മുട്ടുണ്ടാവില്ല, പിടക്കണ മീനിന്
text_fieldsതൊടുപുഴ: മത്സ്യസമ്പത്ത് വർധിപ്പിക്കുക, ഉൽപാദനത്തിന് ആനുപാതികമായി മത്സ്യകർഷകർക്ക് വില ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് ജില്ലയിൽ ശുദ്ധജല മത്സ്യകൃഷി വ്യാപനത്തിനൊരുങ്ങി ഫിഷറീസ് വകുപ്പ്. ആദായ വിലയിൽ മത്സ്യം വിപണനം ചെയ്യാൻ കഴിയുന്നില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് മീൻ വളർത്തൽ ശാസ്ത്രീയമാക്കാനും ന്യായ വില ഉറപ്പാക്കാനുമുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പദ്ധതികളിലൂടെയും സാമൂഹിക മത്സ്യകൃഷി പദ്ധതികളിലൂടെയും റിസർവോയർ ഫിഷറീസിലൂടെയുമുള്ള മത്സ്യകൃഷി വ്യാപനമാണ് ലക്ഷ്യമിടുന്നത്.
ജില്ലയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ കർഷകർക്കായി 2021-22 സാമ്പത്തിക വർഷം 4,48,210 കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളും 1,46,870 അസം വാള മത്സ്യക്കുഞ്ഞുങ്ങളും 3,34,850 തിലോപ്പിയ മത്സ്യക്കുഞ്ഞുങ്ങളും 5000 വരാൽ മത്സ്യക്കുഞ്ഞുങ്ങളും വിതരണം ചെയ്തിരുന്നു. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ 55,663 കിലോ കാർപ്പ് മത്സ്യങ്ങളും 13,971 കിലോ വാളയും 81,330 കിലോ തിലോപ്പിയയും 160 കിലോ വരാലും ഇവിടങ്ങളിൽനിന്ന് പിടികൂടി. ജില്ലയിൽ നിരവധി കർഷകരാണ് ഇപ്പോൾ മത്സ്യ കൃഷിയിലേക്ക് തിരിഞ്ഞിട്ടുള്ളത്.
ഫിഷറീസ് വകുപ്പും മറ്റ് ഏജൻസികളും നടത്തിയ ഇടപെടലും കൃഷിയിലേക്ക് കൂടുതൽ പേർ വരാൻ കാരണമായി. സാമൂഹിക മത്സ്യകൃഷി പദ്ധതിയിലൂടെ 2021-22 സാമ്പത്തിക വർഷം അറക്കുളം, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലെ ജലാശയങ്ങളിൽ 7,50,000 കാർപ്പ് ഇനത്തിൽപെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇടുക്കി ജലസംഭരണിയുടെ അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഭാഗങ്ങളിൽ 3,58,980 തദ്ദേശീയ ഇനത്തിൽപെട്ട മത്സ്യവിത്തുകളും നിക്ഷേപിച്ചിട്ടുണ്ട്. മത്സ്യകൃഷി പ്രോത്സാഹന പദ്ധതിയിലുൾപ്പെടുത്തി കർഷർക്ക് കൂടുതൽ പ്രയോജനകരമായ പദ്ധതികളും ആവിഷ്കരിച്ച് വരുന്നതായി ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു.
പി.എം.എം.എസ്.വൈ പദ്ധതിയിൽപെടുത്തി 60 ശതമാനം സബ്സിഡിയോടുകൂടി ഏഴരലക്ഷം യൂനിറ്റ് ചെലവുവരുന്ന നൂതന മത്സ്യകൃഷി പദ്ധതിയും നടപ്പാക്കി വരുന്നു. ഇത് കൂടാതെ സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി, വീട്ടുവളപ്പിലെ കുളത്തിലെ മത്സ്യകൃഷി, മുറ്റത്തൊരു മീൻതോട്ടം പദ്ധതിയും നടപ്പാക്കുന്നുണ്ട്. ജില്ലയെ സംബന്ധിച്ച് വിപണനം പ്രാദേശികാടിസ്ഥാനത്തിലാണ് ഇപ്പോൾ നടക്കുന്നത്. ഇത് വിലയിടിവിന് കാരണമാകുന്നുവെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിൽ നഗരങ്ങൾ കേന്ദ്രീകരിച്ചും മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിങ്ങനെയുള്ള കച്ചവട കേന്ദ്രങ്ങളിലൂടെയും ശുദ്ധജല മത്സ്യങ്ങളുടെ വിപണനം വ്യാപിപ്പിക്കാനുള്ള നടപടികളാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നതെന്നും അധികൃതർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.