തൊഴിലാളി ക്ഷാമം; കാപ്പി വിളവെടുപ്പ് നടത്താനാകാതെ കർഷകർ
text_fieldsമേപ്പാടി: തൊഴിലാളി ക്ഷാമം രൂക്ഷമായത് കാരണം കാപ്പി വിളവെടുപ്പ് നടത്താൻ കഴിയാതെ കർഷകർ പ്രതിസന്ധിയിൽ. മേപ്പാടി മേഖലയിൽ നിരവധി കർഷകരാണ് ദുരിതത്തിലായിരിക്കുന്നത്. വിളവെടുപ്പ് താമസിക്കുന്നതിലൂടെ പഴുത്ത കാപ്പി ഉണങ്ങി വീഴുന്ന അവസ്ഥയാണ്.
ചെറുകിട, ഇടത്തരം കർഷകരാണ് പ്രതിസന്ധി നേരിടുന്നത്. അപൂർവമായി മാത്രം ആദിവാസി വിഭാഗത്തിൽപ്പെട്ട ഏതാനും പേർ ചിലയിടങ്ങളിൽ ജോലിക്ക് വരുന്നുണ്ട് എന്നതൊഴിച്ചാൽ ഭൂരിഭാഗം കർഷകരും തൊഴിലാളികളെ കിട്ടാത്തതിനാൽ വിളവെടുപ്പ് നടത്താൻ കഴിയാതെ വിഷമിക്കുകയാണ്.
ചില വലിയ തോട്ടങ്ങളിൽ അതിഥി തൊഴിലാളികൾ കുടുംബസമേതം ജോലി ചെയ്യുന്നുണ്ട്. വിപണിയിൽ കാപ്പിക്ക് ഭേദപ്പെട്ട വിലയുള്ള സമയത്താണ് കൃഷിക്കാരൂടെ ഈ നിസ്സഹായാവസ്ഥ.
ഒരു കിലോ പച്ചക്കാപ്പി പറിക്കുന്നതിന് നാട്ടിൽ ആറുരൂപയും ആറര രൂപയും കൂലി നൽക്കുമ്പോൾ ചില വലിയ കച്ചവടക്കാർ ഏഴും ഏഴരയും കൂലി കൊടുക്കാൻ തയ്യാറാകുന്നു. ഈ സാഹചര്യവും ചെറുകിട ഇടത്തരം കർഷകർക്ക് ഭീഷണി ഉയർത്തുന്നുവെന്നാണ് കർഷകർ പറയുന്നത്.
കൂടുതൽ കൂലി ലഭിക്കുന്നിടത്തേക്ക് തൊഴിലാളികൾ പോകുന്നു. ഇതു ചെറുകിട കർഷകരുടെ കാപ്പി വിളവെടുക്കാൻ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയിലേക്കെത്തിക്കും.
ഇന്ത്യയിൽ കാപ്പി ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്താണ് വയനാട്. 70,000 ത്തോളം കർഷകർ വയനാട്ടിൽ കാപ്പി പ്രധാന വരുമാനമാക്കി ജീവിക്കുന്നവരാണ്.
കാപ്പിയുടെ ഉണക്കം കുറഞ്ഞാൽ ഗുണത്തെയും വിലയെയും ബാധിക്കും -കോഫി ബോർഡ്
കൽപറ്റ: കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വയനാട്ടിൽ തണുപ്പ് കൂടിയിട്ടുണ്ട്. അതിനാൽ കൂടുതൽ ഉണക്ക് കിട്ടിയില്ലെങ്കിൽ കാപ്പിയുടെ ഗുണനിലവാരത്തെയും വിലയെയും ബാധിക്കുമെന്ന് കോഫി ബോർഡിന്റെ മുന്നറിയിപ്പ് . അന്താരാഷ്ട്ര മാർക്കറ്റിൽ ഏറ്റവും ഡിമാൻഡുള്ള വയനാടൻ റോബസ്റ്റ കാപ്പിക്ക് ചുരുങ്ങിയത് 12 ദിവസമെങ്കിലും ഉണക്ക് ആവശ്യമാണെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
സിമന്റ് ചെയ്തതോ ഇന്റർലോക്ക് പാകിയതോ ആയ കളങ്ങളിൽ ഉണക്കണമെന്നും നിർദേശമുണ്ട്. വർഷങ്ങളുടെ മുന്നൊരുക്കം കൊണ്ട് കഴിഞ്ഞ വർഷങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ വയനാടൻ റോബസ്റ്റ കാപ്പിയുടെ രുചിയും ഗുണമേന്മയും വർധിച്ചിരുന്നു. ഇത് വില ഉയരാനും അന്താരാഷ്ട്രതലത്തിൽ ഡിമാൻഡ് വർധിക്കാനും കാരണമായി. ഇത്തവണ കഴിഞ്ഞ വർഷത്തെക്കാൾ ഉൽപാദനം കൂടുതലുണ്ട്.
തൊഴിലാളി ക്ഷാമം ഉള്ളതിനാൽ നന്നായി പഴുത്ത കാപ്പിയും അതോടൊപ്പം പച്ച കാപ്പിയും ഒരുമിച്ച് പറിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.പഴുത്ത കാപ്പി മാത്രം ആദ്യം പറിച്ചെടുക്കുകയും രണ്ടാംഘട്ടത്തിൽ പച്ചക്കുരു പഴുത്തതിനുശേഷം പറിച്ചെടുക്കുകയുമാണ് ചെയ്യേണ്ടത്.
ഏതെങ്കിലും തരത്തിൽ ഒരുമിച്ച് പറിക്കേണ്ട സാഹചര്യം ഉണ്ടായാൽ ഉണക്കുന്നതിന് മുമ്പ് പച്ചക്കാപ്പി വേർതിരിക്കണം. നന്നായി പഴുത്ത കാപ്പി വേർതിരിച്ച് 12 മുതൽ 15 ദിവസം വരെ നല്ല കളങ്ങളിൽ ഇട്ട് ഉണക്കണം. കാപ്പിയിലെ ജലാംശം 10 ശതമാനത്തിൽ കൂടാതിരിക്കുമ്പോഴാണ് നല്ല ഗുണനിലവാരം ലഭിക്കുന്നത്. ഉണക്കിയ കാപ്പി സ്റ്റോറിൽ സൂക്ഷിക്കുന്നതിലും ശ്രദ്ധ വേണം. ഉണക്ക് കുറഞ്ഞാലും സൂക്ഷിക്കുന്ന സ്ഥലത്ത് ഈർപ്പം ഉണ്ടായാലും ഫംഗസ് ബാധക്ക് സാധ്യതയുണ്ട്. ഇങ്ങനെ ഫംഗസ് ബാധ വന്നു കഴിഞ്ഞാൽ രുചിയെയും ഗുണനിലവാരത്തെയും വിലയേയും സാരമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

