കർക്കടകം പിറന്നിട്ടും മഴയില്ല; നെല്ലിന് ഞാറുനടാനാവാതെ കർഷകർ, മേഖല പ്രതിസന്ധിയിൽ
text_fieldsമഴ ലഭിക്കാത്തതിനെ തുടർന്ന് തരിശായി കിടക്കുന്ന പനമരത്തെ പുഴയോര പ്രദേശമായ പരക്കുനി വയൽ
പനമരം: എടവപ്പാതിയും കടന്ന് മിഥുന മാസവും കഴിഞ്ഞ് കർക്കടകം പിറന്നു. വെള്ളിയാഴ്ച കർക്കിടകം ഒന്നാണ്. എന്നിട്ടും ആവശ്യമായ മഴ ലഭിക്കാത്തത് കർഷകരെയും അല്ലാത്തവരെയും ആശങ്കപെടുത്തുന്നു. മിഥുനം മാസത്തിലാണ് നെൽകർഷകർ വിത്ത് ഇടുന്നത്. കർക്കിടകം അവസാനത്തോടുകൂടി ഞാറ് പറിച്ചു നടുന്ന ഘട്ടത്തിലാണ് ശക്തമായ മഴ ലഭിക്കേണ്ടത്. ഇത്തവണ തുടക്കത്തിൽ തന്നെ മഴ കുറഞ്ഞതോടെ ഭൂരിപക്ഷം കർഷകർക്കും ഞാറ് വെക്കാൻ കഴിഞ്ഞിട്ടില്ല. തുടർപണികളും സ്തംഭിച്ചു. ഇതോടെ വയലുകൾ അധികവും തരിശായികിടക്കുകയാണ്. പലരും കൃഷിപ്പണിയെടുക്കുന്നത് ബാങ്കിൽനിന്ന് ലോണെടുത്തും പണ്ടങ്ങൾ പണയംവെച്ചുമാണ്. കാലാവസ്ഥ ചതിച്ചതോടെ കർഷകർ നിസ്സഹായതയിലാണ്.
മഴ കുറഞ്ഞത് പല രംഗങ്ങളെയും ബാധിച്ചിട്ടുണ്ട്. വർഷകാലത്ത് പുഴയിൽ വെള്ളം നിറഞ്ഞാൽ മിക്കയിടങ്ങളിലും മീൻപിടിത്തം സജീവമായിരുന്നു. പതിനായിരക്കണക്കിന് രൂപയുടെ മീൻ പിടിക്കുകയും ഒരുപാട് തൊഴിലവസരങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഇത്തവണ അതും നഷ്ടപ്പെട്ടു.
നിറഞ്ഞുകവിഞ്ഞൊഴുകേണ്ട പുഴയിൽ പകുതിപോലും വെള്ളമില്ല. മഴക്കാലമായാൽ കിണറുകളിൽ വെള്ളം നിറയുന്നതാണ് പതിവ്. എന്നാൽ കിണറുകളുടെ അവസ്ഥയും വിഭിന്നമല്ല. കിണറുകളിൽ വെള്ളം താഴ്ന്ന നിലയിലാണ്. ഉയർന്ന സ്ഥലങ്ങളിൽ കുടിവെള്ളക്ഷാമവുമുണ്ട്.
ജൂൺ ഒന്നുമുതൽ ജൂലൈ പാതിവരെ 111 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു 46 മില്ലിമീറ്റർ മഴ മാത്രമാണ് വയനാട്ടിൽ ഇത്തവണ ലഭിച്ചത്. ജൂലൈ മാസം തുടക്കത്തിൽ രണ്ടുദിവസം തീവ്രമഴ ലഭിച്ചിരുന്നു. പിന്നീട് കാലാവസ്ഥ മാറുന്നതാണ് കണ്ടത്. അതോടെ ചൂട് വർധിക്കുകയും എല്ലായിടത്തും ഫാൻ ഉപയോഗിക്കേണ്ട അവസ്ഥയിലുമാണ്. വർഷക്കാലത്തിൽ ലഭിക്കേണ്ട മഴ ലഭിക്കാത്തത് രോഗങ്ങൾ വർധിക്കാനും ഇടയാക്കും. കഴിഞ്ഞ രണ്ടാഴ്ചകളിലായി പനിയും വയറിളക്കവും ഛർദിയും കാരണം പലരും ആശുപത്രികളിൽ ചികിത്സയിലാണ്. ആശുപത്രികളിൽ തിരക്കും വർധിച്ചു. കൃഷിപ്പണി കുറഞ്ഞത് വ്യാപാര മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചു. ഈ സ്ഥിതി തുടർന്നാൽ ഡിസംബർ മാസം ആകുന്നതോടെ വരൾച്ചാസാധ്യത ഏറെയാണെന്നത് ആശങ്ക വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

