കാലവര്‍ഷം ദുര്‍ബലം; ചാറ്റിലാംപാടത്ത് നെല്‍കൃഷി ഉണക്കുഭീഷണിയില്‍
text_fieldsവെള്ളമില്ലാതെ ഉണക്കുഭീഷണി നേരിടുന്ന ചാറ്റിലാംപാടം
കൊടകര: മറ്റത്തൂര്‍ കൊടകര പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള ചാറ്റിലാംപാടത്തെ ഏക്കര്‍ കണക്കിന് വിരിപ്പ് കൃഷി ഉണക്കുഭീഷണിയില്‍. അപ്രതീക്ഷിതമായി കാലവര്‍ഷം ദുര്‍ബലമായതോടെ വെള്ളം കിട്ടാതെ ഉണങ്ങുകയാണ് നെല്‍കൃഷി. കാലവര്‍ഷം എത്താന്‍ വൈകിയതിനെ തുടര്‍ന്ന് പതിവിലും വൈകിയാണ് കൃഷിയിറക്കിയത്. ജൂണ്‍ ആദ്യത്തോടെ വിത പൂര്‍ത്തിയാക്കാറുള്ള പാടശേഖരത്ത് ജൂലൈ പകുതിയോടെയാണ് ഇക്കുറി കൃഷിയിറക്കാനായത്. രണ്ട് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള ചാറ്റിലാംപാടം കൊടകര, മറ്റത്തൂര്‍ കൃഷിഭവനുകള്‍ക്ക് കീഴിലാണ്.
മറ്റത്തൂര്‍ കൃഷിഭവന്റെ പരിധിയിലുള്ള നിലങ്ങളില്‍ ജ്യോതി വിത്തുപയോഗിച്ചാണ് വിരിപ്പ് കൃഷിയിറക്കിയത്. കൊടകര കൃഷിഭവന്റെ പരിധിയിലെ കര്‍ഷകര്‍ അന്നപൂര്‍ണയാണ് വിതച്ചത്. ഉണക്കുഭീഷണി നേരിടുന്ന വിരിപ്പുകൃഷി നശിക്കാതിരിക്കാന്‍ ചാലക്കുടി ജലസേചന പദ്ധതിയിലെ ആറേശ്വരം ഉപ കനാല്‍ വഴി വെള്ളം എത്തിക്കണമെന്ന് ആവശ്യമാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്.