കൃഷിവകുപ്പ് കണ്ണുതുറന്നു; നെല്ലെടുപ്പ് തുടങ്ങി, കർഷകരും ഹാപ്പി
text_fieldsആലപ്പുഴ: ഒടുവിൽ കൃഷിവകുപ്പ് കണ്ണുതുറന്നു. കര്‍ഷകരെ ആശങ്കയിലാക്കിയ നെല്ലെടുപ്പ് തടസ്സം നീങ്ങി. വ്യാഴാഴ്ച രാവിലെ മുതല്‍ നെല്ലെടുപ്പ് ആരംഭിച്ചു. കുട്ടനാട് നീലംപേരൂര്‍ കൃഷിഭവന്റെ പരിധിയില്‍ കിളിയന്‍കാവ് വടക്ക് പാടശേഖരത്തില്‍ കൊയ്തുകൂട്ടിയ നെല്ലാണ് 14 ദിവസം പിന്നിട്ടശേഷം എടുക്കാന്‍ തുടങ്ങിയത്. മില്ലുകാര്‍ നെല്ലെടുക്കാതിരുന്നതോടെ വെള്ളം കയറി നെല്ല് കിളിര്‍ക്കുമൊ എന്ന ആശങ്കയിലായിരുന്നു കര്‍ഷകര്‍. തുടര്‍ന്ന് മാധ്യമം കഴിഞ്ഞ ദിവസം ഇത് വാര്‍ത്തയാക്കിയിരുന്നു.
പിന്നീടാണ് കൃഷിവകുപ്പ് ഇടപെട്ട് നെല്ലെടുക്കാനുള്ള നടപടികളായത്. സൂര്യ മില്ലുകാരാണ് നെല്ലെടുക്കുന്നത്. തൂക്കത്തില്‍ അഞ്ച് കിലോ കിഴിവിലാണ് നെല്ലെടുക്കുന്നത്. വ്യാഴാഴ്ച അഞ്ച് ലോഡ് നെല്ലെടുത്തു. മഴമൂലം പാടശേഖരത്തിലെ പകുതി നിലങ്ങളും കൊയ്തിരുന്നില്ല. വ്യാഴാഴ്ച ബാക്കി നിലങ്ങളിലെ കൊയ്ത്തും ആരംഭിച്ചു. ഈ ആഴ്ചതന്നെ മുഴുവന്‍ നെല്ലും എടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പവിഴം മില്ലുകാരാണ് മൂന്ന് കിലോ കിഴിവില്‍ ആദ്യം നെല്ലെടുക്കാൻ തയാറായത്. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ മഴപെയ്തതോടെ അവര്‍ പിന്മാറി. പിന്നീടാണ് കര്‍ഷകര്‍ ആശങ്കയിലായത്. ചെറുകിട, പാട്ട കര്‍ഷകരുള്‍പ്പെടെ 300 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ 165 ഓളം കര്‍ഷകരാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ 15 മുതലാണ് കൊയ്ത്ത് ആരംഭിച്ചത്. നെല്ലെടുക്കാന്‍ വൈകിയതോടെ ജോലിക്കാരെ നിര്‍ത്തി ഓരോ ദിവസവും നെല്ല് ഉണക്കിയിരുന്നു.

