കാർഷികോൽപന്നങ്ങൾക്ക് താങ്ങുവില: കേന്ദ്രം വാഗ്ദാനം പാലിക്കണം -കിസാൻസഭ സമ്മേളനം
text_fieldsകിസാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വാർത്തസമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി ഹനൻ മൊള്ള സംസാരിക്കുന്നു
തൃശൂർ: ഡൽഹിയിലെ കർഷകസമരം പിൻവലിക്കാൻ കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനമായ കാർഷികോൽപന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമനിർമാണം നടപ്പാക്കണമെന്ന് അഖിലേന്ത്യ കിസാൻസഭ ദേശീയ സമ്മേളനം. സമരം കഴിഞ്ഞ് ഒരു വർഷമാകുമ്പോഴും ഇത് നടപ്പാക്കാൻ സർക്കാർ തയാറായിട്ടില്ല. ഇത് സമരക്കാരോടും കർഷക സമൂഹത്തോടും കേന്ദ്രസർക്കാർ കാണിച്ച വഞ്ചനയാണ്. വിളകൾക്ക് ന്യായവിലയും സ്ഥിരവിലയും ലഭിക്കാത്തത് കർഷകരുടെ ഭാവി അനിശ്ചിതത്വത്തിലാക്കുകയാണ്. 2012-13 കാലത്തെ സർവേ പ്രകാരം നെൽകർഷകരിൽ 13.5 ശതമാനത്തിനും ഗോതമ്പ് കർഷകരിൽ 16.2 ശതമാനത്തിനും മാത്രമാണ് സംഭരണ ഏജൻസികൾക്ക് ഉൽപന്നം നൽകാൻ സാധിച്ചത്. 2019ലെ ഉൽപാദനച്ചെലവ് കണക്ക് പ്രകാരം 91 ശതമാനം നെൽക്കർഷകർക്കും 83 ശതമാനം ഗോതമ്പ് കർഷകർക്കും ഉല്പന്നം താങ്ങുവിലയേക്കാൾ വില കുറച്ച് നൽകേണ്ടി വന്നു.
ആവശ്യത്തിനുള്ള പൊതുസംഭരണ പദ്ധതികൾ ഇല്ലാത്തതിനാലാണിത്. എല്ലാ വിളകളുടേയും അവസ്ഥ ഇതുതന്നെയാണ്. കർഷകസമൂഹത്തിന് പൊതുപിന്തുണ ഉറപ്പാക്കുക, കൃഷി ചെലവുകൾ കുറക്കുന്ന സേവനങ്ങളും അറിവുകളും നൽകുക, സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് ശിപാർശ പിന്തുടരുകയും ഉല്പാദനച്ചെലവിന്റെ 50 ശതമാനം ഉയർത്തി താങ്ങുവില നടപ്പാക്കുകയും ചെയ്യുക, കാർഷിക സഹകരണസംഘങ്ങൾക്ക് പിന്തുണ നല്കി ശേഖരണ സംഭരണ സംവിധാനവും മൂല്യവർധിത ഇനങ്ങൾ നിർമിക്കുന്ന സംവിധാനവുമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. വാർത്തസമ്മേളനത്തിൽ അഖിലേന്ത്യ കിസാൻസഭ ദേശീയ ജനറൽ സെക്രട്ടറി ഹനൻമൊള്ള പ്രമേയം വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.