അധ്വാനിക്കാൻ മനസ്സ് മതി വിള തരും ആവോളം
text_fieldsഷോജി വിളവെടുത്ത കാച്ചിലുമായി
കട്ടപ്പന: അധ്വാനിക്കാൻ ഒരു മനസ്സുണ്ടെങ്കിൽ കൃഷി നൽകുന്ന വിളവ് അധ്വാനത്തേക്കാൾ ഇരട്ടിയായിരിക്കുമെന്ന് മണ്ണിൽ നിന്നുകൊണ്ട് തന്നെ തെളിയിക്കുകയാണ് ഷോജി എന്ന യുവ കർഷകൻ. അടുത്തിടെ ഇടവിളയായി കൃഷി ചെയ്ത് വിളവെടുത്ത ഭീമൻ കാച്ചിൽ ആരെയും ഞെട്ടിക്കുന്നതായിരുന്നു. 85 കിലോ തൂക്കമുള്ള കാച്ചിലാണ് ഒരു മുട്ടിൽനിന്ന് വിളവെടുത്തത്. ഏറെ അധ്വാനിച്ച് നാല് ദിവസം വേണ്ടിവന്നു ഇത് മണ്ണിനടിയിൽനിന്ന് പുറത്തെടുക്കാൻ. പാതി മടക്കിയ കൈപ്പത്തിയുടെ ആകൃതിയുള്ള ഇത് കൗതുകമുണർത്തുന്നതുമാണ്.
ഒരു ചുവട് കാച്ചിൽ പറിച്ചെടുക്കാനാണ് അണക്കര ചെല്ലാർകോവിൽ ചക്കിട്ടയിൽ ഷോജി മാത്യു പറമ്പിൽ ഇറങ്ങിയത്. എന്നാൽ, അസാധാരണമായ വലുപ്പം മൂലം മണ്ണിൽനിന്ന് പുറ ത്തെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് തൊഴിലാളികളുടെ കൂടി സഹായത്തോടെ നാലാം ദിവസമാണ് പൂർണമായും പുറത്തെടുത്തത്.
ഒറ്റ ചുവട്ടിൽതന്നെ മൂന്നടിയിൽ അധികം ഉയരത്തിൽ 3 കാച്ചിലുകളാണ് ഉണ്ടായിരുന്നത്. തൂക്കി നോക്കിയപ്പോൾ 85 കിലോ ഉണ്ടായിരുന്നു. കാര്യമായ വളപ്രയോഗം ഒന്നും നടത്താതെയാണ് ഭീമൻ കാച്ചിൽ വിളഞ്ഞത്. കൃഷിയിടത്തിലെ ഈട്ടിമരത്തിന് ചുവട്ടിലാണ് കാച്ചിൽ നട്ടിരുന്നത്. 20 കിലോയിൽ അധികം തൂക്കമുള്ള കാച്ചിൽ ഇതിനു മുമ്പ് ലഭിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലുപ്പത്തിൽ ഇത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.
ഏലം, കാപ്പി, കുരുമുളക്, മരച്ചീനി പച്ചക്കറികൾ, തുടങ്ങിയ വിവിധ വിളകൾ ഷോജി നട്ടുവളർത്തുന്നുണ്ട്. വിളകൾക്ക് വിലയിടിവ് ഉണ്ടാകുമ്പോൾ അത് മറികടക്കാൻ ചീര കൃഷിയാണ് സഹായിക്കുന്നത്. കൃഷി കൂടാതെ കാലി വളർത്തൽ മത്സ്യകൃഷി ഒപ്പം ഓട്ടോറിക്ഷ ഓടിച്ചും ഈ കർഷകൻ അധികവരുമാനം കണ്ടെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

