നെല്ലുസംഭരണ വില; ഒരുമാസമായിട്ടും അക്കൗണ്ട് തുറന്നുനൽകാതെ ബാങ്കുകൾ
text_fieldsഎലവഞ്ചേരി: കഴിഞ്ഞ രണ്ടാംവിള നെല്ലുസംഭരണ വില ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്ന സർക്കാർ വാഗ്ദാനം പാഴായി. നെല്ലുവില നൽകുന്നതിന് ബാങ്കുകളുടെ കൺസോർഷ്യത്തെ ചുമതലപ്പെടുത്തി സർക്കാർ കൈയൊഴിഞ്ഞതായി കർഷകർ പറയുന്നു. സ്റ്റേറ്റ് ബാങ്ക്, കനറാ ബാങ്ക് എന്നീ ബാങ്കുകളെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. കർഷകരുടെ പേരും തുകയും അടങ്ങുന്ന പട്ടിക കൃഷിഭവനും ബാങ്കുകളും മുഖേന പ്രസിദ്ധപ്പെടുത്തി ബാങ്കുകളെ ബന്ധപ്പെടാൻ നിർദേശിച്ചിരുന്നു.
കേരള ബാങ്ക് വഴി പണം ലഭിക്കാനായി രജിസ്റ്റർ ചെയ്ത കർഷകർക്കാണ് മറ്റു ബാങ്കുകൾ മുഖേന പണം സ്വീകരിക്കാൻ നിർദേശം നൽകിയത്. കനറാ ബാങ്കിൽ അക്കൗണ്ട് ഇല്ലാത്ത കർഷകർക്കാണ് അക്കൗണ്ട് തുറക്കാൻ അപേക്ഷ നൽകി ഒരു മാസമായിട്ടും നടപടിയില്ലെന്ന് പരാതിയുള്ളത്. അക്കൗണ്ട് തുറക്കാനുള്ള അപേക്ഷ സ്വീകരിക്കുമ്പോൾ ഒരാഴ്ചക്കകം കർഷകർക്ക് പണം നൽകുമെന്നാണ് ബാങ്കുകൾ വാഗ്ദാനം ചെയ്തിരുന്നത്. നെന്മാറ കനറാ ബാങ്കിൽ 900 ത്തോളം കർഷകരുടെ അപേക്ഷ ഉണ്ടെന്നും അതുകൊണ്ടാണ് വൈകുന്നതെന്നും ബാങ്ക് അധികൃതർ പറയുന്നു.
എന്നാൽ, പുതുതലമുറ ബാങ്കുകൾ മൊബൈലിലൂടെ പോലും സീറോ ബാലൻസ് അക്കൗണ്ട് നിമിഷങ്ങൾക്കകം തുറന്നുനൽകുന്ന കാലത്താണ് ആഴ്ചകളോളം കെട്ടിവെച്ചിരിക്കുന്നതെന്ന് എലവഞ്ചേരിയിലെ കർഷകർ പറയുന്നു. ബാങ്ക് അക്കൗണ്ട് നമ്പർ കിട്ടിയാൽ മാത്രമേ നെല്ല് സംഭരണ പി.ആർ.എസ് രസീതും മറ്റു രേഖകളും സമർപ്പിച്ച് കർഷകന് എട്ടുമാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ലഭിക്കുകയുള്ളൂ.
ഓണം കഴിഞ്ഞതോടെ നെല്ല് വില നൽകുന്ന കാര്യത്തിൽ സപ്ലൈകോയും സർക്കാറും നടപടി സ്വീകരിക്കുന്നില്ലെന്നും കർഷകർ പറയുന്നു. രണ്ടാം വിള കൊയ്ത്ത് ആരംഭിച്ചതിനാൽ കർഷകരുടെ ദുരിതം ഇരട്ടിയായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.