നെല്ലുസംഭരണം സംഘങ്ങളുടെ കൈകളിലേക്ക്
text_fieldsപാലക്കാട്: ഏറെ ചർച്ചകൾക്കും യോഗത്തിനുശേഷം പല തവണ മാറ്റിവെച്ച സപ്ലൈകോ നെല്ല് സംഭരണത്തിൽ സംഘങ്ങളെ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് ഒടുവിൽ അംഗീകാരമായി. ജില്ലയിലെ രണ്ടാം വിള നെല്ലുസംഭരണം പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ നിർവഹിക്കും.
ജനുവരി അഞ്ചിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗതീരുമാനത്തിന്റെയും ജനുവരി 14ലെ സഹകരണ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിന്റെയും മന്ത്രിസഭ അംഗീകരിച്ച വി.കെ. ബേബി കമ്മിറ്റി റിപ്പോർട്ടിന്റെയും ചുവടുപിടിച്ചാണിത്. തിരുവനന്തപുരത്ത് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
2019 മുതൽ നടപ്പാക്കാൻ ലക്ഷ്യമിട്ട പദ്ധതി, മുന്നണിക്കുള്ളിലെ വിയോജിപ്പ് ഉൾപ്പെടെ പല കാരണത്താൽ മൂന്നു തവണ മാറ്റി വെക്കുകയായിരുന്നു. ഒടുവിൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് പദ്ധതി നടപ്പാക്കാൻ തീരുമാനമായത്.
സപ്ലൈകോ നോഡൽ ഏജൻസിയായി തുടരും. ജില്ലയിൽ പൈലറ്റ് പദ്ധതിയായി തുടങ്ങുന്ന സഹകരണ നെല്ലുസംഭരണ ബദൽ അടുത്ത വർഷം സംസ്ഥാനത്തൊട്ടാകെ നടപ്പാക്കും. ഇതിനിടെ നിലവിൽ സ്വകാര്യമില്ലുകൾക്ക് പാടശേഖരം അനുവദിച്ചത് റദ്ദാക്കും. പ്രാഥമിക സംഘങ്ങൾ കർഷകരിൽനിന്ന് നെല്ല് സംഭരിച്ച് കാലതാമസമില്ലാതെ വില നൽകും.
ജില്ല-താലൂക്ക് തലത്തിൽ പ്രാഥമിക സംഘങ്ങൾ, പാടശേഖര സമിതികൾ, കർഷകർ ഓഹരി പങ്കാളിത്തമുള്ള നോഡൽ സഹകരണ സംഘങ്ങൾ രൂപവത്കരിക്കും. നോഡൽ സംഘങ്ങളുടെ ഉടമസ്ഥതയിലോ വാടകക്കോ ഉള്ള മില്ലുകളിൽ നെല്ല് സംസ്കരിക്കാം. 100 കിലോഗ്രാം നെല്ലിന് 68 കിലോഗ്രാം അരി എന്ന ഔട്ട് ടേൺ റേഷ്യോ പ്രകാരം അരി സപ്ലൈകോക്ക് നൽകണം. കേന്ദ്ര താങ്ങുവിലയും കൈകാര്യ ചെലവും പ്രോത്സാഹന വിഹിതവും കടത്തു കൂലിയും സംഘങ്ങൾക്ക് സപ്ലൈകോ നൽകും.
നെല്ലുവില നൽകാൻ സംഘങ്ങൾക്ക് മിച്ചഫണ്ടോ കേരള ബാങ്ക് വായ്പയോ ഉപയോഗിക്കാം. കേരള ബാങ്ക് പ്രത്യേക സാമ്പത്തിക സഹായ വായ്പാ പദ്ധതി ആവിഷ്കരിക്കും. സംഘങ്ങൾക്ക് നഷ്ടം വരാതിരിക്കാൻ നെല്ലുസംഭരണത്തിന് ചെലവാക്കുന്ന തുകക്ക് നിശ്ചിത സാമ്പത്തിക ഇൻസെന്റീവ് സർക്കാർ നൽകും. ജില്ലതല ഏകോപന സമിതിക്കാണ് നടത്തിപ്പ് ചുമതല. ഡിജിറ്റൽ പോർട്ടൽ മുഖേനയാകും എല്ലാ പ്രവർത്തനങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

