വിലത്തകർച്ച, രോഗങ്ങൾ; കർഷകന് നഷ്ടംമാത്രം
text_fieldsഅടിമാലി: വിലത്തകർച്ചയും കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും കർഷകരെ തകർക്കുന്നു. എല്ലാ കൃഷികളിലും ഇവർക്ക് പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം. നഷ്ടം കൂടിയതോടെ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ. ഇതോടൊപ്പം കൃഷിയിടം സ്വന്തമാക്കുന്ന കാട്ടുമൃഗങ്ങളും കർഷകരുടെ ഉറക്കം കെടുത്തുന്നു. റബർ, തെങ്ങ്, കമുക്, കുരുമുളക്, കപ്പ തുടങ്ങി എല്ലാ വിളകളും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ നഷ്ടമാണെന്ന് കർഷകർ പറയുന്നു.
അടക്ക, കുരുമുളക് എന്നിവയ്ക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് വിലകൂടിയെങ്കിലും രോഗബാധയും കാലാവസ്ഥാവ്യതിയാനവും മൂലം ഉൽപാദനം പകുതിയിലും താഴെയായി. കോവിഡ് കാലത്ത് മിക്ക സ്ഥലങ്ങളിലും കപ്പ വ്യാപകമായി കൃഷിചെയ്തെങ്കിലും വാങ്ങാനാളില്ലാത്തതിനാൽ കർഷകർക്ക് വലിയ നഷ്ടമായിരുന്നു. അതോടെ കപ്പക്കൃഷി മിക്കവരും നിർത്തി. എന്നാൽ, പച്ചകപ്പയ്ക്ക് ഈവർഷം വില കൂടി. പൊതുവിപണിയിൽ കിലോയ്ക്ക് 45 രൂപയാണ് വില. ഏത്തക്ക വിലയും ഉയർന്നു നിൽക്കുന്നു.
ഉൽപാദനം വളരെ കുറഞ്ഞതാണ് കാരണം. മറ്റ് സംസ്ഥാനങ്ങളിൽ ഏത്തക്ക ഉൽപാദനം കുറഞ്ഞതും വില ഉയരാൻ കാരണമായി. അടിമാലി, മാങ്കുളം, വെള്ളത്തൂവൽ, വാത്തിക്കുടി, കൊന്നത്തടി, കഞ്ഞിക്കുഴി, രാജാക്കാട്, രാജകുമാരി, സേനാപതി പഞ്ചായത്തുകളിലാണ് ഏത്തവാഴ, മരച്ചീനി കൃഷി വ്യാപകമായി ഉണ്ടായിരുന്നത്. കാട്ടാന, കാട്ട് പോത്ത്, കുരങ്ങ്, പന്നി തുടങ്ങിയവ ഈ കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. ഇത്തരം കൃഷികൾ 80 ശതമാനത്തിനടുത്ത് ഈ കാരണങ്ങളാൽ കുറഞ്ഞു. ഉൽപാദിപ്പിക്കുന്ന കാർഷികവിളകൾ ന്യായമായ വില നൽകി സംഭരിക്കാനും സൂക്ഷിച്ചുവെക്കാനുമുള്ള സൗകര്യം കൃഷിവകുപ്പ് ഒരുക്കിയാൽ ആശ്വാസമാകുമെന്നാണ് കർഷകരുടെ അഭിപ്രായം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.