സൗദിയിലെ ഈത്തപ്പഴ കൃഷിപാഠം; തമിഴ് മണ്ണിൽ വിളയിച്ചത് നൂറുമേനി
text_fieldsതമിഴ്നാട് ചാവടിയിലെ ഈന്തപ്പന തോട്ടം
യാംബു: സൗദി പ്രവാസത്തിനിടയിൽ ഒന്നര പതിറ്റാണ്ട് ഈന്തപ്പനത്തോട്ടത്തിൽ അനുഭവിച്ചുനേടിയ കൃഷിപാഠം തമിഴ് മണ്ണിൽ വിജയഗാഥയാക്കി മലയാളി യുവാവ്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി പലപ്ര സുനിൽ ദത്ത് 2019ലാണ് ബദ്റിലെ ഈത്തപ്പഴകൃഷി ജോലിയിൽനിന്ന് വിരമിച്ച് നാട്ടിലേക്ക് മടങ്ങിയത്. ‘ഈത്തപ്പഴ കൃഷിയിൽ അഭിമാനപൂർവം ഈ മലയാളി’ എന്ന തലക്കെട്ടിൽ ആ വർഷം ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയാണ് വഴിത്തിരിവായത്.
ഇത് വായിക്കാനിടയായ ഖത്തറിലെ പ്രവാസി മലപ്പുറം വണ്ടൂർ സ്വദേശി മേക്കുന്നത്ത് മുഹമ്മദ് ഫൈസൽ സുനിൽ ദത്തിനെ തമിഴ്നാട്ടിലെ തന്റെ കൃഷിത്തോട്ടത്തിലേക്ക് ക്ഷണിച്ചു. ചാവടി എന്ന ഗ്രാമത്തിലെ എട്ടേക്കർ തോട്ടത്തിൽ ഈത്തപ്പന കൃഷി നടത്താൻ സുനിലിനെ ചുമതലപ്പെടുത്തി. പ്രവാസം മതിയാക്കാൻ ആലോചിക്കുന്ന സമയമായതിനാൽ സുനിൽ ദത്തിന് ആ ക്ഷണം സ്വീകരിക്കാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.
സുനിൽ ദത്ത് തമിഴ്നാട്ടിലെ ഈന്തപ്പനത്തോട്ടത്തിൽ
400ലധികം ഈന്തപ്പന തൈകളാണ് നട്ടുപിടിപ്പിച്ചത്. കൃഷിയും പരിപാലനവും എല്ലാം സുനിൽ തനിയെയാണ് ചെയ്യുന്നത്. പ്രവാസത്തിൽ നിന്ന് ആർജിച്ചെടുത്ത പരിചയവും അനുഭവങ്ങളും കൃഷിത്തോട്ടത്തിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞെന്നും നല്ല വിളവ് ലഭിക്കുംവിധം തോട്ടത്തെ പരിപാലിച്ച് വളർത്തിയെടുക്കാനായതിൽ വലിയ സന്തോഷവും അഭിമാനവമുണ്ടെന്നും സുനിൽ ദത്ത് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
അറബ് നാട്ടിലെപ്പോലെ നാട്ടിലും ഈന്തപ്പന കൃഷി നടത്തി നൂറ് മേനി കൊയ്യാൻ കഴിയുമോ എന്ന ചിന്തയാണ് ഇത്തരമൊരു പരീക്ഷണത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും അത് വിജയം കാണുന്നുവെന്നതിൽ സന്തോഷമുണ്ടെന്നും മുഹമ്മദ് ഫൈസൽ വണ്ടൂർ പറഞ്ഞു. ഇന്ത്യയിലും ലാഭകരവും സുസ്ഥിരവുമായ കാർഷിക സംരംഭമാവും ഇന്തപ്പന എന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് മാധ്യമത്തിൽ മുമ്പ് പ്രസിദ്ധീകരിച്ച വാർത്ത
വരണ്ടതും വളരെ കുറച്ച് മഴ കിട്ടുന്നതുമായ പ്രദേശങ്ങളിൽ തഴച്ചുവളരാൻ കഴിയുന്ന ബലമുള്ളതും വരൾച്ചയെ പ്രതിരോധിക്കുന്നതുമായ വൃക്ഷമാണ് ഈന്തപ്പന. ശരിയായ സ്ഥലം ഒരുക്കൽ, തൈകൾ നട്ടുപിടിപ്പിക്കൽ, നനയും വളപ്രയോഗവും, വെട്ടി ഒതുക്കി നിർത്തൽ, ചെടികളുടെ സംരക്ഷണം, കൃത്രിമ പരാഗണം നടത്തൽ, ഫലം വിളവെടുപ്പ്, അവ സംഭരിക്കൽ എന്നിവയുൾപ്പെടെ വേണ്ട രീതിയിൽ ഭംഗിയായി പൂർത്തിയാക്കൻ കഴിഞ്ഞാൽ ഈന്തപ്പനകൃഷിയിൽ നൂറ് മേനി കൊയ്യാൻ സാധ്യക്കുമെന്ന് സുനിൽ ദത്ത് പറയുന്നു. ഫൈസലിന്റെ തോട്ടത്തിൽ മാങ്കോസ്റ്റിൻ, ചെറുനാരങ്ങ, ജാതിക്ക തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.