മുതലമട മാമ്പഴം ആഗോള വിപണിയിലേക്ക്; കൃഷിവകുപ്പിനു കീഴിൽ സമഗ്രപദ്ധതിക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ
text_fieldsമുതലമട: കേരളത്തിന് സ്വന്തമായ മുതലമട മാമ്പഴം ആഗോള വിപണിയിലെത്തിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. മാമ്പഴകൃഷിക്ക് അനുയോജ്യവും സമഗ്രവുമായ ഒരു ഇക്കോസിസ്റ്റം രൂപവത്കരിക്കാൻ ഉടൻ നടപടിയാകുമെന്നും കൃഷിമന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. മുതലമട ചുള്ളിയാർമേട്ടിലെ മാമ്പഴ കർഷകരുമായി നടത്തിയ സംവദിക്കുകയായിരുന്നു മന്ത്രി. മുതലമടയിലെ കർഷകരുമായി നേരിട്ട് ചർച്ച നടത്തി കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ പദ്ധതിക്കായുള്ള നടപടികൾ സ്വീകരിക്കുക.
പദ്ധതിയുമായി ബന്ധപ്പെട്ട കരടുരേഖ രണ്ടു മാസത്തിനകം തയാറാക്കാൻ കേരള കാർഷിക സർവകലാശാലയിലെ വിദഗ്ധരെ മന്ത്രി ചുമതലപ്പെടുത്തും. ഗവേഷണ കേന്ദ്രം, മൂല്യവർധിത ഉൽപന്നങ്ങളുടെ പ്ലാന്റ്, കോൾഡ് സ്റ്റോറേജ്, പൾപ്പ് ഡിവിഷൻ തുടങ്ങിയവ ഉൾപ്പെടുന്ന ഇക്കോസിസ്റ്റമായിരിക്കും ഒരുക്കുക. ജലലഭ്യതയും ജലസേചന സംവിധാനങ്ങളും മാപ്പ് ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കൃഷിവകുപ്പും ജലസേചന വകുപ്പും സംയുക്തമായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
മുതലമടയിലെ കൃഷിയിടങ്ങളുടെ ജിയോ മാപ്പിങ് നടത്താനും പ്രത്യേക ഡ്രൈവിലൂടെ മണ്ണുപരിശോധന പൂർത്തിയാക്കി മുതലമടയ്ക്കായി പ്രത്യേക സോയിൽ ടെസ്റ്റിങ് രജിസ്ട്രി തയാറാക്കാനും പ്രിൻസിപ്പൽ കൃഷി ഓഫിസർക്ക് മന്ത്രി നിർദേശം നൽകി. മുതലമട മാങ്ങയ്ക്ക് സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര എക്സ്പോർട്ടേഴ്സ് സമ്മിറ്റിൽ പ്രത്യേക വിപണന സൗകര്യം ഒരുക്കാനും തീരുമാനമായി. കാരിഫോർ, വാൾമാർട്ട്, ലുലു, നെസ്റ്റോ തുടങ്ങിയ ആഗോള വിപണിയിലെ പ്രമുഖ സംരംഭകരും കയറ്റുമതിക്കാരും സമ്മിറ്റിൽ പങ്കെടുക്കും.
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന മുതലമട കേരളത്തിലെ 'മാമ്പഴ ഗ്രാമം' എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും ആദ്യം മാമ്പഴം വിളവെടുക്കുന്ന പ്രദേശങ്ങളിൽ ഒന്നാണിത്. ബംഗന പള്ളി, ചക്കരക്കുട്ടി, ചന്ദ്രക്കാരന്‍ തുടങ്ങി 50 ഓളം ഇനം മാങ്ങകള്‍ മുതലമടയിലെ മാങ്കോ സിറ്റിയിലുണ്ട്. 6000 ഹെക്ടറോളം സ്ഥലത്ത് രണ്ടായിരത്തോളം കര്‍ഷകരാണ് മാങ്കോ സിറ്റിയിലുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

