പ്രതിഷേധം ശക്തം; കൊയ്തെടുത്ത 37,477.47 ടൺ നെല്ല് കെട്ടിക്കിടക്കുന്നു
text_fieldsആലപ്പുഴ: നെല്ല് സംഭരണത്തിൽ മില്ലുകാരുടെ മെല്ലെപ്പോക്ക് തുടരുന്നു. കൊയ്തെടുത്തതിൽ 37,477.47 ടൺ നെല്ല് പാടങ്ങളിൽ കിടക്കുകയാണെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. കിഴിവിനെ ചൊല്ലി കർഷകരും മില്ലുകാരും തമ്മിലെ തർക്കമാണ് നെല്ല് സംഭരണത്തിൽ കാലതാമസത്തിന് ഇടയാക്കുന്നത്.
പ്രശ്നം പരിഹരിക്കാൻ കൃഷി വകുപ്പിന് കഴിയുന്നുമില്ല. കൃഷി മന്ത്രിയുടെ ഓഫിസിൽ വരെ കർഷകർ പ്രതിഷേധവുമായി എത്തിയിട്ടും സംഭരണം വേഗത്തിലാക്കാൻ നടപടിയില്ല. മഴയെത്തിയതോടെ ഒരു ക്വിന്റൽ നെല്ലിന് എട്ടുമുതൽ 14 കിലോവരെ കിഴിവ് മില്ലുകാർ ചോദിച്ചതാണ് കർഷകരുമായുള്ള തർക്കത്തിന് തുടക്കമിട്ടത്. കൃഷി മന്ത്രിയുടെ ഓഫിസിൽ വരെ പ്രതിഷേധമെത്തിയതോടെ എല്ലാം ഭദ്രമെന്ന കൃഷി വകുപ്പിന്റെ അവകാശവാദമാണ് പൊളിയുന്നത്.
പ്രശ്നത്തിൽ ഇടപെടാൻ മന്ത്രി തയാറാകുന്നില്ലെന്ന ആക്ഷേപമാണ് കർഷകർക്ക്. വേനൽമഴ കടുത്തു തുടങ്ങിയതോടെ പാടങ്ങളിൽ കൊയ്തുകൂട്ടിയ നെല്ലിൽ ഈർപ്പം കൂടുന്ന സ്ഥിതിയാണ്. അവസരം മുതലാക്കി കൂടുതൽ കിഴിവിനായി വിലപേശുകയാണ് മില്ലുകാർ.
നിവൃത്തിയില്ലാതെ മില്ലുകാർ പറയുന്ന കിഴിവ് അംഗീകരിച്ച് നെല്ല് വിട്ടുനൽകാൻ കർഷകർ നിർബന്ധിതരാവുന്നു. മേയ് 10ന് മുമ്പ് പുഞ്ചകൃഷിയുടെ വിളവെടുപ്പ് പൂർത്തീകരിക്കാനാകുമെന്നാണ് കൃഷി വകുപ്പിന്റെ പ്രതീക്ഷ. കിഴിവിന്റെ പേരിലുള്ള ചൂഷണത്തിന് വഴങ്ങാത്ത കർഷകരുടെ നെല്ലെടുക്കാൻ മില്ലുടമകൾ കൂട്ടാക്കാത്തതാണ് പല പാടങ്ങളിലും സംഭരണം വൈകാൻ ഇടയാക്കുന്നത്.
തുടർച്ചയായി പെയ്യുന്ന വേനൽമഴ കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. കൊയ്ത നെല്ല് പാടത്ത് കെട്ടിക്കിടക്കുന്നതാണ് വേനൽമഴ പെയ്യുമ്പോൾ കർഷകരെ ആശങ്കയിലാക്കുന്നത്. മഴയെ ഭയന്ന് മില്ലുകാർ ആവശ്യപ്പെട്ടത്ര കിഴിവ് സഹിച്ചും നെല്ല് നൽകാൻ ചില പാടശേഖരങ്ങളിൽ കർഷകർ നിർബന്ധിതരായി.
