കുരുകുരാ കുരുമുളക്... ഇത് പീറ്റർ ജോസഫിന്റെ വിജയഗാഥ
text_fieldsപീറ്റർ ജോസഫ് കുരുമുളക് തോട്ടത്തിൽ
കിഴക്കമ്പലം: വിയറ്റ്നാം മോഡൽ കുരുമുളക് കൃഷിയുമായി കിഴക്കമ്പലം സ്വദേശി പുഞ്ചപ്പുതുശ്ശേരിൽ പീറ്റർ ജോസഫ്. ഒരു ഏക്കറിൽ 800 ചുവട് കുരുമുളകാണ് പ്രത്യേകം തയാറാക്കിയ കോൺക്രീറ്റ് കാലിൽ പീറ്റർ പിടിപ്പിച്ചിരിക്കുന്നത്. ഒരു മീറ്റർ മണ്ണിനടിയിലേക്കും എട്ട് മീറ്റർ മുകളിലേക്കുമാണ്. വ്യാസം കുറഞ്ഞതും ഒരു മീറ്റർ ആഴമുള്ളതുമായ കുഴികൾ എടുത്തശേഷം ക്രെയിനുകളുടെ സഹായത്തോടെയാണ് കോൺക്രീറ്റ് കാലുകൾ നാട്ടിയത്.
കാഞ്ചിയാറിലെ കർഷകൻ ടി.ടി. തോമസ് വികസിപ്പിച്ച പെപ്പർ തെക്കൻ -ഒന്ന് ഇനമാണ് തോട്ടത്തിലെ 800 ചെടികളും. സാധാരണ ചെടിയിൽ ഒരു കുലയിൽ 80 മുതൽ 120 വരെ കുരുമുളക് മണികളാണെങ്കിൽ ഇതിൽ 800 മുതൽ 1000 വരെ ലഭിക്കും.രണ്ടുവർഷം മുമ്പ് 60 ലക്ഷം മുടക്കി കുരുമുളക് കൃഷി ആരംഭിക്കുമ്പോൾ പീറ്ററിന് വലിയ ലക്ഷ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. 300 രൂപയായിരുന്ന കുരുമുളകിന് ഇപ്പോൾ 700 രൂപയായി.
തുടക്കത്തിൽ ചെലവ് കൂടുതലാണെങ്കിലും തുടർ വർഷങ്ങളിലെ വളരെ കുറവാണ്. രണ്ടുവർഷമായ കുരുമുളക് തൈകൾ രണ്ടുവർഷം കൂടി കഴിയുമ്പോഴേക്കും പൂർണ വളർച്ച എത്തും. സ്പൈസസ് ബോർഡിന്റെ കണക്ക് അനുസരിച്ച് ഇതുവരെ രണ്ടര ഏക്കറിൽനിന്ന് എട്ട് ടൺ മാത്രമാണ് വിളവ് ലഭിച്ചിരിക്കുന്നത്. ഇതും തിരുത്താനുള്ള ശ്രമത്തിലാണ് പീറ്റർ.
ഓരോ കുരുമുളക് ചെടിയുടെ ചുവട്ടിലും 12 വർഷത്തേക്കുള്ള വളം ഒരുമിച്ച് നൽകിയിരിക്കുകയാണ്. രണ്ടുതരം നന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ചുവട്ടിലുള്ള തുള്ളി നനയും മുകളിലൂടെയുള്ള മിസ്റ്റ് ഇറിഗേഷനും ( മഞ്ഞുനന). സാമ്പത്തികശേഷി കുറഞ്ഞവർക്ക് 50 ചുവട് മാത്രം നട്ട് വളർത്തിയാലും മികച്ച വരുമാനം കണ്ടെത്താനാകുമെന്നാണ് പീറ്റർ പറയുന്നത്. വരും വർഷങ്ങളിൽ കണ്ണൂർ, കാസർകോട് മേഖലകളിൽ ഉൾപ്പെടെ 100 ഏക്കറിൽ കുരുമുളക് തോട്ടം വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

