വനംവകുപ്പിന് സ്ഥിരം നഴ്‌സറി, ഇനി വർഷം മുഴുവൻ തൈകൾ
text_fieldsകൽപറ്റ ചുഴലിയില്‍ ഉദ്ഘാടനം ചെയ്ത സോഷ്യല്‍ ഫോറസ്ട്രി ജില്ല സ്ഥിരം നഴ്‌സറി മന്ത്രി
എ.കെ. ശശീന്ദ്രന്‍ സന്ദര്‍ശിക്കുന്നു
കൽപറ്റ: വര്‍ഷം മുഴുവനും ഗുണനിലവാരമുള്ള വൃക്ഷത്തൈകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ജില്ല സ്ഥിരം നഴ്‌സറി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൽപറ്റ നഗരസഭയിലെ ചുഴലിയില്‍ വനംവകുപ്പിന്റെ അധീനതയിലുള്ള 4.33 ഹെക്ടര്‍ സ്ഥലത്താണ് നഴ്‌സറി ഒരുക്കിയിരിക്കുന്നത്.
വൃക്ഷത്തൈകളുടെ ശാസ്ത്രീയ ഉൽപാദനത്തിന് ആവശ്യമായ ചോപ്പിങ് റൂം, ഹീപ്പിങ് ഏരിയ, സീഡ് ഡ്രൈയിങ് യാര്‍ഡ്, ഷെയ്ഡ് നെറ്റ്, റെയിന്‍ ഷെല്‍ട്ടര്‍, പോട്ടിങ് മിക്‌സ്ചര്‍ യൂനിറ്റ്, കമ്പോസ്റ്റ് യൂനിറ്റ് എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
തടസ്സമില്ലാതെ ജലസേചനം നടത്തുന്നതിനാവശ്യമായ കുളം, ഓവര്‍ഹെഡ് ടാങ്ക് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. മൂന്നു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വൃക്ഷത്തൈകള്‍ ഇവിടെ ഉൽപാദിപ്പിക്കാനാകും. 97 ലക്ഷം രൂപയാണ് നിർമാണപ്രവൃത്തികള്‍ക്കായി വനംവകുപ്പ് ചെലവഴിച്ചിട്ടുള്ളത്.
തൈകളുടെ ഉൽപാദനവും പരിചരണവും ശാസ്ത്രീയമായ രീതിയില്‍ ചെയ്യുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും സസ്യജാലങ്ങളെ പറ്റി അറിവ് പകരുന്നതിനും നഴ്‌സറി ഉപകരിക്കും.
സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുമ്പോള്‍ പരിപാലനവും ഉറപ്പാക്കണമെന്ന് നഴ്‌സറി ഉദ്ഘാടനം ചെയ്ത് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. എല്ലാവര്‍ഷവും വനവത്കരണത്തിന്റെ ഭാഗമായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ ധാരാളം വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മാത്രം ഒരു കോടിയിലധികം വൃക്ഷത്തൈകളെങ്കിലും നട്ടുപിടിപ്പിച്ചിട്ടുണ്ടാകും. എന്നാല്‍, ഇവ കൃത്യമായി പരിപാലിക്കുന്നതില്‍ വീഴ്ചയുണ്ടായി. വൃക്ഷത്തൈകളുടെ നടല്‍ മാത്രമല്ല, പരിപാലനവും ഉറപ്പുവരുത്തേണ്ടതുണ്ട്. ജനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ മനുഷ്യമുഖം കാണിക്കുന്നില്ലെന്ന പരാതി വനംവകുപ്പിനെതിരെ ഉയരുന്നുണ്ട്. ജനസൗഹൃദമായിരിക്കണം ജീവനക്കാരുടെ പെരുമാറ്റമെന്നും മന്ത്രി ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു.
പരിപാലിക്കണം, തൈകൾ...
സ്ഥാപനങ്ങളിലൂടെ വനവത്കരണം നടത്താനുള്ള പദ്ധതികള്‍ വ്യാപിപ്പിക്കും. ഒരു തൈ ഏത് സ്ഥാപനത്തിന്റെ പരിധിയിലാണോ വരുന്നത് അത് പരിപാലിക്കാനുള്ള ചുമതല ആ സ്ഥാപനത്തിനായിരിക്കും. സംസ്ഥാനത്തെ 28 വിദ്യാലയങ്ങളില്‍ വിദ്യാവനം എന്ന പേരില്‍ പദ്ധതി ആരംഭിച്ചുകഴിഞ്ഞു. സ്കൂളിലെ സോഷ്യല്‍ ഫോറസ്ട്രി ക്ലബുകള്‍ക്കാണ് ഇവയുടെ ചുമതല. മൂന്ന് വര്‍ഷം പരിപാലിക്കണം. കോളജ്തലത്തിലും പദ്ധതി നടപ്പാക്കുന്നുണ്ട്. 23 കോളജുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയത്. നല്ലരീതിയില്‍ പരിപാലിച്ച ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് പാരിതോഷികം നല്കുന്നതരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. കൽപറ്റ നഗരസഭ ചെയര്മാന് കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഇ. പ്രദീപ്കുമാര്‍, നോര്‍ത്ത് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡി.കെ. വിനോദ് കുമാര്‍, കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ. ദേവപ്രസാദ്, സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ആര്. കീര്‍ത്തി, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം, സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ് എം.ടി. ഹരിലാല്‍, കൗണ്‍സിലര്‍ വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.