രാമകൃഷ്ണൻ കൃഷിയിറക്കുന്നു; പാഴ്വസ്തുക്കളിൽ
text_fieldsമേലാറ്റൂർ: ഉപയോഗം കഴിഞ്ഞ് തൊടിയിലേക്കെറിയുന്ന പാഴ്വസ്തുക്കളിൽ പലവിധ കൃഷിയിറക്കുകയാണ് രാമകൃഷ്ണൻ. ഇവ ഉപയോഗിച്ച് ടെറസിലും മുറ്റത്തും കൃഷി ചെയ്യുക എന്നതാണ് വെട്ടത്തൂർ മണ്ണാർമല കോവിലകത്തിനുസമീപം നടുവിൽ പാട്ട് രാമകൃഷ്ണന്റെ (സുന്ദരൻ) പ്രധാന വിനോദം. പഴയ ഹെൽമെറ്റ്, ഫ്രിഡ്ജിന്റെ ട്രേ, തെർമോക്കോൾ പെട്ടികൾ, പഴയ അലൂമിനിയം പാത്രങ്ങൾ, പ്ലാസ്റ്റിക് ബക്കറ്റ്, ടയറുകൾ, ചാക്ക് തുടങ്ങി എന്ത് സാധനമായാലും രാമകൃഷ്ണൻ ശേഖരിക്കും. ഇവ വീട്ടിൽ എത്തിച്ച് വൃത്തിയാക്കി മണ്ണും ചാണകപ്പൊടിയുമെല്ലാം ചേർത്ത് ചെടി നടും. പച്ചക്കറികളും വീടിന് മോഡി കൂട്ടാനുള്ള അലങ്കാര ചെടികളുമാണ് ഏറെയും.
വീടിന്റെ മുറ്റവും ടെറസും ഇത്തരത്തിൽ പച്ചക്കറികളും അലങ്കാര ചെടികളും കൊണ്ട് സമ്പന്നമാണ്. ടെറസിൽ പ്ലാസ്റ്റിക് ചാക്കിൽ വിളഞ്ഞുനിൽക്കുന്ന മരച്ചീനി, ചേന, ചേമ്പ്, തെർമോക്കോൾ പെട്ടിയും മറ്റും ഉപയോഗിച്ച് കൃഷി ചെയ്ത വഴുതന, മുളക്, ചീര, വെണ്ട, പയർ തുടങ്ങി വിവിധ തരം പച്ചക്കറികൾ കൃഷി തോട്ടത്തിലുണ്ട്. കൂടാതെ ഭൂമിശാസ്ത്രപരമായി ഒട്ടും ഭംഗിയില്ലാതെ കിടക്കുന്ന മുറ്റവും പരിസരവും അലങ്കാര ചെടികൾ കൊണ്ട് മനോഹരമാണ്.
വീട്ടിലേക്കുള്ള പച്ചക്കറി പുറത്തുനിന്ന് വാങ്ങിക്കാറില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. പലപ്പോഴും വീട്ടിലെ ആവശ്യം കഴിഞ്ഞ് അയൽപക്കകാർക്കോ ബന്ധുക്കൾക്കൊ കൊടുക്കും. വെള്ള ക്ഷാമം നേരിടാർ കുഴൽ കിണറും നിർമിച്ചിട്ടുണ്ട്. പട്ടിക്കാട് കെ.എസ്.ഇ.ബി ഓഫിസിലെ ഓവർസിയറാണ് രാമകൃഷ്ണൻ. ഭാര്യ ബീന പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിലെ റിസപ്ഷനിസ്റ്റാണ്. മക്കൾ: അഞ്ജലി, ആതിര.