ഫലങ്ങളുടെ രാജ്ഞി; നന്നായി പരിപാലിച്ചാൽ നാല് വർഷംകൊണ്ട് മാങ്കോസ്റ്റീൻ കായ്ക്കും
text_fieldsപഴങ്ങളുടെ രാജാവ് മാമ്പഴമാണെങ്കിൽ 'ഫലങ്ങളുടെ രാജ്ഞി' എന്നറിയപ്പെടുന്ന പഴമാണ് മാങ്കോസ്റ്റീൻ. കേരളത്തിന്റെ ഉഷ്ണമേഖലാ കാലാവസ്ഥയിൽ നന്നായി വളരുന്ന ഇനമാണിത്. കേരളത്തിലുടനീളം വീടുകളിൽ നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വാണിജ്യാടിസ്ഥാനത്തിൽ മികച്ച വിജയം നേടുന്ന ഒരു കാർഷിക വിളയായി മാറിക്കൊണ്ടിരിക്കുകയാണ് മാങ്കോസ്റ്റീൻ. ഉയർന്ന വിപണി മൂല്യവും ആരോഗ്യപരമായ മേന്മകളും കാരണം കേരളത്തിലെ കർഷകർക്കിടയിൽ ഇതിന്റെ കൃഷി വലിയതോതിൽ ജനപ്രിയമായിക്കഴിഞ്ഞു. മാർക്കറ്റിൽ കിലോയ്ക്ക് 400 മുതൽ 1200 രൂപ വരെ വില ലഭിക്കും. മാങ്കോസ്റ്റീൻ കായ്ഫലം നൽകാൻ 10 വർഷമെങ്കിലും എടുക്കുമെന്ന് കർഷകർ പറയാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ നട്ടാൽ വെറും നാല് വർഷത്തിനുള്ളിൽ തന്നെ ഇവ പൂവിടും.
പഴുത്ത മാങ്കോസ്റ്റീൻ പഴങ്ങളിൽനിന്ന് വിത്തുകൾ ശേഖരിച്ചാണ് സാധാരണ നടാറുള്ളത്. 2 മുതൽ 8 ആഴ്ച വരെ മുളപൊട്ടാൻ സമയമെടുക്കാറുണ്ട്. എന്നാൽ, നഴ്സറികളിലോ മറ്റു കൃഷിയിടങ്ങളിലോ ഗ്രാഫ്റ്റിങ് ചെയ്യുന്ന തൈകൾ വേഗത്തിൽ കായ്ക്കുകയും മാതൃവൃക്ഷത്തിന്‍റെ സവിശേഷതകൾ നിലനിർത്തുകയും ചെയ്യും. ചെടികൾ ആദ്യമേ നേരിട്ട് മണ്ണിൽ നടുന്നതിന് പകരം അല്പം വളർച്ച എത്തുന്നത് വരെ ചെടി ചട്ടിയിൽ തന്നെ വളർത്തണം. ശേഷം മാത്രം മണ്ണിലേക്ക് മാറ്റി നടുക. മാങ്കോസ്റ്റീൻ ചെടികൾ അധികം വെയിലുള്ള സ്ഥലത്ത് നടാൻ പാടില്ല. വെയിൽ കുറഞ്ഞ ചോലയുള്ള ഭാഗങ്ങളിൽ വേണം ഇവ വെക്കാൻ. നാലഞ്ചു വർഷം കൊണ്ട് ചെടികൾ കായ്ക്കാൻ തുടങ്ങും. നട്ട് 7-8 വർഷം കഴിയുമ്പോഴേക്കും മരങ്ങൾ പൂക്കാൻ തുടങ്ങും. എന്നാൽ, നന്നായി പരിപാലിച്ചാൽ നാല് വർഷത്തിൽ തന്നെ നല്ല റിസൾട്ട് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

