മൊബൈൽ ആസക്തി വഴിമാറി; ഇഞ്ചിയാനിയിൽ ബന്തിപ്പൂ വസന്തം
text_fieldsഇഞ്ചിയാനിയിലെ ബന്തിപ്പൂ വിളവെടുപ്പ് ബിഷപ്പ് മാർ ജോസ് പുളിക്കൽ നിർവഹിക്കുന്നു
നൗഷാദ് വെംബ്ലി
മുണ്ടക്കയം: യുവതലമുറയുടെ മൊബൈൽ ഫോണിനോടുള്ള കമ്പവും അമിത ഉപയോഗവും കുറക്കാൻ ഒരു മാർഗം ആലോചിച്ചപ്പോഴാണ് ഇഞ്ചിയാനി ഹോളി ഫാമിലി പള്ളി വികാരിയും സ്കൂൾ മാനേജറുമായ ഫാ. ജോസഫ് കല്ലൂപ്പറമ്പത്തിന്‍റെ മനസ്സിൽ ബന്തിപ്പൂ വിരിഞ്ഞത്. അത് സ്കൂളിലെ സഹപ്രവർത്തകരോട് പങ്കിട്ടതോടെ ഒരു നാടിന്‍റെ മനസ്സിൽ മുഴുവനായി പുഷ്പകൃഷി എന്ന ചിന്ത പൂത്തുലഞ്ഞു. പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ പ്രദേശവാസിയായ സുജ വടക്കുംമുറിയിലിന്‍റെ ഉടമസ്ഥതയിലുള്ള 60 സെന്‍റ് തരിശുഭൂമി നാടിന്‍റെ ഒത്തൊരുമയുടെ വിളനിലമാവുകയായിരുന്നു. രണ്ടു മാസമായി വിദ്യാർഥികളും മാതാപിതാക്കളും നാട്ടുകാരും ഒന്നുചേർന്ന് നടത്തിയ കഠിനാധ്വാനത്തിന്‍റെ ഫലമായി ആയിരക്കണക്കിന് ബന്തിപ്പൂക്കളാണ് ഇവിടെ വിരിഞ്ഞുനിൽക്കുന്നത്. ബന്തിപ്പൂ വിളവെടുപ്പ് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിച്ചു.
നാടിന്‍റെ സാംസ്കാരിക കൂട്ടായ്മ ഉറപ്പിക്കുന്നതിനായി പ്രദേശത്തെ മുഴുവൻ മതവിഭാഗങ്ങളിലെയും വിദ്യാർഥികളെ ഉൾപ്പെടുത്തി ഫാ. ജോസഫ് കല്ലൂപ്പറമ്പത്തിന്‍റെ നേതൃത്വത്തിൽ ചെണ്ടമേള പരിശീലനവും നടത്തിവരുന്നുണ്ട്. സ്കൂൾ പരിസരത്തും സമീപപ്രദേശങ്ങളിലുമായി വിപുലമായ രീതിയിൽ പച്ചക്കറി കൃഷിയും ഇവർ ചെയ്തുവരുന്നു.
ഡിജിറ്റൽ ലോകത്ത് സമയം കളഞ്ഞിരുന്ന കുരുന്നുകളെ മണ്ണിലേക്കും കൃഷിയിടങ്ങളിലേക്കും ആകർഷിച്ചെടുക്കാൻ ഫാ. ജോസഫ് കല്ലൂപ്പറമ്പത്തിന്‍റെ നേതൃത്വത്തിലുള്ള ഈ ശ്രമത്തിനായി. മണ്ണിൽ അധ്വാനിച്ച്, വിത്ത് പാകി, പൂക്കൾ വിരിയുന്നത് കണ്ടപ്പോൾ സ്ക്രീൻലോകം സമ്മാനിച്ചതിനേക്കാൾ വലിയ സന്തോഷവും ആത്മനിർവൃതിയുമാണ് ലഭിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു. കൂട്ടിക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘അഗ്രോ സർവിസ്’ ആണ് ബന്തിപ്പൂ കൃഷിക്കും പച്ചക്കറി കൃഷിക്കും ആവശ്യമായ സാങ്കേതിക നിർദേശങ്ങളും പരിപാലന സഹായങ്ങളും നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

