ഒരു തൈ നടാം കാമ്പയിൻ; ജില്ലയിൽ നട്ടത് 5,63,947 തൈകൾ
text_fieldsഓര്‍മ്മത്തുരുത്ത് ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാരിച്ചന്‍ നീറണാകുന്നേല്‍ നിർവ്വഹിക്കുന്നു
തൊടുപുഴ: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ കാമ്പയിന്‍റെ ഭാഗമായി ജില്ലയിൽ നട്ടത് 5,63,947 തൈകൾ. വിവിധ തദ്ദേശ സ്ഥാപനങ്ങളിലായാണ് തൈകൾ നടത്. ഇതിന്‍റെ ജില്ലാതല പ്രഖ്യാപനവും തദ്ദേശസ്വയംഭരണ ഭരണസമിതികളുടെ ഓർമക്കായുള്ള ഓര്‍മ്മത്തുരുത്തുകളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാരിച്ചന്‍ നീറണാകുന്നേല്‍ നിര്‍വഹിച്ചു.16 വാര്‍ഡുകളില്‍ നിന്ന് പങ്കെടുത്ത മെമ്പര്‍മാര്‍ 50 ഫലവൃക്ഷ തൈകള്‍ നട്ട് പീരുമേട് ഗ്രാമപഞ്ചായത്തിന്റെ ഓര്‍മ്മത്തുരുത്ത് സ്ഥാപിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ലക്ഷ്മി ഹെലന്‍ അധ്യക്ഷത വഹിച്ചു. പദ്ധതികളുടെ വിശദീകരണം നവകേരളം കർമ പദ്ധതി ജില്ലാ കോഓഡിനേറ്റര്‍ ഡോ.അജയ് പി. കൃഷ്ണ നിര്‍വഹിച്ചു. പള്ളിക്കുന്ന് സര്‍ക്കാര്‍ എല്‍.പി. സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സെല്‍വത്തായി, പഞ്ചായത്ത് സ്ഥിരം സമിതി ചെയർ പേഴ്സൺമാർ, കുടുംബശ്രീ ചെയര്‍പേഴ്സണ്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ എന്‍. സുകുമാരി സ്വാഗതവും ദേശീയ തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയര്‍ ശോഭന നന്ദിയും പറഞ്ഞു.
ഓർമക്കായി ഓർമത്തുരുത്തുകൾ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കാലാവധി പൂര്‍ത്തിയാകുന്നതിനോടനുബന്ധിച്ച് ഓര്‍മകളുടെ പച്ചത്തുരുത്തുകള്‍ നാടിന് സമര്‍പ്പിച്ച് അധികാരമൊഴിയുകയെന്ന ലക്ഷ്യത്തോടെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഓര്‍മ്മത്തുരുത്തുകള്‍ സ്ഥാപിക്കുന്നത്.
ഓരോ തദ്ദേശസ്ഥാപനങ്ങളും അവരുടെ ഭരണസമിതിയുടെ പേരില്‍ ഒരു ഓര്‍മത്തുരുത്ത് സ്ഥാപിച്ചാണ് ഇത് നടപ്പാക്കുന്നത്. ഹരിതകേരളം മിഷന്റെ പച്ചത്തുരുത്തുകളുടെ മാതൃകയിലാകും ഈ ഓര്‍മത്തുരുത്തുകളും. ഒരു സെന്റ് ഭൂമിയില്‍ കുറയാത്ത ഈ ഓര്‍മ്മത്തുരുത്തില്‍ പ്രസിഡന്റും മറ്റ് വാര്‍ഡ് അംഗങ്ങളും വൃക്ഷത്തൈകള്‍ നടും. ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ടമുള്ള തൈകള്‍ വാങ്ങാം. പക്ഷേ ഒത്തുചേര്‍ന്നാകും നടുക.
ഭരണസമിതി അംഗങ്ങളുടെ പേര്, പച്ചത്തുരുത്തിലെ വൃക്ഷത്തൈകളുടെ വിശദാംശങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി ഓര്‍മത്തുരുത്തിന് ഭരണസമിതിയുടെ പേരില്‍ ബോര്‍ഡും സ്ഥാപിക്കണം. ഹരിതകേരളം മിഷനാണ് ഇത്തരമൊരു വേറിട്ട ആശയം തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് മുന്നില്‍വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

