പുതുവർഷത്തിൽ കുതിപ്പിനായി സുഗന്ധവ്യഞ്ജന വിപണി
text_fields1. കുരുമുളക് 2. ഏലം
കട്ടപ്പന: സുഗന്ധവ്യഞ്ജനങ്ങളുടെ റാണിക്കും കറുത്തപൊന്നിനും പുതുവർഷത്തിൽ പ്രതീക്ഷ. പുതുവർഷത്തിന്റെ തുടക്കത്തിൽ മലഞ്ചരക്ക് വിപണിയിൽ പ്രതീക്ഷയുടെ കാറ്റ് വീശുകയാണ്. സുഗന്ധവ്യഞ്ജനങളുടെ റാണിയായ ഏലത്തിനും കറുത്തപൊന്നിനും വിപണിയിൽ മെച്ചപ്പെട്ട വില ലഭിക്കുന്നതാണ് കർഷകരിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിക്കുന്നത്. ഇന്ത്യയിലെ ഏലക്കവിപണിയുടെ പ്രധാന കേന്ദ്രമായ പുറ്റടി സ്പൈസ് പാർക്കിലെ ഓൺലൈൻ ലേലത്തിൽ ഒരാഴ്ചയായി ഏലക്കക്ക് നല്ല വില ലഭിക്കുന്നുണ്ട്.
പുതുവർഷത്തിൽ പുറ്റടി സ്പൈസ് പാർക്കിൽ നടന്ന കാർഡമം പ്ലാന്റേഴ്സ് അസോസിയേഷൻ ശാന്തൻപാറയുടെ ഓൺലൈൻ ലേലത്തിൽ 26388.8 കിലോ ഏലക്ക വിൽപനക്കായി പതിഞ്ഞതിൽ എല്ലാ കായും ലേലത്തിൽ വിറ്റുപോയപ്പോൾ കൂടിയ വില 3212 രൂപയും ശരാശരി വില 2413.38 രൂപയും ലഭിച്ചു. വർഷവാസന ദിനമായ 31ന് നടന്ന വണ്ടൻമേട് മാസ് ഏജൻസിസിന്റെ ഓൺലൈൻ ലേലത്തിൽ വില്പനക്കായി പതിച്ച 1,09,161.5 കിലോ ഏലക്കയിൽ 1,08,826 കിലോ ഏലക്ക വിറ്റുപോയപ്പോൾ കൂടിയ വില കിലോഗ്രാമിന് 3502 രൂപയും ശരാശരി വില 2502.9 രൂപയും ലഭിച്ചു.
ഒരാഴ്ചയായി ഓൺലൈൻ ലേലത്തിൽ ഏലത്തിനു ലഭിക്കുന്ന മെച്ചപ്പെട്ട വില ഈ വർഷം ഏലകർഷകർക്ക് പ്രതീക്ഷ നൽകുന്ന വർഷമാകുമെന്നതിന്റെ സൂചനയായാണ് കർഷകർ കരുതുന്നത്. കഴിഞ്ഞ വർഷവും എലത്തിന് തരക്കേടില്ലാത്ത വില ലഭിച്ചിരുന്നു. ഉല്പാദനത്തിൽ ഉണ്ടായിരിക്കുന്ന കുറവും അന്തർദേശീയ വിപണിയിൽ ഇന്ത്യൻ ഏലത്തിന് ഉണ്ടായിരിക്കുന്ന ഡിമാൻഡും ഉത്തരേന്ത്യൻ വിപണിയിൽ ആവശ്യക്കാർ വർധിച്ചതും ഇന്ത്യൻ ഏലത്തിന് അനുകൂലമാകുന്ന ഘടകങ്ങളാണ്.
പ്രതീക്ഷയോടെ കുരുമുളക് കർഷകർ
കുരുമുളക് വിപണിയിലും കേരളത്തിലെ കുരുമുളക് കർഷകർക്ക് പ്രതീക്ഷ നൽകുന്ന സൂചനകളാണ് ഉണ്ടായിരിക്കുന്നത്. കറുത്ത പൊന്നായ കുരുമുളക് വില കിലോക്ക് 700 രൂപക്കടുത്തെത്തി. വ്യാഴാഴ്ച കട്ടപ്പന വിപണിയിൽ ഒരു കിലോ കുരുമുളകിന് 698 രൂപവരെ വിലയുണ്ടായിരുന്നു. ഒരു മാസമായി താരതമ്യം ചെയ്യുമ്പോൾ ഇത് ശ്രദ്ധേയമായ വർധനയാണെന്ന് വ്യാപാരികൾ പറയുന്നു. ഗുണമേൻമയുള്ള കുരുമുളക് ഉൽപന്നങ്ങൾക്ക് ആവശ്യകത വർധിച്ചതും വിപണിയിലെ ലഭ്യതക്കുറവുമാണ് വില ഉയരാൻ കാരണമെന്നാണ് കർഷകർ പറയുന്നത്.
എന്നാൽ, കാലാവസ്ഥ വ്യതിയാനങ്ങളും വിപണി സാഹചര്യങ്ങളും വിലയെ ബാധിക്കാനിടയുള്ളതിനാൽ കർഷകർ കടുത്ത ജാഗ്രത പുലർത്തി വരികയാണ്. ഈ വർഷം കുരുമുളക് ഉല്പാദന കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന സൂചനകൾ കുരുമുളക് ഉല്പാദനം കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനം ഇടിയുമെന്നാണ്. അന്തർ ദേശിയ വിപണിയിൽ ഇന്ത്യൻ കുരുമുളകിന് ആവശ്യക്കാർ വർധിച്ചതും പ്രധാന കുരുമുളക് ഉൽപാദന രാജ്യങ്ങളായ ബ്രസീൽ, ഇന്തോനേഷ്യ, വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളിൽ ഉല്പാദനം കുറയുമെന്ന സുചനകളുമാണ് കാരണം. ഇത് ഇന്ത്യൻ കുരുമുളക് കർഷകർക്ക് പ്രതീക്ഷ നൽകുന്നു. ഇപ്പോഴത്തെ സൂചനകൾ അനുസരിച്ചു ഒരു മാസത്തിനുള്ളിൽ ഇന്ത്യൻ കുരുമുളകിന്റെ വില 740 രൂപ കടക്കുമെന്നാണ് പ്രമുഖ കച്ചവടക്കാർ നൽകുന്ന വിവരം. അതിനാൽ കർഷകർ കുരുമുളക് വിൽക്കാതെ പിടിച്ചു വക്കുന്നത് വിപണിയിൽ കുരുമുളകിന്റെ ഡിമാൻഡ് വർധിക്കാനും ഇടയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

