കർഷക ക്ഷേമനിധി ആനുകൂല്യവിതരണം മുടങ്ങിയിട്ട് ഒമ്പതുവർഷം; കാത്തിരിക്കുന്നത് 32,536 പേർ
text_fieldsഇരിട്ടി: കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് 60 വയസ്സ് പൂർത്തിയാകുമ്പോൾ ക്ഷേമനിധി ബോർഡ് വഴി സർക്കാറിൽനിന്ന് ലഭിക്കേണ്ട അതിവർഷാനുകൂല്യം വിതരണം നിലച്ചിട്ട് ഒമ്പത് വർഷം.
ക്ഷേമനിധിയിൽ അംഗങ്ങളായി മുറതെറ്റാതെ വർഷങ്ങളായി അംശാദായമടച്ച് 60 വയസ്സ് പൂർത്തിയായി അതിവർഷാനുകൂല്യത്തിനായി ജില്ല ക്ഷേമനിധി ഓഫിസിൽ അപേക്ഷ നൽകിയ ജില്ലയിലെ രണ്ടു ലക്ഷം ക്ഷേമനിധി അംഗങ്ങളിൽ 32,536 പേരാണ് ക്ഷേമനിധി ബോർഡിൽനിന്നുള്ള ആനുകൂല്യത്തിനായി കാത്തിരിക്കുന്നത്. അപേക്ഷ നൽകിയ പലരും ആനുകൂല്യം കൈപ്പറ്റാനാകാതെ വാർധക്യസഹജമായ അസുഖത്താൽ മരണത്തിനും കീഴടങ്ങി. 2014 ജൂൺ വരെയാണ് ക്ഷേമനിധി അംഗങ്ങളായി 60 വയസ്സ് പൂർത്തിയായവർക്കുള്ള അതിവർഷാനുകൂല്യം എറ്റവും ഒടുവിലായി വിതരണം ചെയ്തത്.
2014 ജൂൺ മുതൽ ഇങ്ങോട്ടുള്ള ഒമ്പതു വർഷത്തിനുള്ളിൽ അപേക്ഷ നൽകിയ 32,536 പേരാണ് ആനുകൂല്യങ്ങൾക്കായി കാത്തുനിൽക്കുന്നത്. കാർഷികമേഖലയിൽ ജോലിചെയ്യുന്ന 18നും 60നും ഇടയിലുള്ള തൊഴിലാളികളുടെ ക്ഷേമത്തിനായാണ് ഇത്തരത്തിലൊരു പദ്ധതി കേരളത്തിൽ നടപ്പിലാക്കിയത്.
ഇതുപ്രകാരം ക്ഷേമനിധിയുടെ ആരംഭഘട്ടത്തിൽ രണ്ടു രൂപയും പിന്നീടത് അഞ്ചു രൂപയുമായിരുന്നു അംശാദായമായി മാസംതോറും അടച്ചിരുന്നത്. 2020 മുതൽ ഇത് 20 രൂപയായി വർധിപ്പിച്ച് ഒരു വർഷം 240 രൂപയാണ് അംശാദായമായി ക്ഷേമനിധി അംഗങ്ങൾ അടക്കേണ്ടത്.
ഇങ്ങനെ അംശാദായമടച്ച് 60 വയസ്സ് പൂർത്തിയാകുമ്പോൾ ഒരംഗത്തിന് ഒറ്റത്തവണയായി 10,000 രൂപയാണ് അതിവർഷാനുകൂല്യമായി സർക്കാർ നൽകിവരുന്നത്. അംശാദായമടക്കുന്ന തുകക്കനുസരിച്ചാണ് ആനുകൂല്യം ലഭിക്കുക.
ഇങ്ങനെ നൽകേണ്ട ആനുകൂല്യമാണ് കഴിഞ്ഞ ഒമ്പതു വർഷമായി നിലച്ചിരിക്കുന്നത്. ജോലിചെയ്യാൻ കഴിയാതെവരുന്ന പ്രായത്തിൽ ലഭിക്കുന്ന ഈ തുക സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരാശ്വാസമായിരുന്നു. സാമ്പത്തികപ്രതിസന്ധി കാരണം സർക്കാർ തങ്ങൾക്ക് ഫണ്ട് അനുവദിക്കാത്തതിനാലാണ് ആനുകൂല്യം വിതരണം ചെയ്യാൻ സാധിക്കാത്തതെന്നാണ് ക്ഷേമനിധി ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ ബജറ്റിൽ 100 കോടി രൂപ ക്ഷേമനിധി ആനുകൂല്യ വിതരണത്തിനായി സർക്കാർ പ്രഖ്യാപിച്ചെങ്കിലും ധനവകുപ്പ് ഇനിയും തുക അനുവദിച്ചില്ലെന്നാണ് അറിയുന്നത്. കണ്ണൂർ ജില്ലയിൽ മാത്രം 32 കോടിയോളം രൂപ ആനുകൂല്യ വിതരണത്തിനായി വേണ്ടിവരും. ഇത്തരം അവസ്ഥയിൽ 100 കോടി രൂപ അനുവദിച്ചാലും വളരെ കുറച്ചുപേർക്ക് മാത്രമാവും അതിന്റെ പ്രയോജനം ലഭിക്കുകയെന്നും ചില ക്ഷേമനിധി ഉദ്യോഗസ്ഥർ അറിയിച്ചു. കർഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളായവരുടെ മക്കളുടെ വിവാഹത്തിനായി നൽകിവരുന്ന 10,000 രൂപയുടെ ധനസഹായവും ഏറെ വർഷമായി മുടങ്ങിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

