സാധാരണയിലും ഇരട്ടിയോളം വിളവ്, രോഗകീടബാധകൾ വളരെ കുറവ്; ടിഷ്യൂ കൾച്ചർ ഇഞ്ചി, മഞ്ഞൾ തൈകൾ വികസിപ്പിച്ചു
text_fieldsകണ്ണൂർ: തളിപ്പറമ്പിലെ കണ്ണൂർ ജില്ല കൃഷിത്തോട്ടത്തിൽ പ്രവർത്തിക്കുന്ന ടിഷ്യൂ കൾച്ചർ ലാബിൽ ടിഷ്യൂ കൾച്ചർ ഇഞ്ചി, മഞ്ഞൾ തൈകൾ വികസിപ്പിച്ചു. രണ്ട് ഉത്പന്നങ്ങളും കൃഷിത്തോട്ടത്തിലെ വിൽപ്പനകേന്ദ്രം വഴി കർഷകർക്ക് ലഭ്യമാകും. ലാബിലെ ടെക്നീഷ്യൻമാർക്ക് ഇത്തരം ടിഷ്യൂ കൾച്ചർ ഇഞ്ചി, മഞ്ഞൾ തൈകൾ വികസിപ്പിക്കാൻ കേരള കാർഷിക സർവകലാശാലയിൽനിന്ന് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
ടിഷ്യൂ കൾച്ചർ ലാബിൽ പ്രതിഭ ഇനത്തിൽപ്പെട്ട മഞ്ഞൾ വിത്തും വരദ ഇനത്തിൽപ്പെട്ട ഇഞ്ചി വിത്തും ഉപയോഗിച്ചാണ് ടിഷ്യൂ കൾച്ചർ സാങ്കേതികവിദ്യയുടെ സഹായത്തോടെ തൈകൾ വികസിപ്പിച്ചെടുത്തത്. കരിമ്പം ഫാം സൂപ്രണ്ട് കെ.പി. രസന, കൃഷി ഓഫിസർമാരായ കെ. ദീപ, പി.എം. ലസിത, കൃഷി അസിസ്റ്റന്റുമാരായ വി.ബി. രാജീവ്, കെ. ചന്ദ്രൻ, ലാബ് സൂപ്പർവൈസർ അഞ്ജു,ടെക്നീഷ്യൻ സജീഷ് എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്.
പൂർണമായും ശീതീകരിച്ച ലാബിൽ പ്രത്യേകം തയ്യാറാക്കിയ ജാറുകളിൽ സൂക്ഷിക്കുന്ന തൈകൾ നിശ്ചിത വളർച്ച പൂർത്തിയാകുമ്പോൾ പുറത്തെടുക്കും. ശേഷം ലാബിന് പുറത്തുള്ള നഴ്സറിയിൽ എത്തിച്ച് ചകിരിച്ചോറ് നിറച്ച് പോട്ട് ട്രേകളിലേയ്ക്ക് മാറ്റും. അവ നിശ്ചിത വളർച്ചയാകുമ്പോഴാണ് വിൽപ്പനയ്ക്ക് പാകപ്പെടുന്നത്. ഒരു പോട്ട്ട്രേ തൈക്ക് അഞ്ച് രൂപയാണ് വില. പ്രവൃത്തിദിവസങ്ങളിൽ കൃഷിത്തോട്ടത്തിലെ വിൽപ്പനകേന്ദ്രത്തിൽനിന്ന് തൈകൾ വാങ്ങാൻ സാധിക്കും.
സാധാരണ ഇഞ്ചിയും മഞ്ഞളും വിത്തുകൾ നേരിട്ട് മണ്ണിൽ നടുന്ന പരമ്പരാഗത രീതിയിൽനിന്നും തികച്ചും വ്യത്യസ്തമായി ഇതിൽ ഇഞ്ചിയുടെയും മഞ്ഞളിന്റെയും വിത്ത് മുളപ്പിച്ച തൈകളാണ് നടുന്നത്. സാധാരണ ലഭിക്കുന്നതിലും ഇരട്ടിയോളം വിളവ് ലഭിക്കുമെന്നതും രോഗകീടബാധകൾ വളരെ കുറവാണെന്നതുമാണ് ടിഷ്യൂ കൾച്ചർ ചെയ്ത തൈകളുടെ ഗുണമെന്ന് കരിമ്പം ഫാം സൂപ്രണ്ട് കെ.പി. രസ്ന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

