വന്യമൃഗങ്ങളെ തുരത്താൻ കാർബൈഡ് ഗണ്ണുകളുമായി വിദ്യാർഥികൾ
text_fieldsകാർബൈഡ് ഗണ്ണുമായി അട്ടപ്പാടി കാരറ സർക്കാർ സ്കൂളിലെ വിദ്യാർഥികൾ
അഗളി: വന്യജീവികളെ തുരത്താൻ കാർൈബഡ് ഗണ്ണുകളുമായി അട്ടപ്പാടി കാരറ സർക്കാർ യു.പി സ്കൂളിലെ വിദ്യാർഥികൾ. വേനലവധിക്കാലത്താണ് കുട്ടികൾ പ്രത്യേകതരം തോക്കുണ്ടാക്കാൻ പഠിച്ചത്. പി.വി.സി പൈപ്പും ഗ്യാസ് ലൈറ്ററും ഇൻസുലേഷൻ ടേപ്പും മാത്രം ഉപയോഗിച്ചാണ് തോക്ക് നിർമിക്കുന്നത്. കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളെ ശബ്ദമുണ്ടാക്കി തുരത്താൻ കാർബൈഡ് ഗണ്ണുകൊണ്ട് കഴിയും. അൽപം കാത്സ്യം കാർബൈഡും വെള്ളവും തോക്കിനുള്ളിൽ നിക്ഷേപിച്ച് ഗ്യാസ് ലൈറ്റർ അമർത്തിയാൽ ഇത് വലിയ ശബ്ദത്തിൽ തീ തുപ്പും. ഇതുവഴി തികച്ചും പരിസ്ഥിതി സൗഹൃദമായി വന്യമൃഗങ്ങളെ തുരത്താം. ഇതിന് ആവശ്യക്കാർ ധാരാളമുണ്ടെന്ന് കുട്ടികൾ പറയുന്നു. ഒഴിവുസമയങ്ങളിലാണ് തോക്ക് നിർമാണം. അധ്യാപകരാണ് കുട്ടികൾക്ക് നിർമാണസാമഗ്രികൾ എത്തിച്ചുനൽകുന്നത്. 500 രൂപയാണ് ഒരുതോക്കിന്‍റെ വില. വന്യമൃഗശല്യം രൂക്ഷമായ അട്ടപ്പാടിയിൽ കർഷകർക്കും ഏറെ പ്രയോജനപ്രദമാണ് കുട്ടികളുടെ ഈ കാർബൈഡ് ഗണ്ണുകൾ.