സാമൂഹിക നെയ്ത്ത് കേന്ദ്രങ്ങള്‍ അഞ്ച് മാസമായി അടച്ചിട്ട നിലയിൽ
text_fieldsകാലടി: കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷന്റെ കീഴിലുള്ള സാമൂഹിക നെയ്ത്ത് കേന്ദ്രങ്ങള്‍ കഴിഞ്ഞ അഞ്ച് മാസമായി അടച്ചുപൂട്ടിയ നിലയിൽ. മെയിന്‍ ഡിപ്പോകളും സബ് ഡിപ്പോകളും വര്‍ഷങ്ങള്‍ക്കു മുമ്പേ അടച്ചുപൂട്ടിയിരുന്നു. സാമൂഹിക നെയ്ത്ത് കേന്ദ്രങ്ങളെയാണ് പിന്നീട് പരമ്പരാഗത നെയ്ത്ത് തൊഴിലാളികൾ ആശ്രയിച്ച് വന്നിരുന്നത്. എന്നാൽ, സാമൂഹിക നെയ്ത്ത് കേന്ദ്രങ്ങളില്‍ ഈറ്റ ഇല്ലാതെ തൊഴിലാളികള്‍ പട്ടിണിയിലാണ്. വനത്തില്‍ ഇപ്പോഴും ഈറ്റവെട്ട് നടക്കുന്നുണ്ട്. നാല് ലോഡ് ഈറ്റയാണ് കഴിഞ്ഞയാഴ്ച മെയിന്‍ ഡിപ്പോയില്‍ ഇറക്കിയത്. ഇങ്ങനെ വെട്ടിയെടുക്കുന്ന ലോഡ് കണക്കിന് ഈറ്റ വ്യാജ വിലാസത്തില്‍ തമിഴ്നാട്ടിലെ വന്‍കിടക്കാര്‍ക്ക് അധികൃതർ വിൽക്കുന്നതായി തൊഴിലാളികൾ ആരോപിക്കുന്നു. കോർപറേഷൻ ആസ്ഥാന കാര്യാലയത്തിൽ ലോറിക്ക് കൊണ്ടുവരുന്ന ആയിരക്കണക്കിന് കെട്ട് ഈറ്റ അർധരാത്രിയിൽ മൂടിക്കെട്ടിയ ലോറിയിലാണ് കടത്തുന്നത്.
കേരള വനത്തില്‍നിന്ന് മുറിച്ചെടുക്കുന്ന ഈറ്റ സംസ്ഥാനത്തിന് പുറത്ത് കൊണ്ടുപോകാൻ നിയമം അനുവദിക്കുന്നില്ലെങ്കിലും കോർപറേഷൻ അധികൃതർ നടത്തുന്ന ഈ കുറ്റകൃത്യത്തിനെതിരെ അന്വേഷണം നടത്താൻ വനം വകുപ്പും വ്യവസായ വകുപ്പും തയാറാകണമെന്ന ആവശ്യം ഉയരുന്നുണ്ട്.
തൊഴിലാളികളുടെ 55 മാസത്തെ ഡി.എ കുടിശ്ശിക വിതരണം ചെയ്യാൻ നടപടി സ്വീകരിക്കാത്തതും തൊഴിലാളികളുടെ മൂന്നുമാസത്തെ നെയ്ത്തുകൂലി ഓണക്കാലത്തുപോലും വിതരണം ചെയ്യാൻ സാധിക്കാത്തതുമായ കോർപറേഷൻ ചെയർമാൻ ടി.കെ. മോഹനൻ തൽസ്ഥാനം രാജിവെച്ചൊഴിയാൻ തയാറാകണമെന്ന് കാലടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
അടച്ചുപൂട്ടിയ സാമൂഹിക നെയ്ത്ത് കേന്ദ്രങ്ങളിൽ ഈറ്റ ലഭ്യമാക്കി തുറന്ന് പ്രവര്‍ത്തിപ്പിക്കാൻ സര്‍ക്കാര്‍തല ഇടപെടൽ ഉടൻ ഉണ്ടാകണമെന്നും റോജി എം. ജോൺ എം.എല്‍.എ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സെബി കിടങ്ങേൻ, പ്രസിഡന്റ് റെന്നി പാപ്പച്ചൻ തുടങ്ങിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

