ഒറ്റപ്പാലം: മേഖലയിലെ നെൽപാടങ്ങളിൽ കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിക്കുന്നതിനിടയിലും പരമ്പരാഗത കർഷകനായ ഉണ്ണികൃഷ്ണെൻറ അമ്പലവട്ടം പനമണ്ണയിലെ കൃഷിയിടങ്ങളിൽനിന്ന് ഉയരുന്നത് കൊയ്ത്തുപാട്ട്.
ചെലവ് കുറഞ്ഞ മെഷീൻ കൊയ്ത്ത് മെതി സംവിധാനങ്ങൾ പ്രചാരത്തിലായിട്ടും ഇതിനോട് പുറംതിരിഞ്ഞ് നിൽക്കുകയാണ് ജൈവ കർഷകൻ കൂടിയായ സൗത്ത് പനമണ്ണയിലെ സുകൃതത്തിൽ ഉണ്ണികൃഷ്ണൻ എന്ന 53കാരൻ. യന്ത്രം ഉപയോഗിച്ചാൽ രണ്ടേക്കറോളം പാടശേഖരത്തിലെ കൊയ്ത്തും മെതിയും ഏതാനും മണിക്കൂറുകൾകൊണ്ട് പൂർത്തിയാക്കാമെന്നിരിക്കെ ദിവസങ്ങളാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്.
യന്ത്ര കൊയ്ത്തിൽ ലഭിക്കുന്ന വയ്ക്കോലിെൻറ ഗുണനിലവാരക്കുറവ് മൂലം ആവശ്യക്കാർ ഇല്ലാത്തതും നീണ്ടകാലത്തെ സൂക്ഷിപ്പിന് പരമ്പരാഗത രീതിയിൽ മെതിച്ചുകിട്ടുന്ന നെല്ലാണ് ഉത്തമമെന്നതുകൊണ്ടുമാണ് ഈ രീതി ആശ്രയിക്കുന്നതെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. ഒരു ചുരുട്ട് വയ്ക്കോലിന് മൂന്നര രൂപയോളം ലഭിക്കുമെന്നതിനാൽ കൊയ്ത്ത് ചെലവ് അധികരിക്കാറില്ല. സിവിൽ സപ്ലൈസ് നടത്തുന്ന സംഭരണത്തിന് ഇദ്ദേഹം നെല്ല് കൊടുക്കുന്ന പതിവില്ല.
തവിട് കളയാത്ത ഇദ്ദേഹത്തിെൻറ ജൈവ അരിക്ക് മേഖലയിൽ തന്നെ ആവശ്യക്കാരുള്ളതാണ് കാരണം. ബിരിയാണിക്ക് ഉപയോഗിക്കുന്ന ജീരകശാല ഇനം നെല്ല് പാടശേഖരത്തിൽ കൃഷി ചെയ്യുന്നതിനാൽ കീടശല്യം ഉണ്ടാകാറില്ലെന്നും അതുകൊണ്ടുതന്നെ കീടനാശിനി പ്രയോഗം വേണ്ടിവരാറില്ലെന്ന അനുഭവവും ഇദ്ദേഹം പങ്കുവെക്കുന്നു.
കൂലി നെല്ലായി നൽകാറില്ല. പകരം സ്ത്രീ തൊഴിലാളിക്ക് 400 രൂപയും ചെലവും നൽകും. എള്ള്, ഇഞ്ചി, പച്ചക്കറി തുടങ്ങിയവയും ഉണ്ണികൃഷ്ണൻ പരീക്ഷിച്ചു വിജയിച്ച ജൈവ കൃഷികളാണ്. കൃഷിയിൽ അച്ഛെൻറ പാത പിന്തുടരുന്ന അദ്ദേഹം ഒരു ടി.വി മെക്കാനിക്കുമാണ്. ജീരകശാല നെൽക്കതിർ ഉപയോഗിച്ച് ഇദ്ദേഹം നിർമിക്കുന്ന കതിർക്കുലകൾക്കും ആവശ്യക്കാരെത്തുന്നുണ്ട്.