വനിത കർഷകർക്ക് തിരിച്ചടിയായി ചെണ്ടുമല്ലി കൃഷി; പൂവിട്ടത് ഓണം കഴിഞ്ഞ്
text_fieldsകൊക്കയാർ: ഓണത്തിനൊരുക്കിയ ചെണ്ടുമല്ലി കൃഷി നഷ്ടത്തിലായതോടെ സങ്കടക്കടലിലാണ് വനിതാ സംരംഭകർ. സഹകരണ ബാങ്കിൽനിന്ന് വായ്പ എടുത്തു ഒരുക്കിയ കൃഷിക്ക് പ്രതികൂല കാലാവസ്ഥയാണ് തിരിച്ചടിയായത്. കൊക്കയാർ പഞ്ചായത്തിലെ വെംബ്ലിയിൽ നാല് വനിത കുടുംബശ്രീ പ്രവർത്തകരാണ് കൊക്കയാർ സഹകരണ ബാങ്കിൽ നിന്നും വ്യക്തിഗത വായ്പയെടുത്ത് ഓണ വിപണിക്കായി ചെണ്ടുമല്ലി പുഷ്പ കൃഷി നടത്തിയത്. എന്നാൽ ഓണം സീസൺ കടന്നുപോയതിന് ശേഷമാണ് വിളവെടുപ്പിനായി പൂക്കൾ വിരിഞ്ഞത്. ഇതേതുടർന്ന് വിൽപന നടത്താനായില്ല.
കണ്ടിശേരിയിൽ നീതു മനു, ചീങ്കല്ലേൽ മേരി ജോസ്, മരുതുംകുന്നേൽ സുമി സതീഷ്, പാലത്തിങ്കൽ ഷൈല സുലൈമാൻ എന്നിവർ ചേർന്നാണ് വെംബ്ലിയിലെ 10 സെന്റ് സ്ഥലത്ത് ഓണം വിപണ ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്.
ഓണക്കാലത്ത് പൂക്കൾ വിറ്റഴിച്ച് മികച്ച വരുമാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിക്ക് ഇറങ്ങിയത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ ഒരുങ്ങുകയാണിവർ. വിളവെടുത്ത പൂക്കൾക്ക് അനുയോജ്യമായ വിപണി കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഈ വനിതാ കൂട്ടായ്മ.
പൂക്കളുടെ ആവശ്യക്കാരെ കണ്ടെത്തി വിപണി പിടിക്കാനാണ് ശ്രമം. ആദ്യം ആശങ്കക്കിടയാക്കിയെങ്കിലും കൃഷിയിൽ നിന്നും പിൻമാറാതെ സജീവമാക്കാനാണ് ഇവരുടെ തീരുമാനം.
സമാന സംഭവം പഞ്ചായത്തിലെ പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്. കൊക്കയാർ സഹകരണ ബാങ്കിലെ ഭരണസമിതിയംഗങ്ങളും ജീവനക്കാരും ചേർന്ന് നാരകം പുഴയിൽ പുഷ്പകൃഷി നടത്തിയെങ്കിലും ഇതുവരെ പൂക്കൾ വിരിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

