നെല്ലിന്‍റെ സബ്സിഡി: 100 കോടി മുൻകൂർ അനുവദിച്ച് സംസ്ഥാനം
text_fieldsതിരുവനന്തപുരം: നെൽ കർഷകർക്കുള്ള സംസ്ഥാന ഉൽപാദന ബോണസിന് 100 കോടി രൂപ മുൻകൂർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. ഈ വർഷം സംഭരിച്ച നെല്ലിന്‍റെ സംസ്ഥാന ഉൽപാദന ബോണസ് വിഹിതം പൂർണമായും അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ 100 കോടി രൂപ മുൻകൂർ അനുവദിച്ചത്.
മിനിമം താങ്ങുവില പദ്ധതിക്കുകീഴിൽ, സംസ്ഥാന സംഭരിക്കുന്ന നെല്ലിന്‍റെ വില നൽകേണ്ടത് കേന്ദ്ര സർക്കാറാണ്. എന്നാൽ, ആ തുക കേന്ദ്ര സർക്കാർ നൽകാൻ തയാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഉൽപാദന ബോണസ് മുൻകൂർ നൽകാൻ തീരുമാനിച്ചത്. നെല്ല് സംഭരണം തുടങ്ങിയ ശേഷം ആദ്യമായാണ് സംസ്ഥാന വിഹിതം മുൻകൂർ നൽകാൻ തീരുമാനിക്കുന്നത്.
നെല്ല് സംഭരണം നടത്തിയ വകയിൽ കേരളത്തിന് കേന്ദ്രസർക്കാറിൽ 2601 കോടി രൂപയാണ് ലഭിക്കാനുള്ളത്. സംസ്ഥാനം നിരന്തരം അവശ്യപ്പെട്ടിട്ടും കുടിശിക അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ല. 2017–18 സാമ്പത്തിക വര്‍ഷം മുതല്‍ 2024വരെ നെല്ല് സംഭരിച്ചതിലെ കുടിശ്ശിക 1259 കോടിയും, 2024–25 വര്‍ഷത്തില്‍ സംഭരിച്ച നെല്ലിന്റെ താങ്ങുവിലയായ (എം.എസ്. പി) 1342 കോടിയും ഉൾപ്പെടെയാണ് ലഭിക്കാനുള്ളത്.
2024 –25ലെ ഒന്നാം വിളയില്‍ 57,529 കര്‍ഷകരില്‍നിന്ന് 1.45 ലക്ഷം ടൺ നെല്ലും, രണ്ടാംവിളയിൽ 1,49,615 കര്‍ഷകരില്‍നിന്ന് 4.35 ലക്ഷം ടണ്‍ നെല്ലുമാണ് സംഭരിച്ചത്. ആകെ 1645 കോടി രൂപയുടെ നെല്ല് ശേഖരിച്ചതിൽ 1413 കോടി രൂപ കർഷകർക്ക് നൽകി. കേന്ദ്രത്തിൽ നിന്ന് തുക ലഭിക്കാത്ത സാഹചര്യത്തിൽ, സംഭരിച്ച നെല്ലിന്‍റെ വിലയായ മുഴുവൻ തുകയും ഓണത്തിന് ലഭ്യമാകുന്നത് ഉറപ്പാക്കാനാണ് ഉൽപാദന ബോണസ് മുൻകൂർ ലഭ്യമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

