കാലാവസ്ഥയിൽ കരിഞ്ഞ് തേയില കൊളുന്ത്
text_fieldsപ്രതീകാത്മക ചിത്രം
അന്തർസംസ്ഥാന വ്യാപാരികൾ കേരളത്തിലെയും കർണാടകത്തിലെയും കുരുമുളക് ഉൽപാദന മേഖലകൾ കേന്ദ്രീകരീച്ച് ചരക്ക് സംഭരണം ശക്തമാക്കി. ടെർമിനൽ മാർക്കറ്റിൽ ലഭ്യത ചുരുങ്ങിയത് കണ്ടാണ് വാങ്ങലുകാർ അവസാന അടവ് പ്രയോഗിച്ചത്. വിളവെടുപ്പിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നതും അടുത്ത സീസണിൽ വിളവ് ചുരുങ്ങുമെന്ന വിലയിരുത്തലുകളും മുൻനിർത്തി ഉൽപാദകർ കരുതൽ ശേഖരത്തിൽ പിടിമുറുക്കി.
ഉത്തരേന്ത്യൻ വ്യാപാരികൾ മുളക് സംഭരിക്കാൻ വാരത്തിന്റെ തുടക്കം മുതൽ വിപണികളിൽ നിലയുറപ്പിച്ചിരുന്നെങ്കിലും ആവശ്യാനുസരണം ചരക്ക് ലഭിച്ചില്ല. വിയറ്റ്‌നാമിൽ ചരക്ക് ക്ഷാമം രൂക്ഷമായതിനാൽ ഡിസംബർ ഷിപ്പ്‌മെന്റുകൾ യഥാസമയം പൂർത്തിയാക്കാനാവുമോയെന്ന ഭീതിയിലാണ് ഒരു വിഭാഗം കയറ്റുമതിക്കാർ. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 69,400 രൂപയാണ്.
ശൈത്യം ശക്തമായതോടെ തോട്ടം മേഖലയിൽ തേയില കൊളുന്ത് നുള്ളൽ തടസപ്പെട്ടു. മൂന്നാർ മേഖലയിൽ താപനില പൂജ്യം ഡിഗ്രിലേക്ക് താഴ്‌ന്നത് തേയില മേഖലക്ക് കനത്ത സാമ്പത്തിക നഷ്‌ടം വരുത്തും. രാത്രിയിലെ കനത്ത തണുപ്പും പകൽ ഉയർന്ന താപനിലയുമായി പൊരുത്തപ്പെടാനാവാതെ കൊളുന്ത് കരിഞ്ഞ് ഉണങ്ങുന്നു. കാലാവസ്ഥ വ്യതിയാനം തേയില കർഷകർക്ക് കനത്ത തിരിച്ചടിയാവും. ദക്ഷിണേന്ത്യയിൽ തേയില ഉൽപാദനം മൂന്ന് മാസമായി കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. ഒക്‌ടോബറിലും നവംബറിലും ഉൽപാദനം കുറഞ്ഞു. അതിനിടയിൽ വിദേശ രാജ്യങ്ങളിൽനിന്ന് ദക്ഷിണേന്ത്യൻ തേയിലക്കുള്ള ഡിമാൻഡ് വില ഉയരാൻ അവസരം ഒരുക്കി.
ഏലം ലേല കേന്ദ്രങ്ങളിൽ ചരക്ക് പ്രവാഹം. പല ദിവസങ്ങളിലും രണ്ട് ലേലം വീതം നടക്കുന്നുണ്ടെങ്കിലും വിൽപനക്ക് ഇറങ്ങുന്ന ചരക്ക് പൂർണമായി തന്നെ വിറ്റഴിയുന്നു. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ഏലക്ക വാങ്ങാൻ മത്സരിച്ചത് ശരാശരി ഇനങ്ങളെ കിലോ 2400 രൂപക്ക് മുകളിൽ നിലനിർത്തി. ക്രിസ്‌മസ് വേളയായതിനാൽ കൂടുതൽ ആകർഷകമായ വില ലഭിക്കുമെന്ന നിഗമനത്തിലാണ് കർഷകർ.
തമിഴ്‌നാട്ടിലെ വൻകിട മില്ലുകാർ കൊപ്ര സംഭരണം കുറച്ചതിനൊപ്പം സ്‌റ്റോക്കുള്ള വെളിച്ചെണ്ണ വിറ്റുമാറാൻ കാണിച്ച തിടുക്കം വില തകർച്ചക്ക് ഇടയാക്കി. കൈവശമുള്ള എണ്ണക്ക് എറ്റവും ഉയർന്ന വില ക്രിസ്‌മസ് വേളയിൽ ഉറപ്പ് വരുത്താനാവുമെന്ന കണക്ക് കൂട്ടലിലായിരുന്നു വാരത്തിന്റെ തുടക്കം മുതൽ മില്ലുകാർ. എന്നാൽ കേരളത്തിൽ നിന്നുള്ള ഡിമാൻഡ് വ്യവസായികളുടെ പ്രതീക്ഷക്കൊത്ത് ഉയരാത്തത് കണ്ട് വില ഇടിച്ച് ചരക്ക് വിറ്റുമാറാൻ അവർ നിർബന്ധിതരായി. 25,350 രൂപയിൽ നിന്നും കാങ്കയത്ത് എണ്ണ വില 23,000ലേക്ക് ഇടിഞ്ഞു. കൊപ്ര വില 2100 രൂപ കുറഞ്ഞ് 16,200 ലാണ് ശനിയാഴ്‌ച വ്യാപാരം നടന്നത്.
ഏഷ്യൻ ടയർ വ്യവസായികൾ രാജ്യാന്തര വിപണിയിൽനിന്ന് അകന്നത് റബറിന് തിരിച്ചടിയായി. ജപ്പാൻ പലിശ നിരക്ക് 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതലത്തിലേക്ക് എത്തിച്ചത് ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിൽനിന്ന് വിദേശ നിക്ഷപകരെ അകറ്റി. യെൻ ശക്തിപ്രാപിക്കുമെന്ന വിലയിരുത്തൽ റബറിന്റെ ആകർഷണം കുറച്ചു. ഇതോടെ ഷീറ്റ് വില 333 യെന്നിൽ നിന്ന് 328 ലേക്ക് ഇടിഞ്ഞു. സംസ്ഥാനത്ത് പകൽ താപനില ഉയർന്നതോടെ ഒട്ടുമിക്ക തോട്ടങ്ങളിലും ഇല പൊഴിച്ചിൽ വ്യാപകമായി. പല ഭാഗങ്ങളിലും മരങ്ങളിൽ നിന്നുള്ള യീൽഡ് കുറഞ്ഞതിനാൽ ഇടവിട്ടുള്ള ദിവസങ്ങളിൽ മാത്രം ടാപ്പിങ് നടക്കുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

