തണ്ണിമത്തൻ ഉൽപ്പാദനത്തിൽ 99% സ്വയംപര്യാപ്തത നേടി സൗദി അറേബ്യ; കാർഷിക മേഖലയിൽ വൻ കുതിപ്പ്
text_fieldsയാംബു: വേനൽക്കാലം കടുത്തതോടെ സൗദി അറേബ്യയിലെ പ്രാദേശിക വിപണികളിൽ തണ്ണിമത്തൻ വിൽപന സജീവമാകുന്നു. രാജ്യത്ത് പ്രതിവർഷം 6.2 ലക്ഷം ടൺ തണ്ണിമത്തൻ ഉത്പാദിപ്പിക്കുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര ഉത്പാദനത്തിൽ രാജ്യം ഇപ്പോൾ 99 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചിരിക്കുകയാണ്. വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും രാജ്യത്ത് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്നതുമായ പഴവർഗമായി തണ്ണിമത്തൻ മാറിയിരിക്കുന്നു.
റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ, അൽ ജൗഫ്, അൽ ബഹ, മദീന, അൽ ഖസീം, തബൂക്ക്, ഹാഇൽ, അസീർ, ജിസാൻ ഉൾപ്പെടെ സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും തണ്ണിമത്തൻ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. വ്യക്തിഗത ഉപഭോഗത്തിന് പുറമെ, ഭക്ഷ്യസംസ്കരണ വ്യവസായ മേഖലകളിലും വലിയ തോതിൽ ഉപയോഗിക്കുന്നതിനാൽ വലിയ സാമ്പത്തിക പ്രാധാന്യമുള്ള ഒരു തന്ത്രപ്രധാന വിളയായി തണ്ണിമത്തൻ മാറിയിരിക്കുന്നു.
സുസ്ഥിര ഗ്രാമീണ വികസന പദ്ധതികളിലൂടെ തണ്ണിമത്തൻ ഉൽപാദനത്തിെൻറ കാര്യക്ഷമത വർധിപ്പിക്കാനും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും, ഈ വിളയുടെ കൃഷി കൂടുതൽ പ്രോത്സാഹിപ്പിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, രാജ്യത്തെ സീസണൽ ഫലങ്ങളുടെ ഉപഭോഗം വർധിപ്പിക്കുന്നതിനും പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണനം കാര്യക്ഷമമാക്കുന്നതിനുമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പ്രത്യേക കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
വിറ്റാമിനുകളാൽ സമ്പുഷ്ടമായ തണ്ണിമത്തൻ ശരീരത്തിെൻറ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും നിർജലീകരണത്തിൽനിന്ന് സംരക്ഷിക്കാനും സഹായിക്കുമെന്നതിനാൽ സ്വദേശികൾക്കിടയിലും വിദേശികൾക്കിടയിലും ഒരുപോലെ ഈ പഴത്തിന് പ്രിയമേറുകയാണ്.
ഖസീമിൽ തണ്ണിമത്തൻ വിളവെടുപ്പ് സജീവം; സാമ്പത്തിക രംഗത്ത് വൻ ഉണർവ്
ബുറൈദയിലെ വിപണിയിലെത്തിയ തണ്ണിമത്തൻ
ബുറൈദ: സൗദി അറേബ്യയിലെ പ്രമുഖ കാർഷിക മേഖലയായ ഖസീമിൽ തണ്ണിമത്തൻ വിളവെടുപ്പ് കാലം ആരംഭിച്ചതോടെ കൃഷിയിടങ്ങൾ സജീവമായി. രാജ്യത്തെ തണ്ണിമത്തൻ ഉത്പാദനത്തിലും വിപണനത്തിലും ഖസീം കൈവരിച്ച മേധാവിത്വവും പ്രദേശത്തിെൻറ അനുകൂല സാഹചര്യങ്ങളുമാണ് ഈ സീസണിൽ ദൃശ്യമാകുന്നത്. നിലവിൽ കൃഷിയിടങ്ങളിൽ പ്രതിദിന വിളവെടുപ്പും വിപണിയിലേക്കുള്ള വിതരണവും സജീവമായി നടക്കുന്നുണ്ട്.
മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വേനൽക്കാല വിളകളിലൊന്നായ തണ്ണിമത്തെൻറ വിളവെടുപ്പ്, ഗതാഗതം, വിപണനം എന്നിവ പ്രാദേശിക സാമ്പത്തിക രംഗത്തിന് വലിയ ഉണർവാണ് സമ്മാനിക്കുന്നത്. ഇത് തദ്ദേശീയരായ കർഷകർക്കും തൊഴിലാളികൾക്കും നിരവധി താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുന്നു.
വിപണികളിൽ ആവശ്യത്തിന് ഉൽപന്നങ്ങൾ എത്തിക്കുന്നതിനൊപ്പം, സൗദിയുടെ കാർഷിക വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും അൽ-ഖസീമിലെ തണ്ണിമത്തൻ കൃഷി വലിയ പങ്കുവഹിക്കുന്നു. വർഷങ്ങളായുള്ള പരമ്പരാഗത പരിചയസമ്പത്ത് പ്രയോജനപ്പെടുത്തി, ഉൽപന്നങ്ങളുടെ ഗുണനിലവാരവും ഉൽപാദനക്ഷമതയും ഗണ്യമായി വർധിപ്പിക്കാൻ ഇവിടുത്തെ കർഷകർക്ക് സാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

