വിയറ്റ്നാമിൽ മാത്രമല്ല; തൃക്കുന്നപ്പുഴയിലും വിളയും ഗാക് ഫ്രൂട്ട്
text_fieldsമുഹമ്മദ് റാഫിയുടെ മട്ടുപ്പാവിൽ വിളഞ്ഞ ഗാക് ഫ്രൂട്ട്
ആറാട്ടുപുഴ: വിയറ്റ്നാമിൽ മാത്രമല്ല പരിശ്രമിച്ചാൽ തൃക്കുന്നപ്പുഴയിലും വിളയും ഗാക് ഫ്രൂട്ടെന്ന് തെളിയിക്കുകയാണ് മുഹമ്മദ് റാഫി. വീടിന്റെ മട്ടുപ്പാവിൽ നിർമിച്ച വിശാല പന്തലിൽ വിവിധ വർണങ്ങളിലുള്ള ഗാക് ഫ്രൂട്ട് വിളഞ്ഞുനിൽക്കുന്ന മനോഹര കാഴ്ച കൗതുകമുണർത്തുന്നതാണ്. തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി നെടുംപറമ്പിൽ വീട്ടിൽ മുഹമ്മദ് റാഫിയാണ് കേരളത്തിൽ അപൂർവമായി മാത്രം കൃഷിചെയ്യുന്ന ഗാക് ഫ്രൂട്ട് കൃഷിയിൽ വിജയംവരിച്ചത്.
ഏറെ പ്രത്യേകതകളുള്ള വിയറ്റ്നാം സ്വദേശിയായ ഈ ഫലം ഓരുവെള്ളമൊഴുകുന്ന തോടുകൾ അതിരിടുന്ന തീരദേശ ഗ്രാമത്തിലെ പറമ്പിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വളർത്തുക എന്നത് ശ്രമകരമായ പണിയായിരുന്നു. പലതവണ പരാജയപ്പെട്ടെങ്കിലും വ്യത്യസ്തമായ കൃഷിരീതികൾ ഇഷ്ടപ്പെടുന്ന റാഫി പിന്മാറാൻ തയാറായില്ല. സ്വർഗത്തിലെ പഴമെന്ന് വിളിപ്പേരുള്ള ഗാക് ഫ്രൂട്ട് ഒടുവിൽ പ്രതീക്ഷിച്ചതിലുമപ്പുറമായി വിജയിച്ചപ്പോൾ മുഹമ്മദ് റാഫിക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം.
വൈക്കം സ്വദേശി ആന്റണിയിൽനിന്നാണ് തൈകൾ ശേഖരിച്ചത്. നാല് തൈകളിൽ ഒന്ന് ഗുണപ്പെട്ടില്ല. ടെറസിലാണ് കൃഷിയെങ്കിലും 40 വർഷം ഒരു ചെടിക്ക് ആയുസ്സുള്ളതിനാൽ വീടിനോട് ചേർന്ന് മണ്ണിലാണ് തൈകൾ നട്ടത്. പച്ചയിൽ തുടങ്ങി ചുവപ്പിലെത്തുമ്പോഴാണ് പഴം വിളവെടുക്കാൻ പാകമാകുന്നത്. പഴത്തിന് ഒരു കിലോക്ക് മുകളിൽ ഭാരം ഉണ്ട്. ഒരു പഴത്തിന് 1000 മുതൽ 1500 രൂപ വരെയാണ് വിപണി വില. കേരളത്തിലെ പ്രമുഖ ഗാക് ഫ്രൂട്ട് കർഷകൻ അങ്കമാലി സ്വദേശി ജോജിയുടെ ഉപദേശം കൃഷിക്ക് ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്.
സി.പി.സി.ആർ.ഐയിലെ ശാസ്ത്രജ്ഞൻ ശിവകുമാറും തൃക്കുന്നപ്പുഴ കൃഷി ഓഫിസർ ദേവികയും സന്ദർശിച്ച് ആവശ്യമായ പ്രോത്സാഹനം നൽകുന്നതായി മുഹമ്മദ് റാഫി പറഞ്ഞു.നേരിയ ചവർപ്പ് രുചിയുണ്ടെങ്കിലും വിറ്റാമിൻ സി, മൂലകങ്ങൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഗാക് പഴം. ജ്യൂസ്, അച്ചാർ, സോസ് തുടങ്ങി മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇലകൾ പച്ചക്കറിയായും ഉപയോഗിക്കാം. തോടും ഭക്ഷ്യയോഗ്യമാണ്.
വിത്തിന്റെ വിപണനമാണ് മുഹമ്മദ് റാഫി പ്രധാനമായും ലക്ഷ്യംവെക്കുന്നത്. കൂടാതെ പഴം സംസ്കരിച്ച് വിൽപന നടത്താനും ഉദ്ദേശ്യമുണ്ട്. കൃഷിയെ സ്നേഹിക്കുന്ന റാഫിയുടെ സ്വന്തമായുള്ള 45 സെന്റ് സ്ഥലത്ത് 50 ഇനത്തിൽപെട്ട വ്യത്യസ്ത ഫലവൃക്ഷങ്ങളുണ്ട്. 120 ഗ്രോ ബാഗിൽ പച്ചക്കറി കൃഷി ചെയ്യുന്നു. വീട്ടുമുറ്റത്തെ രണ്ടു കുളത്തിൽ വിവിധ ഇനത്തിൽപെട്ട അലങ്കാരമത്സ്യങ്ങളെ വളർത്തുന്നു. മാതാവ് സൗദാബീവിയും ഭാര്യ റസീനയും മക്കളായ യാസ്മിനും ഷാഹിദും കൃഷിയിൽ സഹായിക്കാൻ മുഹമ്മദ് റാഫിക്ക് ഒപ്പമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.