കാലാവസ്ഥ വ്യതിയാനം റബർ കർഷകർ പ്രതിസന്ധിയിൽ
text_fieldsകണ്ണൂർ: ജില്ലയിലെ മലയോരമേഖലയുടെ കർഷകരുടെ അത്താണിയായിരുന്ന റബർ കൃഷി കടുത്ത പ്രതിസന്ധിയിലെന്ന് കർഷകർ. കാലാവസ്ഥ വ്യതിയാനംമൂലം ടാപ്പിങ് ചെയ്യാൻ പറ്റാതെ ജില്ലയിലെ ചെറുകിട-ഇടത്തരം കർഷകരാണ് പ്രതിസന്ധിയിലായത്.
പൊതുവേ മികച്ച ഗുണനിലവാരമുള്ള ആർ.എസ്.എസ് നാല് ഇനം റബറിന് ആഭ്യന്തര വിപണിയിൽ ക്വിന്റലിന് ഏകദേശം 27,000 രൂപയുണ്ട്. അതേസമയം, പ്രാദേശിക വിപണികളിൽ കർഷകന് ലഭിക്കുന്നത് കുറഞ്ഞ തുകയാണ്. ജില്ലയിലെ പൊതുവിപണിയിൽ റബറിന് കിലോക്ക് 249 രൂപ മാത്രമാണ് ലഭിക്കുന്നത്. ഉൽപാദനച്ചെലവ് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കുറഞ്ഞത് 300 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ കൃഷി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂവെന്നാണ് ഈ രംഗത്തെ കർഷകർ പറയുന്നത്.
മറ്റൊരു കാരണമായി പറയുന്നത് വളം, കീടനാശിനികൾ എന്നിവയുടെ അനിയന്ത്രിതമായ വിലവർധനയാണ്. കൂടാതെ, റബർ വെട്ടുന്ന തൊഴിലാളികളുടെ കൂലിക്കൂടുതലും നഷ്ടത്തിനിടയാക്കുന്നുണ്ട്. ഒരുവശത്ത് രാജ്യാന്തര വിപണിയിലെ ഇറക്കുമതി നയങ്ങൾ വിലയെ ബാധിക്കുമ്പോൾ മറുവശത്ത് കാലാവസ്ഥ വ്യതിയാനം ദോഷകരമായി ബാധിക്കുന്നു. പല കർഷകരും ബാങ്ക് വായ്പയെടുത്താണ് കൃഷി മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ, ഇപ്പോൾ വായ്പ തിരിച്ചടവുപോലും പ്രതിസന്ധിയിലായ സാഹചര്യമാണെന്നാണ് പറയുന്നത്.
റബർ സബ്സിഡി തുക അടിയന്തരമായി വർധിപ്പിക്കാനും സർക്കാർ വിപണിയിലിടപെട്ട് താങ്ങുവില ഏർപ്പെടുത്തണമെന്നുമാണ് ജില്ലയിലെ കർഷക സംഘടനകളുടെ ആവശ്യം. കർഷകരെ സഹായിക്കാൻ പ്രത്യേക പാക്കേജ് അനുവദിച്ചില്ലെങ്കിൽ ജില്ലയിലെ കാർഷികമേഖല കൂടുതൽ തകർച്ചയിലേക്ക് കൂപ്പുകുത്തുമെന്നും കർഷകർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

