‘മുരിയൻപച്ച’ ചെടി ജൈവ വൈവിധ്യത്തിന് ഭീഷണി
text_fieldsമുരിയൻപച്ച ചെടി
പാലക്കാട്: പറമ്പുകളിലും വഴിയോരങ്ങളിലും നീലയും വെള്ളയും പൂക്കളുമായി വിരിഞ്ഞുനിൽക്കുന്ന ചെടി ജൈവവൈവിധ്യത്തിന് ഭീഷണിയാകുന്നു. മുരിയൻപച്ച, അപ്പ അല്ലെങ്കിൽ ബില്ലി ഗോട്ട് വീഡ് എന്നൊക്കെ പേരുള്ള അജറാറ്റം കൊക്കനോയിഡെസാണ് വെല്ലുവിളിയാകുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൽ തഴച്ചുവളരുന്ന ഇവ ജൈവമേഖലകളെ എങ്ങനെ വിഴുങ്ങുമെന്ന് തെളിയിക്കുന്ന പഠനം പുറത്തുവന്നിരിക്കുന്നു.
പാലക്കാട് ഗവ. വിക്ടോറിയ കോളജിലെയും കണ്ണൂർ സർവകലാശാലയിലെയും ഗവേഷകരാണ് പഠനം നടത്തിയത്. തെക്കേ അമേരിക്കയിൽനിന്നും മധ്യ അമേരിക്കയിൽ നിന്നുമെത്തിയ ഈ വിദേശി ഇന്ന് ഉഷ്ണമേഖല പ്രദേശങ്ങളിലെല്ലാം തഴച്ചുവളരുകയാണ്. വേഗത്തിലുള്ള വളർച്ചയും വിത്തുൽപാദനവും ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാനുള്ള കഴിവും ഇവയെ അപകടകാരികളാക്കുന്നു.
തദ്ദേശീയസസ്യങ്ങളെ അടിച്ചമർത്തി മണ്ണിലെ പോഷകങ്ങൾ കവർന്നെടുത്ത് സ്വാഭാവിക ആവാസവ്യവസ്ഥയെ ഇവ തകർത്തെറിയുന്നു. കാലാവസ്ഥാ മാറ്റം ഈ വ്യാപനത്തിന് ആക്കം കൂട്ടുന്നുണ്ടോ എന്നതായിരുന്നു ഗവേഷകരായ മായ അമ്മത്തിൽ മനോഹരൻ, ജോസഫ് ജെയിംസ് എറിഞ്ചേരി, സുരേഷ് വീരാൻകുട്ടി എന്നിവരുടെ അന്വേഷണ വിഷയം. ഇതിനായി ബയോമോഡ് ടു എന്ന കമ്പ്യൂട്ടർ അൽഗോരിതം ഉപയോഗിച്ചുള്ള എൻസെംബിൾ സ്പീഷീസ് ഡിസ്ട്രിബ്യൂഷൻ മോഡലിങ് എന്ന നൂതന സാങ്കേതികവിദ്യയാണ് അവർ ഉപയോഗിച്ചത്.
ഭാവിയിൽ ഭൂമിയിലെ താപനിലയും മഴയും എങ്ങനെ മാറുമെന്നതിനെ അടിസ്ഥാനമാക്കി നാല് വ്യത്യസ്ത സാഹചര്യങ്ങളിൽ ഈ സസ്യം എങ്ങനെയൊക്കെ വ്യാപിക്കുമെന്ന് ഗവേഷകർ പരിശോധിച്ചു. ഈ ചെടിയുടെ വ്യാപനത്തെ ഏറ്റവുമധികം സ്വാധീനിക്കുന്നത് മഴയാണ്. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നതും മഴയുടെ സീസണൽ മാറ്റങ്ങളുമാണ് ഇവയുടെ വളർച്ചയെ നിയന്ത്രിക്കുന്നത്. ഭാവിയിൽ ഇന്ത്യയുടെ ജൈവവൈവിധ്യ കലവറകളായ പശ്ചിമഘട്ടത്തിലും ഹിമാലയൻ താഴ്വരകളിലും ഈ അധിനിവേശ സസ്യം പിടിമുറുക്കുമെന്നാണ് പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

