കുരുമുളക് വില പിടിച്ചുകയറുന്നു; റബർ വെട്ടിന് മഴ തടസ്സം
text_fieldsകുരുമുളക്
കാലവർഷം പടിയിറങ്ങിയതിന് പിന്നാലെ തുലാവർഷത്തിന്റെ പ്രവേശനം റബർ മേഖലക്ക് പ്രതീക്ഷ സമ്മാനിച്ചെങ്കിലും അപ്രതീക്ഷിതമായി ന്യൂനമർദത്തിന്റെ വരവ് സ്ഥിതിഗതികൾ വീണ്ടും സങ്കീർണമാക്കി. കാലവർഷത്തെ വെല്ലുന്ന മഴയാണ് കഴിഞ്ഞ വാരം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്. പ്രതികൂല കാലാവസ്ഥക്ക് ഇടയിൽ മഴമറ ഒരുക്കിയ തോട്ടങ്ങളിൽ പോലും റബർ വെട്ടിന് അവസരം ലഭിക്കാതെ ഉൽപാദകർ തോട്ടങ്ങളിൽ നിന്ന് പൂർണമായി പിന്മാറാൻ നിർബന്ധിതരായി.
ടയർ കമ്പനികൾ നാലാം ഗ്രേഡ് റബർ 18,800 രൂപയായും അഞ്ചാം ഗ്രേഡ് 18,500 രൂപയായും ഉയർത്തിയെങ്കിലും കൊച്ചി, കോട്ടയം മാർക്കറ്റുകളിൽ വരവ് നാമമാത്രമായിരുന്നു. ചരക്കുക്ഷാമം കണക്കിലെടുത്താൽ നിരക്ക് കിലോ 200ലേക്ക് ഉയരുമെന്ന സൂചനകൾ കാർഷിക മേഖലയിൽ അലയടിച്ചത് സ്‌റ്റോക്കിസ്‌റ്റുകളെ വിൽപനയിൽനിന്ന് പിന്തിരിപ്പിച്ചു. യെന്നിന്റെ മൂല്യത്തകർച്ച വിദേശ നിക്ഷേപകരെ റബറിലേക്ക് ആകർഷിച്ചു. അന്താരാഷ്‌ട്ര റബർ വില ഉയരുമെന്ന വിലയിരുത്തലുകൾ ആഗോള ടയർ ഭീമന്മാരെ വിപണിയിൽ സജീവമാക്കാ. തായ് മാർക്കറ്റായ ബാങ്കോക്കിൽ ഉൽപന്ന വില കിലോ 179 രൂപയായി കയറി.
ദീപാവലി ആലോഷങ്ങൾക്കുശേഷം കുരുമുളക് വില ഇടിയുമെന്ന അഭ്യൂഹങ്ങളെ കാറ്റിൽ പറത്തി ഉൽപന്ന വില ഉയർന്നത് സ്‌റ്റോക്കിസ്‌റ്റുകളിൽ ആവേശം പകർന്നു. വിയറ്റ്‌നാമിലെ ചരക്കുക്ഷാമം ഇന്ത്യൻ മാർക്കറ്റിന് ഊർജം പകരുന്നതിനാൽ ഉത്തരേന്ത്യൻ വാങ്ങലുകാർ രംഗത്ത് സജീവമായത് ഉൽപന്ന വില ഉയർത്തി. നേരത്തെ ഉത്സവ ദിനങ്ങൾക്കുശേഷം വില ഇടിയുമെന്ന കാർഷിക മേഖലയിൽ അഭ്യൂഹം പരത്തി കർഷകരെ വിൽപനക്കാരാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമം നടത്തിയിരുന്നു. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 69,300 രൂപയായും ഗാർബിൾഡ് 71,300 രൂപയായും ഉയർന്നു.
വിദേശ ഇടപാടുകാർക്കൊപ്പം ആഭ്യന്തര വ്യാപാരികളും ഏലക്ക ലേലത്തിൽനിന്നും ചരക്ക് സംഭരിക്കാൻ മത്സരിച്ചു. ഉൽപാദന മേഖലയിൽനിന്നും വിൽപനക്കിറങ്ങിയ ഏലക്കയിൽ ഏറിയ പങ്കും ഇടപാടുകാർ വാങ്ങി. ക്രിസ്‌മസ് ഡിമാൻഡ് മുന്നിൽക്കണ്ടുള്ള സംഭരണമാണ് നടക്കുന്നത്. വാരാന്ത്യം ശരാശരി ഇനങ്ങൾക്ക് കിലോ 2467 രൂപയിലും മികച്ചയിനങ്ങൾ 2698 രൂപയിലുമാണ്.
പാചകയെണ്ണ വിപണിയിൽ വെളിച്ചെണ്ണക്ക് കരുത്ത് തിരിച്ചുപിടിക്കാനാവുന്നില്ല. ചിങ്ങത്തിൽ ക്വിൻറലിന് 40,000 രൂപ വരെ തമിഴ്‌നാട്ടിൽ വെളിച്ചെണ്ണ വില ഉയർന്നതോടെ ഒരു വിഭാഗം ഉപഭോക്താക്കൾ വില കുറഞ്ഞ മറ്റ് പാചകയെണ്ണകളിലേക്ക് തിരിഞ്ഞു. ദീപാവലി വേളയിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യയെണ്ണ വിൽപനയെങ്കിലും ഈ അവസരത്തിൽ വെളിച്ചെണ്ണ പിന്തള്ളപ്പെട്ടു. കൊച്ചിയിൽ 35,900 രൂപയിൽ വെളിച്ചെണ്ണ നീങ്ങുമ്പോൾ തമിഴ്‌നാട് 30,000 രൂപക്കുവരെ എണ്ണ വാഗ്‌ദാനം ചെയ്‌തിട്ടും കാര്യമായ ഓർഡറുകൾ ലഭിച്ചില്ല.
സംസ്ഥാനത്തെ ആഭരണ കേന്ദ്രങ്ങളിൽ സ്വർണം റെക്കോഡ് പ്രകടനങ്ങൾക്കുശേഷം തളർച്ചയിൽ. പവൻ അതിന്റെ എക്കാലത്തെയും ഉയർന്ന നിരക്കായ 97,360 രൂപയിൽ നിന്നും 91,200 വരെ താഴ്‌ന്ന ശേഷം വാരാന്ത്യം 92,120 രൂപയിലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 4380 ഡോളറിൽ നിന്നുള്ള ലാഭമെടുപ്പിൽ 4004ലേക്ക് ഇടിഞ്ഞ സ്വർണം ക്ലോസിങ്ങിൽ 4115 ഡോളറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

