ഡയോസ്കോറിയ ബാലകൃഷ്ണനി, പശ്ചിമഘട്ടത്തിലെ പുതുകിഴങ്ങ്
text_fieldsഡയോസ്കോറിയ ബാലകൃഷ്ണനി എന്ന് പേരിട്ട പുതുതായി കണ്ടെത്തിയ കിഴങ്ങിന്റെ ചെടി
കൽപറ്റ: പശ്ചിമഘട്ട ഭൂപ്രദേശത്തുനിന്ന് പുതിയൊരു തദ്ദേശീയ കിഴങ്ങ് കേരളത്തിലെ ഗവേഷകർ കണ്ടെത്തി. ഇത്തരം വന്യ ഭക്ഷ്യ ഇനങ്ങളെ കുറിച്ച് മുമ്പ് ഗവേഷണം നടത്തിയ ജൈവവൈവിധ്യ ഗവേഷകനും പൊലീസ് ഉദ്യോഗസ്ഥനും സസ്യശാസ്ത്രജ്ഞനും നിലവിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെംബർ സെക്രട്ടറിയുമായ ഡോ. വി. ബാലകൃഷ്ണനോടുള്ള ആദരസൂചകമായി, ഈ പുതിയ ഇനത്തിന് ഡയോസ്കോറിയ ബാലകൃഷ്ണനി (Dioscorea balakrishnanii) എന്ന് പേരിട്ടു.
പശ്ചിമഘട്ട മലനിരകളിലെ വയനാടൻ ഭൂപ്രദേശങ്ങൾ, തനതായ ഭക്ഷ്യയോഗ്യമായ കിഴങ്ങിനങ്ങളാൽ സമ്പന്നമാണ്. സാധാരണയായി കൃഷിചെയ്യുന്ന കാച്ചിൽ അഥവാ കാവത്ത് എന്നറിയപ്പെടുന്ന കിഴങ്ങുകളുടെ വന്യബന്ധുക്കളാണ് ഈ കിഴങ്ങുകൾ. ഡയോസ്കോറിയേസി എന്ന സസ്യകുടുംബത്തിൽപ്പെട്ട ഇവയിൽ, പുതുതായി കണ്ടെത്തിയ ഡയോസ്കോറിയ ബാലകൃഷ്ണനി ഉൾപ്പെടെ 14ലധികം ഇനങ്ങളിലായി ഏകദേശം 23 വ്യത്യസ്ത വൈവിധ്യത്തെയും വയനാട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കാട്ടുകാച്ചിൽ കൂടാതെ ആരാസീയ കുടുംബത്തിൽപെട്ട കാട്ടുചേനകളും കാട്ടുചേമ്പിലെ ഇനങ്ങളും ഏറെ പ്രധാനപ്പെട്ടവയാണ്.
ഈ കിഴങ്ങുകൾ ആദിമ സമൂഹങ്ങളുടെ പ്രധാന ഭക്ഷണ സ്രോതസ്സുകളാണ്. ഇവയിൽ ചിലത് വിഷമുള്ളവയും ചിലത് ഔഷധഗുണമുള്ളവയും മറ്റു ചിലത് ഭക്ഷ്യയോഗ്യവുമാണ്. നിത്യഹരിത ചോല വനങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ കണ്ടുവരുന്ന, ശാസ്ത്രലോകം ഇതുവരെ തിരിച്ചറിയാത്ത ഒരു കിഴങ്ങായിരുന്നു ‘ചോലക്കിഴങ്ങ്’. ഈ കിഴങ്ങിനാണ് ഇപ്പോൾ ഡയോസ്കോറിയ ബാലകൃഷ്ണനി എന്ന് നാമകരണം ചെയ്തിരിക്കുന്നത്.
ആൺ പെൺ ഇനങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ പത്തു വർഷമായി ഈ ചെടിയെ നിരന്തരം നിരീക്ഷിച്ച് പൂക്കളുടെ വ്യത്യാസങ്ങളടക്കം രേഖപ്പെടുത്തി പുതിയ ഇനമായി കണ്ടെത്തിയത് വയനാട് എം.എസ് സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിലെ പിച്ചൻ എം. സലീം, ആലപ്പുഴ സനാതന ധർമ കോളജിലെ ബോട്ടണി അസി. പ്രഫസർ ഡോ. ജോസ് മാത്യു, തിരുവനന്തപുരം കേരള കാർഷിക സർവകലാശാലയിലെ അസി. പ്രഫസർ ഡോ. എം.എം. സഫീർ എന്നിവരാണ്.
ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്രജേണലായ ‘സ്പീഷിസി’ന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വയനാടൻ ജൈവവൈവിധ്യം ഇനിയും പൂർണമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നതിന്റെ ഒരു സൂചന കൂടിയാണ് പുതിയ കിഴങ്ങിന്റെ കണ്ടെത്തലെന്ന് ഡോ. ജോസ് മാത്യു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

