പത്തായം നിറക്കാൻ കോട്ടയത്ത് ഇനി ‘പാലക്കാടൻ’ കൃഷി
text_fieldsപാലക്കാടൻ കൃഷിരീതിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി കോട്ടയം ചെങ്ങളം പുതുക്കാട് അമ്പതേക്കർ പാടശേഖരത്തിൽ നിലമൊരുക്കുന്ന കർഷകത്തൊഴിലാളി
കോട്ടയം: പാലക്കാടൻ കൃഷി രീതി പരീക്ഷിക്കാൻ കോട്ടയത്ത് നിലമൊരുങ്ങുന്നു. ചെങ്ങളം പുതുക്കാട് അമ്പതേക്കർ പാടശേഖരത്തിലാണ് പരീക്ഷണം. ‘പാലക്കാടൻ’ കൃഷിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച കൃഷിമന്ത്രി പി. പ്രസാദ് നിർവഹിക്കും. മന്ത്രി വി.എൻ. വാസവനും പങ്കെടുക്കും.
തിരുവാർപ്പ് പഞ്ചായത്തും കൃഷി ഭവനും മുൻകൈയെടുത്താണ് ഞാറ് പറിച്ചുനടുന്ന പാലക്കാട്ടെ കർഷകസംഘത്തെ അപ്പർകുട്ടനാടൻ മേഖലയിലേക്ക് എത്തിക്കുന്നത്. വിത്തിനടക്കം ഏക്കറിന് പതിനായിരം രൂപ വീതമാണ് ചെലവ്. ഇതിൽ 4,000 രൂപ കർഷകരും ബാക്കി 6,000 രൂപ കൃഷിഭവനും നൽകും.
പാലക്കാട്ട് കരഭൂമിയിൽ പാകി കിളിർപ്പിച്ച ഞാറ്, ഇവർ വാഹനത്തിൽ ചെങ്ങളത്ത് എത്തിക്കും. തുടർന്ന് യന്ത്രം ഉപയോഗിച്ച് പാടത്ത് ഞാറ് നടും. 28 കർഷകരുടെ ഉടമസ്ഥതയിലുള്ള അമ്പതേക്കർ വരുന്ന പുതുക്കാട് പാടശേഖരത്തിലെ ഞാറ് നടീൽ നാലുദിവസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉമ വിത്താണ് ഉപയോഗിക്കുന്നത്.
ജില്ലയിൽ പൊതുവേ പാടത്ത് വിത്ത് വിതച്ചായിരുന്നു കൃഷി. നെൽ ചെടികൾ തമ്മിൽ അകലമില്ലാത്തതും കൂട്ടമായി വളരുന്നതും ഇതിന്റെ പോരായ്മയായിരുന്നു. എന്നാൽ, പുതിയ രീതിയിൽ ഞാറുകൾ പറിച്ച് നടുമ്പോൾ കൃത്യമായ അകലം ഉറപ്പാക്കാൻ കഴിയും. ഇതിലൂടെ കാറ്റും ലഭിക്കും.
രോഗബാധ കുറയാനും ഉൽപാദനം കൂടാനും ഇത് ഇടയാക്കുമെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കതിരിന് ഉയരക്കൂടുതലുണ്ടാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അപ്പർ കുട്ടനാടൻ മേഖലയിൽ ഒറ്റപ്പെട്ട ചെറിയ പാടശേഖരങ്ങളിൽ നേരത്തെ സമാനരീതിയിൽ കൃഷിയിറക്കിയിരുന്നെങ്കിലും വിപുലമായ തോതിൽ ആദ്യമായിട്ടാണ് പറിച്ചുനടീൽ രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

