതുതലമുറ വളങ്ങൾക്ക് ഒരു ലോഡിന് 3,42,720 രൂപ വിലവരും. ഒരു ടൺ യൂറിയാ കിട്ടാൻ 500 കിലോ പുതുതലമുറ വളം വാങ്ങാൻ രാസവള കമ്പനികൾ വിതരണക്കാരെ നിർബന്ധിക്കുകയാണെന്ന് പരാതിയുണ്ട്. കർഷകർക്ക് യൂറിയ എത്തിക്കാൻ വിതരണക്കാർ ഈ സമ്മർദത്തിന് വഴങ്ങേണ്ടിവരുന്നു.
ചാക്കിന് 3,200 രൂപ വിലയുള്ള യൂറിയ 266 രൂപക്കാണ് കർഷകർക്ക് നൽകുന്നത്. ഉത്തരേന്ത്യൻ കർഷക ലോബിയുടെ താൽപര്യം മുൻ നിർത്തിയാണ് ഇത്ര ഉയർന്ന സബ്സിഡി നൽകുന്നത്.
മറ്റ് വളങ്ങൾക്ക് ഇത്രയും സബ്സിഡി ഇല്ല. ഏക്കറിന് ഒരു ചാക്കിൽ കൂടുതൽ യൂറിയാ വാങ്ങിയാൽ കൃഷി ഭവനിൽ നിന്ന് അന്വേഷണം എത്തും.
യൂറിയിലെ ഘടകങ്ങൾ പെയിന്റ്, പ്ലൈവുഡ് കമ്പനികൾക്ക് ആവശ്യമുണ്ട്. യൂറിയാ വാങ്ങി ദുരുപയോഗിക്കുന്നത് തടയാനാണ് കേന്ദ്ര സർക്കാരിന്റെ നിബന്ധനയെന്ന് അധികാരികൾ പറയുന്നു. ഇന്ത്യയിൽ ആവശ്യമുള്ള യൂറിയയുടെ 50 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്.പ്രതിമാസ വിഹിതം കേന്ദ്രസർക്കാർ പകുതിയാക്കി വെട്ടിക്കുറച്ചതാണ് വലിയ പ്രതിസന്ധിക്കിടയാക്കിയത്.
യൂറിയയ്ക്കു മാത്രമാണു നിലവില്‍ വില നിയന്ത്രണമുള്ളൂ. മറ്റു വളങ്ങളുടെ സബ്സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്തു. 2023-24 ല്‍ ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങള്‍ക്ക് 65,199.58 കോടി രൂപ സബ്സിഡി നല്‍കിയിരുന്നു. 2024-25 ല്‍ 52,310 കോടിയായി കുറഞ്ഞു. ഇക്കുറി 49,000 കോടിയായി വീണ്ടും കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