സംഭരണത്തിൽ മില്ലുകാരുടെ കടുത്ത നടപടികളിൽ കർഷകർക്കിടയിൽ പ്രതിഷേധം ശക്തമാണ്. ചേർത്തലയിൽ സംയുക്ത പാടശേഖര സമിതി ആലപ്പുഴ, നെൽ കർഷക സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിലാണ് ഞായറാഴ്ച കൃഷി മന്ത്രിയുടെ ഓഫിസിൽ ഉപരോധം സംഘടിപ്പിച്ചത്. നെല്ല് കൊയ്ത് ഒരുമാസം പിന്നിട്ടിട്ടും സപ്ലൈകോ വഴിയോ, മറ്റ് സംവിധാനത്തിലോ നെല്ല് സർക്കാർ ഏറ്റുടുക്കാത്തതാണ് കറഷകരെ ചൊടിപ്പിച്ചത്.
തയ്യൽ പാടശേഖരം, കന്നിട്ട, കന്നിട്ട- എ.ബി.സി, അഴീക്കൽ പാടശേഖരം, കുപ്പപ്പുറം പാടശേഖരം, ഭഗവതി പാടശേഖരം, നടുത്തുരുത്ത് പാടശേഖരം എന്നീ സമിതികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കിഴിവിനുവേണ്ടിയുള്ള മില്ലുകാരുടെ തന്ത്രങ്ങളിൽ പൊറുതിമുട്ടി ആലപ്പുഴ നഗരസഭ കൃഷി ഭവൻ പരിധിയിലെ ദേവസ്വംകരി പാടത്ത് നെല്ല് വയ്ക്കോലുൾപ്പെടെ കത്തിച്ച് കർഷകർ പ്രതിഷേധിച്ചിരുന്നു.
309 ഏക്കറുള്ള പാടശേഖരത്തിലെ 50ഓളം ഏക്കറിലെ നെല്ല് രണ്ടാഴ്ച മുമ്പ് കൊയ്തെങ്കിലും പതിര് അധികമാണെന്ന് ആരോപിച്ച് മില്ലുകാർ സംഭരണത്തിന് തയ്യാറായില്ല. നിവൃത്തിയില്ലാതെ കിലോക്ക് 15.50 രൂപ ക്രമത്തിൽ നെല്ല് വിൽക്കേണ്ടിവന്ന കർഷകർ ഒടുവിൽ പാടത്തിന് തീയിടുകയായിരുന്നു. ഓരുവെള്ളം കയറിയതാണ് നെല്ല് കൂടുതലും പതിരാവാൻ കാരണമായത്.
നെല്ല് സംഭരണത്തിൽ മില്ലുകാരുടെ കിഴിവ് കൊള്ളക്ക് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടും നെല്ലിന്റെ വില വൈകുന്നതിൽ പ്രതിഷേധിച്ചും ആലപ്പുഴ നഗരസഭ പരിധിയിൽ വരുന്ന പാടശേഖര സമിതികളുടെ സംയുക്ത സമിതിയുടെയും നെൽ കർഷക സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ നെല്ല് പുഴുങ്ങി കർഷകർ പ്രതിഷേധിച്ചിരുന്നു.
വരുംവർഷങ്ങളിൽ സംഭരണത്തിന് വ്യക്തമായ മാർഗനിർദേശം ഉണ്ടാക്കണമെന്നാണ് കർഷകരുടെ ആവശ്യം. കൃഷി, ഭക്ഷ്യ-സിവിൽ സപ്ലൈസ്, റവന്യൂ മന്ത്രിമാരുടെ ഇടപെടലാണ് പ്രശ്ന പരിഹാരത്തിന് വേണ്ടത്. ജില്ലക്കാരനായ കൃഷി മന്ത്രി ഭരണകർത്താവ് എന്ന നിലയിൽ പരാജയമാണെന്നും കർഷകർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

