കഞ്ഞിക്കുഴിയെ കളറാക്കി സുജിത്തിന്റെ അത്തപ്പൂക്കളം
text_fieldsയുവകർഷകൻ വെറൈറ്റി ഫാർമർ എസ്.പി. സുജിത്തിന്റെ കൂറ്റൻ അത്തപ്പൂക്കളം ജനശ്രദ്ധ നേടുന്നു. ആറു സെന്റ് സ്ഥലത്ത് 10,000 ചെടികൾ, 15 വ്യത്യസ്ത പൂക്കളും പച്ചക്കറികളും ഇലക്കറികളും കൊണ്ടാണ് വൃത്താകൃതിയിൽ സുജിത്ത് അത്തപ്പൂക്കളം തീർത്തിരിക്കുന്നത്.
കേരളത്തിലെ തന്നെ ഏറ്റവും വലുതും വ്യത്യസ്തവുമായ പൂക്കളമാണിത്. എവിടെ നിന്നും പൂക്കളം ആസ്വദിക്കാം എന്നതാണ് പ്രത്യേകത. പൂക്കളത്തിന്റെ നടുക്കുനിന്ന് ചിത്രം പകർത്താനും ഫോട്ടോഷൂട്ട് നടത്താനും സൗകര്യം ഒരുക്കിയിട്ടുണ്ട്. മാസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് ആരെയും ആകർഷിക്കുന്ന ജീവനുള്ള പൂക്കൾകൊണ്ട് സുജിത്ത് കരപ്പാടത്ത് അത്തപ്പൂക്കളം തീർത്തത്. 30 സെന്റീമീറ്റർ അകലത്തിൽ ചെടികൾ നട്ടു. 40 സെന്റീമീറ്റർ വീതിയിൽ വാരം എടുത്തു ചെടികൾ നട്ടു. നടുന്നതിനു മുമ്പ് വൃത്താകൃതിയിൽ വരമ്പുകൾ തീർത്ത് ജൈവവളം ഇട്ടു.
പരമ്പരാഗത രീതിയിലാണ് ഇത്തവണത്തെ കൃഷി. ഓരോ കളത്തിലും വ്യത്യസ്തമായ ചെടികളാണ് നട്ടത്. വിവിധയിനം ബന്ദികൾ, മൂന്ന് നിറത്തിലെ വാടാമുല്ല, പല നിറത്തിലെ ജമന്തി, ചീര, പച്ചമുളക് തുടങ്ങി സുജിത്തിന്റെ എല്ലാ കൃഷികളും കലാവിരുന്നായി ഈ പൂക്കളത്തിലുണ്ട്. ആഹാരത്തിനും അലങ്കാരത്തിനും വരുമാനത്തിനും എന്ന ആശയത്തിലൂന്നിയാണ് പുതിയ പൂക്കളം തീർത്തതെന്ന് സുജിത് പറഞ്ഞു.
സംസ്ഥാന കർഷക അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ സുജിത്തിനെ തേടിയെത്തിയിട്ടുണ്ട്. കാർഷികരംഗത്ത് നൂതനമായ പരീക്ഷണങ്ങളിലൂടെ കാർഷിക സംസ്കാരത്തിന് യൗവനത്തിന്റെ ചടുലമായ മുഖം നൽകി വിജയിപ്പിച്ചതാണ് എസ്.പി. സുജിത്തിനെ തേടി അവാർഡ് എത്തിയത്. കഞ്ഞിക്കുഴിയിലെ കാരിക്കുഴി പാടത്തിൽ സൂര്യകാന്തി പാടം സജ്ജമാക്കിയതോടെയാണ് ഈ യുവകർഷകൻ ശ്രദ്ധ നേടുന്നത്. 2022ൽ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാരം, 2014ൽ സംസ്ഥാനത്തെ മികച്ച യുവകർഷകനുള്ള പുരസ്കാരവും അടക്കം നിരവധി പുരസ്കാരം നേടിയിട്ടുണ്ട്. കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല നഗരസഭ എന്നിവിടങ്ങളിലായി 20 ഏക്കറിലാണ് പച്ചക്കറിക്കൃഷി ചെയ്യുന്നത്.
തണ്ണിമത്തനും പൊട്ടുവെള്ളരിയും കുക്കുമ്പറും തുടങ്ങി എല്ലാം കൃഷിയിലും നൂറുമേനിയാണ് സുജിത്തിന്. മാതാവ് ലീലാമണിയും ഭാര്യ അഞ്ജുവും മകൾ കാർത്തികയുമടങ്ങുന്ന കുടുംബം പൂർണ പിന്തുണയുമായി സുജിത്തിനൊപ്പമുണ്ട്. ഇസ്രായേലിൽ കൃഷി പഠനത്തിനായി പോയ കൃഷിക്കാരിൽ സുജിത്തും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

