കാപ്പിക്കുരു വിളവെടുപ്പ് തുടങ്ങി, പക്ഷേ വിളവെടുക്കാൻ ആളെക്കിട്ടാനില്ല
text_fieldsകട്ടപ്പന: ഹൈറേഞ്ചിൽ കാപ്പിക്കുരു വിളവെടുപ്പ് ആരംഭിച്ചെങ്കിലും ആവശ്യത്തിന് തൊഴിലാളികളെ കിട്ടാതെ കർഷകർ വലയുന്നു. യഥാസമയം വിളവെടുത്തില്ലെകിൽ കാപ്പി പഴുത്തുവീണു വിളവ് ഇല്ലാതാകും. ഹൈറേഞ്ചിൽ കാപ്പിക്കുരു വിളവെടുപ്പ് ഡിസംബർ മുതൽ മാർച്ച് വരെയാണ്. കാലാവസ്ഥ വ്യതിയാനം മൂലം ഈ വർഷം വിളവെടുപ്പ് നേരത്തെ ആരംഭിച്ചു.
ഒട്ടു മിക്ക തോട്ടങ്ങളിലും കാപ്പിക്കുരു പഴുക്കാൻ ആരംഭിച്ചിട്ടുണ്ട്. അതിനാൽ കിട്ടുന്നത്ര തൊഴിലാളികളെ വെച്ചു വിളവെടുക്കാനാണ് കർഷകർ ശ്രമിക്കുന്നത്. എന്നാൽ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കുന്നില്ല. അന്യ സംസ്ഥാന തൊഴിലാളികൾക്കും ക്ഷാമമാണ്. നാട്ടുകാരായ തൊഴിലാളികളെ ഉപയോഗിച്ചു വിളവെടുക്കാനാണ് കർഷകർക്ക് താൽപര്യം.
കാപ്പിക്കുരു അധികം നഷ്ടപ്പെടുത്താതെ കുറഞ്ഞ സമയത്തിനുള്ളിൽ വിളവെടുക്കാൻ നാട്ടു തൊഴിലാളികളാണ് മിടുക്കർ. ഇവർക്ക് 900-1000 രൂപയെങ്കിലും കൂലി കൊടുക്കണം. മുമ്പ് തമിഴ്നാട്ടിൽ നിന്ന് ധാരാളം തൊഴിലാളികൾ എത്തിയിരുന്നു. ഇവർക്ക് 500 600 രൂപ കൂലി മതിയായിരുന്നു. ഇപ്പോൾ തമിഴ് തൊഴിലാളികൾ കുറവാണ്. ഉള്ളവരാകട്ടെ കുറേക്കൂടി എളുപ്പമുള്ള ഏലത്തിന്റെ പണികൾക്ക് പോകാനാണ് ഇഷ്ടപ്പെടുന്നത്. ഏലം വിളവെടുപ്പിന് പോയാൽ ഓവർടൈം ജോലി ലഭിക്കുന്നതും ആകർഷണമാണ്. ഓവർ ടൈം ജോലിക്ക് ഓരോ മണിക്കൂറിനും 100 രൂപ അധികം ലഭിക്കും.
വന്യമൃഗ ശല്യം വെല്ലുവിളി
കാപ്പിക്കുരു വിളവെടുപ്പിന് പണിക്കിറങ്ങാൻ മിക്ക തൊഴിലാളികൾക്കും ഭയമാണ്. കാപ്പിത്തോട്ടത്തിൽ പുലി, ആന, കടുവ തുടങ്ങിയ ജീവികളുടെ സാന്നിധ്യം അധികരിച്ചതും ഇതിനു കാരണമാണ്. കാപ്പിത്തോട്ടങ്ങളിൽ കർഷകരും പണിക്കാരും വല്ലപ്പോഴുമാണ് എത്തുന്നത്. ഇതു മൂലം കടുവ, പുലി തുടങ്ങിയ ജീവികൾക്ക് മറ്റു ശ്യല്യമില്ലാതെ വിലസാൻ കഴിയും.
വിലയിൽ വൻ ഇടിവ്
മൂന്നു മാസത്തിനിടെ കാപ്പിക്കുരു വിലയിൽ കുത്തനെ ഇടിവുണ്ടായി. റോബസ്റ്റ കാപ്പിക്കുരുവിന് 240 രൂപയായിരുന്നത് പുതു വർഷത്തിൽ 189 രൂപയായും കാപ്പി പരിപ്പിന് രണ്ടുമാസം മുമ്പ് ഉണ്ടായിരുന്ന 450 രൂപ 374 രൂപയായുമാണ് കുറഞ്ഞത്. 2021 ഡിസംബറിൽ കാപ്പിക്കുരുവിന് 80 രൂപയും പരിപ്പിന് 140 രൂപയുമായിരുന്നു. 2022ൽ കാപ്പിക്കുരു വില 93 രൂപയും പരിപ്പ് വില 175 രൂപയുമായി. 2024ൽ കാപ്പിക്കുരു വില 222 രൂപയും പരിപ്പിനു വില 395 രൂപയുമായി.
ജില്ലയിൽ കാപ്പി കൃഷി ചെയ്യു ന്ന 150 ഓളം വൻകിട എസ്റ്റേറ്റു കളും ഇരുപതിനായിരത്തോളം ചെറുകിട കർഷകരുമാണുള്ളത്. സീസണിൽ ഒറ്റത്തവണ ലഭിക്കുന്ന വിളവ് ആശ്രയിച്ചു കഴിയുന്ന ഇവരുടെ ദുരിതത്തിന് വർഷങ്ങളായി മാറ്റമില്ല. ദിവസം 800 രൂപയിലധികം കൂലി നൽകിയാലേ തൊഴിലാളികളെ ലഭിക്കൂ. എല്ലാ സമയത്തും പണി ഇല്ലാത്തതിനാൽ ചെറുകിട കർഷകരുടെ തോട്ടങ്ങളിൽ തൊഴിലാളികളെ ലഭ്യമാകാനും ബുദ്ധിമുട്ടാണ്.
രണ്ടു വർഷം മുമ്പ് കർഷകരും തൊഴിലാളികളും കാപ്പിക്കുരു വിളവെടുപ്പിന് പകുതി പകുതി എന്ന രീതി സ്വീകരിച്ചിരുന്നു. ഒരു ദിവസം വിളവെടുക്കുന്ന കാപ്പിക്കുരു തൊഴിലാളിയും കർഷകനും പകുതി വീതം പങ്കിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

