മാമ്പഴമാ, മാമ്പഴം, ഒമാനി മാമ്പഴം...
text_fieldsഅൽ അവാബി മാംഗോസ് ഫെസ്റ്റിവലിൽനിന്ന്
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ അൽ അവാബി വിലായത്തിലെ അൽ ആലിയ ഗ്രാമത്തിൽ നടന്ന ‘അൽ അവാബി മാംഗോസ് ഫെസ്റ്റിവലിന്റെ’ ആദ്യ പതിപ്പിന് തിരശ്ശീല വീണു. നിരവധി തദ്ദേശ സ്ഥാപനങ്ങളുടെയും കർഷകരുടെയും സഹകരണത്തോടെ തെക്കൻ ബാത്തിന ഗവർണറുടെ ഓഫിസാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഒമാനി മാമ്പഴത്തെ ഉയർത്തിക്കാട്ടുന്നതിനും ഗ്രാമത്തിന്റെയും പ്രദേശത്തിന്റെയും കാർഷിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിപാടി.
ഉയർന്ന നിലവാരമുള്ള മാമ്പഴ ഇനങ്ങളുടെ സമൃദ്ധമായ വിളവിന് പേരുകേട്ട സ്ഥലമാണ് അൽ ആലിയ ഗ്രാമം. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ആകർഷിക്കുന്ന വൈവിധ്യമാർന്ന സാംസ്കാരിക, കാർഷിക, വിനോദ പരിപാടികൾ മേളയിൽ ഉൾപ്പെട്ടിരുന്നു. പ്രാദേശിക കാർഷിക ഉൽപന്നങ്ങളും പരമ്പരാഗത കരകൗശല വസ്തുക്കളും പ്രദർശിപ്പിച്ച മാർക്കറ്റ് കോർണർ, യുവാക്കളുടെ സംരംഭങ്ങളും പദ്ധതികളും പ്രദർശിപ്പിച്ച ഗ്രാമീണ സംരംഭകത്വ കോർണർ, കൃഷിയുടെ തത്ത്വങ്ങളും പ്രാധാന്യവും കുട്ടികളെ പഠിപ്പിക്കുന്ന ചെറുകിട കർഷക കോർണർ, സാംസ്കാരിക, കലാ, വിനോദ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന സംവേദനാത്മക നാടക കോർണർ എന്നിവ ഇതിൽ ശ്രദ്ധേയമായിരുന്നു.
മാമ്പഴ കൃഷിയെയും പരിചരണ രീതികളെയും കുറിച്ചുള്ള അവബോധ പ്രഭാഷണം, മരങ്ങളിൽ നിന്ന് നേരിട്ട് പഴങ്ങൾ പറിച്ചെടുക്കുന്നതിന്റെ അനുഭവം, അൽ ആലിയ ഗ്രാമത്തിന്റെ ലാൻഡ്മാർക്കുകൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ടൂറുകൾ, വിനോദ മത്സരങ്ങൾ എന്നിവയും മേളയിൽ ഉൾപ്പെടുത്തിയിരുന്നു. മാമ്പഴത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു ശാസ്ത്രീയ വിജ്ഞാനകോശം ഒമാൻ തയാറാക്കിയിട്ടുണ്ട്. മാമ്പഴ കൃഷിയോടുള്ള ഒമാന്റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണിത്. ആഗോളതലത്തിൽതന്നെ ഇത്തരത്തിലുള്ള വിജ്ഞാനകോശം ആദ്യത്തേതാണ്.
അന്തരിച്ച സുൽത്താൻ ഖാബൂസിന്റെ രാജകീയ നിർദേശപ്രകാരം 2005ൽ കമീഷൻ ചെയ്ത ഈ വിജ്ഞാനകോശം പൂർത്തിയാക്കാൻ ഏകദേശം ഒരു ദശാബ്ദമെടുത്തു. 2016ൽ അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിൽ ഇത് ആരംഭിച്ചു. ആഗോളതലത്തിൽ ഉപയോഗിക്കാവുന്ന ഒരു ഇലക്ട്രോണിക് പതിപ്പും ഇതിൽ ലഭ്യമാണ്. 65 രാജ്യങ്ങളിലെ മാമ്പഴ കൃഷിയെ കുറിച്ചുള്ള വിവരങ്ങൾ വിജ്ഞാനകോശത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ഒമാനി മാമ്പഴ ഇനങ്ങളെ സംരക്ഷിക്കുന്നതിനും കാർഷിക കീടങ്ങളെ ചെറുക്കുന്നതിനും ഉൽപാദനത്തിൽ ലവണാംശത്തിന്റെ ഫലങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ഒരു സുപ്രധാന ശാസ്ത്രീയ റഫറൻസായും ഇത് ഉപയോഗിച്ച് വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

