ഒമാനിൽ ഒലീവ് കൃഷി വ്യാപിപ്പിക്കാൻ ബൃഹദ് പദ്ധതി
text_fieldsമസ്കത്ത്: ഒമാൻ സുൽത്താനേറ്റിൽ കാർഷിക രംഗത്ത് വൻ വിപ്ലവത്തിന് വഴിതുറന്ന് ഒലീവ് കൃഷി വ്യാപിപ്പിക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തദ്ദേശീയ കർഷകർക്ക് മികച്ച വരുമാനമാർഗം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യം ഒലീവ് കൃഷി വ്യാപിപ്പിക്കാനൊരുങ്ങുന്നത്. കാർഷിക, മൽസ്യബന്ധന, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് ഒമാൻ അഗ്രിക്കൾചറൽ ആൻഡ് ഫിഷറീസ് ഡെവലപ്‌മെന്റ് ഫണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. 1.5 ലക്ഷം ഒമാനി റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന ഈ വികസന പദ്ധതി 2027 അവസാനം വരെ നീണ്ടുനിൽക്കും. ദാഖിലിയ ഗവർണറേറ്റിലെ പ്രശസ്തമായ ജബൽ അഖ്ദർ ഉൾപ്പെടെ, ഒലീവ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഭൂപ്രകൃതിയുള്ള വിവിധ പ്രദേശങ്ങളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രാദേശികമായ പരിസ്ഥിതിക്കും കാലാവസ്ഥക്കും ഏറ്റവും അനുയോജ്യമായ പുതിയ ഒലീവ് ഇനങ്ങൾ ഒമാനിൽ പരിചയപ്പെടുത്തുകയും അവയുടെ ഉൽപാദനക്ഷമത വിലയിരുത്തുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉയർന്ന സാമ്പത്തിക മൂല്യമുള്ള ഈ പദ്ധതി വഴി പ്രാദേശിക ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണി മൂല്യം ലഭ്യമാക്കാനും സാധിക്കും. ഒലീവ് ഉൽപാദനം വർധിപ്പിക്കുന്നതിനായി ഫണ്ടിന്റെ തുടക്കം മുതൽ ഇതുവരെ 223,500 റിയാൽ ചെലവിൽ രണ്ട് വലിയ പദ്ധതികൾക്ക് ധനസഹായം നൽകിയിട്ടുണ്ടെന്ന് അഗ്രികൾചറൽ ഫണ്ട് പ്രൊജക്ട് ഫിനാൻസിങ് ആൻഡ് ഫോളോ-അപ്പ് വിഭാഗം മേധാവി റുഖയ്യ ബിൻത് മസൂദ് അൽ റംഹി ഒമാൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഒമാനിൽ ഏകദേശം 80 ഏക്കറോളം സ്ഥലത്ത് ഒലീവ് കൃഷി നടത്തിവരുന്നുണ്ട്. നിലവിൽ രാജ്യത്ത് 20,000 ലേറെ ഒലീവ് മരങ്ങളുണ്ട്. പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്ന ഓരോ ഗവർണറേറ്റിലും കുറഞ്ഞത് അഞ്ച് ഏക്കർ വീതം സ്ഥലത്ത് പുതിയ ഒലീവ് ഇനങ്ങൾ കൃഷി ചെയ്യും.
സ്മാർട്ട് കൃഷി
കർഷകർക്ക് പരമ്പരാഗത രീതികൾക്കപ്പുറം ആധുനിക സാങ്കേതികവിദ്യകൾ ലഭ്യമാക്കുക, ഒലീവ് ഓയിൽ ഉൽപാദിപ്പിക്കുന്ന മില്ലുകളുടെ കാര്യക്ഷമതയും ഗുണനിലവാരവും വർധിപ്പിക്കുക, കർഷകർക്ക് വിദഗ്ധ പരിശീലനവും സാങ്കേതിക വിജ്ഞാനവും കൈമാറുക എന്നിവയും ഈ പദ്ധതിയുടെ ഭാഗമാണ്. കൂടാതെ, ഒമാനിൽ ഉൽപാദിപ്പിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള ഒലീവ് ഓയിലിനായി പ്രത്യേക ബ്രാൻഡിങ്ങും വിപണന തന്ത്രവും രൂപീകരിക്കാനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്. പ്രകൃതിവിഭവങ്ങളും ജലവും വളരെ കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ട് സുസ്ഥിര വികസനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അഗ്രി-ടൂറിസത്തിന് പുതിയ സാധ്യതകൾ
അനുകൂലമായ കാലാവസ്ഥയുള്ള ജബൽ അഖ്ദർ പോലുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഈ പദ്ധതി വഴി അഗ്രി-ടൂറിസം പ്രോത്സാഹിപ്പിക്കാൻ സാധിക്കും. സഞ്ചാരികൾക്ക് ഒലീവ് തോട്ടങ്ങൾ സന്ദർശിക്കാനും ഒലീവ് ഓയിൽ നിർമാണം നേരിട്ട് കാണാനുമുള്ള അവസരങ്ങൾ ഒരുക്കുന്നതുവഴി രാജ്യത്തെ വിനോദസഞ്ചാര മേഖലക്കും ഇത് വലിയ സംഭാവന നൽകും. വിനോദസഞ്ചാരവും കൃഷിയും സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയ പദ്ധതികൾ വരുംദിവസങ്ങളിൽ കൂടുതൽ സജീവമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

