തോട്ടം മേഖലയിലെ തൊഴിലാളികളുടെ ദുരിതം ലോക്സഭയിൽ ഉന്നയിച്ച് എം.പി
text_fieldsഇടുക്കി: തേയിലത്തോട്ടങ്ങൾ നേരിടുന്ന പ്രതിസന്ധിയും തൊഴിലാളികളുടെ ജീവൽ പ്രശ്നങ്ങളും പരിഗണിച്ച് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.
കേരളത്തിൽ 104 തേയില തോട്ടങ്ങൾ ഉണ്ട്. അതിൽ 74ഉം ഇടുക്കി ജില്ലയിലാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന തൊഴിലാളികളുടെ ജീവിത സാഹചര്യം പരിതാപകരമാണ്. ലയങ്ങളുടെ പരിമിതികളും കുടിവെള്ള പ്രശ്നവും ശൗചാലയങ്ങളുടെ അപര്യാപ്തതയും ഉൾെപ്പടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ മാനേജ്മെൻറുകളുടെ ഉത്തരവാദിത്തമാണെങ്കിലും അവർ സാമ്പത്തിക പരിമിതികൾ നിരത്തി പിന്നോട്ടുപോവുകയാണ്. പീരുമേട്ടിൽ 17 തോട്ടങ്ങൾ ഭാഗികമായി മാത്രമാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ കൂലി വിതരണം മുടങ്ങുന്നതും തൊഴിലാളി സമരങ്ങളും പതിവാണ്.
ഈ ഘട്ടത്തിൽ അസമിലും ബംഗാളിലും പ്രഖ്യാപിച്ചതുപോലെ കേന്ദ്ര സർക്കാർ അടിയന്തരമായി 1000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. ജില്ലയിലെ തോട്ടം തൊഴിലാളികളുടെ പ്രതിസന്ധിയും ലയങ്ങളിലെ ദുരിത ജീവിതവും സംബന്ധിച്ച് 'മാധ്യമം' കഴിഞ്ഞമാസം പ്രത്യേക പരമ്പര പ്രസിദ്ധീകരിച്ചിരുന്നു.