കുട്ടനാട്ടിലെ നെല്ല് സംഭരിക്കാൻ പ്രത്യേക പാക്കേജുമായി കൃഷി വകുപ്പ്
text_fieldsതിരുവനന്തപുരം: ഉപ്പുവെള്ളം കയറിയതിനെ തുടര്‍ന്ന് കുട്ടനാട്ടിലെ ചില പാടശേഖരങ്ങളിൽ നിന്ന് നെല്ല് സംഭരിക്കുന്നതിൽ നിന്ന് മില്ലുകള്‍ പിന്മാറിയ സാഹചര്യത്തില്‍ കര്‍ഷകര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കൃഷി വകുപ്പ് നേരിട്ട് നെല്ല് സംഭരിക്കും.
ഇതിനായി കൃഷി വകുപ്പിന് മൂന്നുകോടി രൂപ പ്രത്യേക പാക്കേജായി സര്‍ക്കാര്‍ അനുവദിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുഞ്ചകൃഷിയിൽ ഉപ്പുവെള്ളം കയറിയതിനാൽ നെല്ലിന്റെ ഗുണനിലവാരത്തില്‍ കുറവ് സംഭവിച്ചതിനാല്‍ സപ്ലൈകോയുമായി സംഭരണത്തിന് കരാറിലേര്‍പ്പെട്ട മില്ലുകളാണ് പിന്മാറിയത്.
പുന്നപ്ര നോർത്ത്, ആലപ്പുഴ മുനിസിപ്പാലിറ്റി, തകഴി, കരുവാറ്റ, അമ്പലപ്പുഴ സൗത്ത്, നെടുമുടി, കൈനകരി, പുളിങ്കുന്ന് തുടങ്ങിയ പഞ്ചായത്തുകളിലുൾപ്പെട്ട 70 ഓളം പാടശേഖരങ്ങളാണ് ഉപ്പുവെള്ളം കയറി ഭീഷണി നേരിടുന്നത്. ലവണാംശം കൂടിയത് നെൽകൃഷിയെയും ഉൽപാദനക്ഷമതയെയും സാരമായി ബാധിച്ചു.
ഈ പ്രദേശങ്ങളിലെ നെല്ലുൽപാദനത്തിൽ ഗണ്യമായ കുറവും സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൃഷിവകുപ്പ് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേന നെല്ല് സംഭരിക്കുന്നത്. ഇതിന്റെ ഗുണനിലവാരം കൃഷി വകുപ്പ് ഉറപ്പാക്കി കൃഷി ഡയറക്ടർ നിശ്ചയിക്കുന്ന തുക സംഭരണ വിലയായി ലഭ്യമാക്കും.
നിലവിലുള്ള ചട്ടങ്ങൾ പ്രകാരം കൃഷിനാശത്തിന്റെ നഷ്ടപരിഹാരം നിശ്ചയിക്കാൻ കൃഷിഡയറക്ടറെ ചുമതലപ്പെടുത്തി. സപ്ലൈകോയുടെയും കൃഷിവകുപ്പിന്റെയും പ്രതിനിധികൾ ചേർന്നായിരിക്കും സംഭരിക്കേണ്ട നെല്ലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക. ഇത്തരത്തിൽ ശേഖരിക്കുന്ന നെല്ല് വിപണി സാധ്യതകളുള്ള ഉപോൽപന്നങ്ങളാക്കുന്നതിനും ബാക്കിയുള്ളവ ലേലം ചെയ്യുന്നതിനുമാണ് നിർദേശം കൊടുത്തിട്ടുള്ളത്.
നിശ്ചയിക്കുന്ന സംഭരണ വില കർഷകന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്നതിന് ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫിസറെ ചുമതലപ്പെടുത്തി. പ്രതിസന്ധി നേരിട്ട പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കുന്നതിനും നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനും സപ്ലൈകോ മാനേജിങ് ഡയറക്ടർ, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ, കാർഷിക വികസന കർഷക ക്ഷേമവകുപ്പ് ഡയറക്ടറുടെ പ്രതിനിധിയായി ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫിസർ എന്നിവരെ ചുമതലപ്പെടുത്തി.
പ്രതിസന്ധി നേരിട്ട മേഖലകളിൽ ഒരാഴ്ചക്കകം നടപടികൾ പൂർത്തീകരിച്ച് നെല്ല് സംഭരണം പൂർത്തീകരിക്കുന്നതിനാണ് നിർദേശം നൽകിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
കേന്ദ്രം നൽകാനുള്ളത് 1000 കോടി -മന്ത്രി പ്രസാദ്
തിരുവനന്തപുരം: നെല്ല് സംഭരിച്ച വകയിൽ കേന്ദ്ര സർക്കാർ 1000 കോടി രൂപ കേരളത്തിന് നൽകാൻ ബാക്കിയുണ്ടെന്ന് മന്ത്രി പി. പ്രസാദ്. ഇക്കാരണത്താൽ കർഷർക്ക് നെല്ലിന്റെ വിലനൽകാൻ മാവേലിസ്റ്റോറിലെ വിറ്റുവരവ് തുകയാണ് സപ്ലൈകോ എടുക്കുന്നത്.
പി.ആർ.എസ് വായ്പ നൽകുന്നത് എസ്.ബി.ഐ, ഫെഡറൽ, കനറാ ബാങ്കുകളുടെ കൺസോർട്യമായിരുന്നു. എന്നാൽ, നിലവിലെ പലിശ നിരക്ക് വ്യത്യാസപ്പെടുത്തണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് കൺസോർട്യത്തിൽ നിന്നു പിന്മാറി. ഇക്കാര്യത്തിൽ ചർച്ച നടക്കുകയാണ്. കേരള ബാങ്കിനെ കൂടി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച നടക്കുകയാണ്. ഉടൻ തീരുമാനമുണ്ടാകും. കേര പദ്ധതിയിലേക്ക് ലോകബാങ്കിൽ നിന്ന് അനുവദിച്ച തുക വകമാറ്റിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.
കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് നിയന്ത്രണാതീതമാണെന്നും കാടില്ലാത്ത ആലപ്പുഴ ജില്ലയിൽ പോലും ശല്യം രൂക്ഷമായതായും മന്ത്രി പറഞ്ഞു. കാട്ടുപന്നികളെ കൊന്നുതിന്നാനുള്ള അധികാരം കർഷകർക്ക് നൽകിയാൽ ഈ പ്രശ്നം തീരും. എന്നാൽ, അതിന് കേന്ദ്ര സർക്കാർ തയാറല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെ കാട്ടുപന്നികളെ തുരത്താനുള്ള പദ്ധതി നടപ്പാക്കാൻ അഞ്ചുകോടി രൂപ ആർ.കെ.വി.വൈ ഫണ്ടിൽ നിന്ന് നീക്കിവെച്ചെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

