റബർ: സബ്സിഡിയായി സർക്കാർ 23.45 കോടി അനുവദിച്ചു; പണം കർഷകരുടെ അക്കൗണ്ടിലെത്തി തുടങ്ങി
text_fieldsതിരുവനന്തപുരം: റബറിനെ ചുറ്റി പ്രീണന രാഷ്ട്രീയം കളിക്കുന്നതിനിടെ റബർ ഉൽപാദന സബ്സിഡിയായി 23.45 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ഈ തുക കർഷകരുടെ അക്കൗണ്ടുകളിലെത്തി തുടങ്ങി. ഇക്കഴിഞ്ഞ ഫെബ്രുവരി 28 വരെയുള്ള എല്ലാ തുകയും അനുവദിച്ചതായി ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
120 കോടിരൂപയുടെ അപേക്ഷയാണ് സർക്കാരിനു മുന്നിലുണ്ടായിരുന്നത്. ഇതിൽ 30 കോടി നേരത്തെ അനുവദിച്ചിരുന്നു. ഒരു കിലോയ്ക്ക് 170 രൂപയാണ് സർക്കാർ ഇൻസെന്റീവ് പ്രഖ്യാപിച്ചത്. 140 രൂപയാണ് ഇപ്പോഴത്തെ വിപണി വില. ശേഷിക്കുന്ന തുക സർക്കാർ ഇൻസെന്റീവായി നൽകും. 1.47 ലക്ഷം കർഷകർ അപേക്ഷകളാണ് സർക്കാരിനു മുന്നിലെത്തിയത്. റബർ കർഷകർ അവരുടെ മേഖലയിലെ റബർ സൊസൈറ്റിയിലാണ് അപേക്ഷ നല്‍കേണ്ടത്.
സൊസൈറ്റി റബർ ബോർഡിന് അപേക്ഷ കൈമാറും. റബർ ബോർഡ് പരിശോധിച്ച് സർക്കാരിന് അയയ്ക്കും. ഇത്രയും നടപടി ക്രമങ്ങൾ ഉള്ളതിനാൽ തുക നൽകാൻ പലപ്പോഴും കാലതാമസം ഉണ്ടാകാറുണ്ടെന്ന് ധനവകുപ്പ് പറയുന്നു. റബർ കർഷകരുടെ സബ്സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടിരൂപയായി ഉയർത്തിയിരുന്നു. റബറിന് 300 രൂപ ലഭിക്കാൻ കേന്ദ്രസർക്കാർ ഇടപെട്ടാൽ തെരഞ്ഞെടുപ്പിൽ അനുകൂല നിലപാട് എടുക്കുമെന്ന തലശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

